Skip to main content

പെരുമ്പാവൂർ ബൈപാസ് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

പെരുമ്പാവൂർ ബൈപാസ് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബൈപാസ്  ഒന്നാംഘട്ടത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

 

301 കോടി രൂപയുടെ പദ്ധതിയാണ് പെരുമ്പാവൂർ ബൈപാസ്. പദ്ധതി പൂർത്തീകരിക്കുന്നതിന് എല്ലാ മാസവും പ്രത്യേക അവലോകനം നടത്തും. ജനസാന്ദ്രതയേറിയ കേരളത്തിലെ അതിവേഗ നഗരവത്ക്കരണം ഗതാഗത പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇതു പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു വരികയാണ്. നഗരറോഡ് വികസന പദ്ധതി, ഫ്ളൈ ഓവർ, ജംഗ്ഷൻ നവീകരണം തുടങ്ങിയ പദ്ധതികൾ ഇതിൻ്റെ ഭാഗമാണ്. തടസമില്ലാത്ത റോഡ് ശൃംഖലയ്ക്ക് രൂപം നൽകുകയാണ് ലക്ഷ്യം. ഇതിന് അനുസൃതമായ പദ്ധതികൾ പെരുമ്പാവൂരിലും നടത്തി വരികയാണ്. നിരത്ത് വിഭാഗത്തിൽ മാത്രം 41.85 കോടി രൂപയുടെ പദ്ധതികൾ ഇവിടെ പൂർത്തിയാക്കി. 20.29 കോടിയുടെ പദ്ധതികൾക്ക് കൂടി അനുമതി നൽകിയിട്ടുണ്ട്. കിഫ്ബി വഴി 12.68 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി. പാലങ്ങളുടെ വിഭാഗത്തിൽ 27 കോടിയുടെ മൂന്ന് പദ്ധതികൾ പൂർത്തിയാക്കി. 39.12 കോടി നാല് പദ്ധതികൾ പുരോഗമിക്കുന്നു. വികസനകാര്യത്തിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

 

ബൈപാസിനായി സ്ഥലം വിട്ടുനൽകിയ ഭൂ ഉടമകളെ ചടങ്ങിൽ ആദരിച്ചു. വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ പൗലോസ് തേപ്പാലയെ മന്ത്രി ആദരിച്ചു. തോമസ് വട്ടോപ്പിള്ളി വരച്ച ചിത്രം മന്ത്രിക്ക് സമ്മാനിച്ചു. 

 

ഏഴു മാസത്തിനകം ബൈപാസ് നിർമ്മാണം പൂർത്തിയാക്കാനാകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എൽദോസ് പി കുന്നപ്പിള്ളിൽ എം എൽ എ പറഞ്ഞു.

എം എൽ എ മാരായ റോജി എം. ജോൺ, അൻവർ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ എ.ടി. അജിത് കുമാർ, അൻവർ അലി, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ എൻ പി അജയകുമാർ, പി പി അവറാച്ചൻ, മായ കൃഷ്ണകുമാർ, ടി.എൻ. മിഥുൻ, ഷിഹാബ് പള്ളിക്കൽ, ഷിജി ഷാജി, ശില്പ സുധീഷ്, നഗരസഭ കൗൺസിലർമാരായ ടി എം സക്കീർ ഹുസൈൻ, അഭിലാഷ് പുതിയേടത്ത്, മുൻ എംഎൽഎ സാജു പോൾ, രാഷ്ട്രീയ കക്ഷി നേതാക്കളായ സിഎം അബ്ദുൽ കരീം, ഷാജി സലീം, അഡ്വ . രമേശ് ചന്ദ്, സുബേർ ഓണമ്പിള്ളി, ബാബു ജോസഫ്, പി അനിൽകുമാർ , ജോർജ് കിഴക്കുമശേരി, ടിപി അബ്ദുൽ അസീസ്, പോൾ വർഗീസ്, എൻ ഒ ജോർജ്, വി ബി മോഹനൻ, ജോസ് നെറ്റിക്കാടൻ, ആർ ബിഡി സി കെ ജനറൽ മാനേജർ ടി. എസ്. സിന്ധു, സീനിയർ മാനേജർ മൊഹ്സീൻ ബക്കർ തുടങ്ങിയവർ പങ്കെടുത്തു.

 

 

*പെരുമ്പാവൂരിലെ കുരുക്കഴിയും*

 

പെരുമ്പാവൂർ പട്ടണത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന്  ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2016 ലാണ്  ബൈപാസിന് തുക  വകയിരുത്തിയത്. മരുത് കവലയിൽ നിന്ന് തുടങ്ങി എം.സി റോഡ്, പി.പി റോഡ് എന്നിവ കടന്ന്  പാലക്കാട്ട് താഴത്ത് അവസാനിക്കുന്ന വിധത്തിൽ

നാല് കിലോമീറ്റർ ദൂരത്തിൽ രണ്ട് ഘട്ടങ്ങളായാണ് പദ്ധതിയുടെ രൂപകൽപ്പന.

 

ആലുവ മൂന്നാർ റോഡിലെ മരുതുകവല മുതൽ  പഴയ എം സി റോഡ് വരെയുള്ള ഒന്നാംഘട്ടത്തിൽ ഒന്നര കിലോമീറ്റർ ദൂരമാണുള്ളത്. പഴയ എം സി റോഡ് മുതൽ പാലക്കാട്ടു താഴം വരെയാണ് രണ്ടാംഘട്ടം. ആദ്യഘട്ടത്തിന് 134 കോടി രൂപയുടെ അനുമതിയാണ് കിഫ്ബി നൽകിയിരിക്കുന്നത്. 

 

റോഡ്സ് ആൻ്റ് ബ്രിഡ്ജസ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ ഓഫ് കേരള  (ആർ ബി ഡി സി കെ) യ്ക്കാണ് 

നിർമ്മാണചുമതല. 

 

ഒന്നാംഘട്ട നിർമ്മാണത്തിനായി പെരുമ്പാവൂർ വില്ലേജിൽപ്പെട്ട 63 ഭൂ ഉടമകളിൽ നിന്നുമായി 2.74 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് 21.6 3 കോടി രൂപ ചെലവഴിച്ചു.

 

മരുത് കവല മുതൽ ഓൾഡ് മൂവാറ്റുപുഴ റോഡ് വട്ടക്കാട്ടുപടി വരെയുള്ള മേഖലയിലാണ് ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.  ഒന്നാം ഘട്ട നിർമ്മാണത്തിന് നിർമ്മാണ കരാർ 25.04 കോടി രൂപയ്ക്ക് ഒപ്പു വച്ചിട്ടുള്ളത്.

 

നിർദിഷ്ട പെരുമ്പാവൂർ ബൈപാസ്  ഒന്നാം ഘട്ടത്തിന് 1.03 കിലോമീറ്റർ നീളവും 25 മീറ്റർ വീതിയിലുമാണ് നിർമ്മിക്കുന്നത് .

18 മീറ്റർ ടാറിങ് വീതി നൽകിയിരിക്കുന്നതിനാൽ നാലുവരി പാതയാണ് ഡിസൈൻ ചെയ്തിരിക്കുന്നത് .ഇരുവശങ്ങളിലായി ഫുട്പാത്തും ഡ്രെയിനേജ് സൗകര്യവും നൽകിയിട്ടുണ്ട്.

      

രണ്ടാം ഘട്ടത്തിനായി മാത്രം 170.53 കോടി രൂപ പദ്ധതി എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായി വരും. സ്ഥലം ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. പെരുമ്പാവൂർ, വെങ്ങോല, മാറമ്പിള്ളി വില്ലേജുകളിലാണ് പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത്. നാലു  വരി പാതയായി നിർമ്മാണം പൂർത്തികരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

 

പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത് കിറ്റ്‌കോയാണ്. ബൈപ്പാസിന്റെ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കൽ പ്രാരംഭ നടപടികൾ ആരംഭിച്ചു.

 

രണ്ടാംഘട്ട പ്രവർത്തനവുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പഠനത്തിന് രാജഗിരി കോളേജ് ഓഫ് എൻജിനീയറിങ്ങിന് കോളേജിനെ തെരഞ്ഞെടുത്തു. സർവേ കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കാനുണ്ട്.

date