Skip to main content

പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ചാലക ശക്തിയായി ബ്ലോക്ക് പഞ്ചായത്തുകൾ മാറണം: മന്ത്രി എം.ബി. രാജേഷ്

 

പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ചാലക ശക്തിയായി ബ്ലോക്ക് പഞ്ചായത്തുകൾ മാറണമെന്ന് മന്ത്രി എം.ബി. രാജേഷ്. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ബ്ലോക്ക് പഞ്ചായത്തുകളുടെ ചുമതല സംബന്ധിച്ച് കേരളത്തിൽ ഒരു ഘട്ടത്തിൽ ചർച്ചകൾ നടന്നിരുന്നു. കേരളത്തിൽ നഗര ഗ്രാമ വ്യത്യാസം ഏറെക്കുറെ ഇല്ലാത്ത സ്ഥിതിയാണ്. ത്രിതല സംവിധാനം കേരളത്തിൽ ആവശ്യമുണ്ടോ എന്ന ചർച്ച 90 കളിൽ തന്നെ തുടങ്ങി. ഇപ്പോൾ നിരവധി കാര്യങ്ങൾ ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലയാണ്. കൂടുതൽ കാര്യങ്ങൾ ബ്ലോക്ക് പഞ്ചായത്തിനെ ഏൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ചാലക ശക്തിയായി ബ്ലോക്ക് പഞ്ചായത്തുകൾ മാറുക എന്ന ദൗത്യമാണ് സർക്കാർ ഏൽപ്പിക്കുന്നത്. പ്രത്യേകിച്ച് വൈജ്ഞാനിക മേഖലയിലെ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രധാന ശക്തിയായി ബ്ലോക്ക് പഞ്ചായത്തിനെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം. കേരളത്തെ വൈജ്ഞാനിക സമൂഹം ആക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. സംരംഭകത്വം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളും ഇതോടൊപ്പം വിപുലമായി നടക്കുന്നു. ഈ പ്രവർത്തനങ്ങളിലെല്ലാം മുഖ്യ പങ്ക് വഹിക്കേണ്ടത് ബ്ലോക്ക് പഞ്ചായത്ത് ആണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ഗുണപരമായ വലിയ മാറ്റം കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

സംരംഭകത്വം വളർത്തുക, തൊഴിലവസരം സൃഷ്ടിക്കുക, വരുമാനം ഉണ്ടാക്കുക അതുവഴി പ്രാദേശിക വികസനം എൻജിനായി പ്രവർത്തിക്കുക എന്നത് തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതിൽ നേതൃത്വപരമായ പങ്കുവഹിക്കേണ്ടത് ബ്ലോക്ക് പഞ്ചായത്ത് ആണ്. സംരംഭക വർഷം പദ്ധതിയുടെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കാൻ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കഴിയണം. വൈപ്പിൻ മണ്ഡലത്തിൽ നടപ്പാക്കിയ ഡിജിറ്റൽ ലൈബ്രറി തൻ്റെ മണ്ഡലത്തിലും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്കിൽ മാലിന്യ സംസ്കരണത്തിനായി റിസോഴ്സ് റിക്കവറി ഫെസിലിറ്റി ജനുവരിയിൽ ആരംഭിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിന് മന്ത്രി നിർദേശം നൽകി.

കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എസ് ശർമ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തുളസി സോമൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ജി ഡോണോ, എം ബി ഷൈനി, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ സാജിത്ത്, പുഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. നിബിൻ, പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് രമണി അജയൻ,  ഞാറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുബോധ ഷാജി, ഇ.കെ. ജയൻ, ജിജി വിൻസൻ്റ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷെന്നി ഫ്രാൻസിസ്,  സുജ വിനോദ്, ഇ.പി. ഷിബു, ശാന്തിനി പ്രസാദ്, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തംഗം വർഷ ഹരീഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ കെ.ജെ. ജോയ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലോറൻസ് അൻ്റോണിയ അൽമേഡ,
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date