Skip to main content

കിടരോഗികള്‍ക്ക് സ്‌നേഹസാന്ത്വനമേകാന്‍  മികച്ച പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് 

 

    സാന്ത്വനചികിത്സാ രംഗത്ത് മികച്ച കാല്‍വെയ്പ്പുകളുമായി ജില്ലാ പഞ്ചായത്ത്.  സ്‌നേഹം, സ്‌നേഹസ്പര്‍ശം എന്നീ പേരുകളില്‍ പാലിയേറ്റീവ് കെയര്‍ രംഗത്തും മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുമായി രണ്ട് പ്രധാന  പദ്ധതികള്‍ക്ക് ഇന്ന് തുടക്കമാവുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു പറഞ്ഞു.  
    പോക്കറ്റ് മണിയില്‍ നിന്ന് മാസത്തില്‍ ഒരു രൂപ നല്‍കി അവശരായ രോഗികളെ സഹായിക്കുന്നതിനുള്ള  സ്‌നേഹം മധുരം പദ്ധതി വിദ്യാര്‍ത്ഥികള്‍ക്കായി വിഭാവനം ചെയ്തിട്ടുണ്ട്.  ഈ പദ്ധതിയും ഇന്ന്   നിലവില്‍ വരും.  സൊസൈറ്റി ഉദ്ഘാടനവും സ്‌നേഹസ്പര്‍ശം സ്‌കോളര്‍ഷിപ്പ് വിതരണവും ഇന്ന് (ഡിസംബര്‍ 12) ഉച്ചക്ക് മൂന്നിന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുമെന്നും  ജില്ലാ പഞ്ചായത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു
    .   സ്‌നേഹസ്പര്‍ശം സ്‌കോളര്‍ഷിപ്പിന്റെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.  ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് നല്‍കി വരുന്ന ട്രൈ സ്‌കൂട്ടര്‍ വിതരണ പദ്ധതിയുടെ ഭാഗമായി 90 സ്‌കൂട്ടറുകള്‍ ഇന്ന് വിതരണം ചെയ്യും.   ട്രൈ സ്‌കൂട്ടര്‍ വിതരണ പദ്ധതി ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയും    സ്‌നേഹം മധുരം പദ്ധതി കെ. മുരളീധരന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്യും.
    സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു തദ്ദേശസ്വയംഭരണസ്ഥാപനം ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ച് ഈ രംഗത്ത് പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.  ആസന്ന മരണാവസ്ഥയിലുള്ള രോഗികള്‍ക്ക് വേണ്ടുന്ന സാന്ത്വന ചികിത്സകള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമാണ് സ്‌നേഹം മെഡിക്കല്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി മുന്‍ഗണന നല്‍കുക.  ഇതിന്റെ ഭാഗമായി ജില്ലയിലെ 11 ആശുപത്രികളില്‍ പ്രത്യേക പാലിയേറ്റീവ് കെയര്‍ വാര്‍ഡ് തയ്യാറാക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായി ഒരുക്കുന്ന വാര്‍ഡുകളിലോരോന്നിലും അഞ്ചുപേരെ വീതം പ്രവേശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
    പ്രത്യേക റാമ്പ്, ടോയ്‌ലെറ്റുകള്‍, എയര്‍ ബെഡ്, കട്ടിലുകള്‍ തുടങ്ങിയ ആധുനികവും മികച്ചതുമായ സൗകര്യങ്ങള്‍ വാര്‍ഡുകളിലൊരുക്കും.  പാലിയേറ്റീവ് കെയര്‍ പരിശീലനം നല്‍കിയ നഴ്‌സുമാരുടെ സേവനമാണ് ഇവിടെ ലഭ്യമാക്കുക.  ഇതിനായി പേരൂര്‍ക്കട ആശുപത്രിയില്‍ പരിശീലന സൗകര്യമൊരുക്കിയിട്ടുണ്ട്.  നെടുമങ്ങാട്, നെയ്യാറ്റിന്‍കര,  വര്‍ക്കല, പേരൂര്‍ക്കട ജില്ലാ ആശുപത്രികളിലും ജനറല്‍, ഫോര്‍ട്ട്,  ജില്ലാ ഹോമിയോ  ആശുപത്രികളിലും പാലോട്, വിതുര, ചിറയിന്‍കീഴ്. പാറശ്ശാല എന്നീ താലൂക്ക് ആശുപത്രികളിലും വാര്‍ഡുകള്‍ സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
    ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തനം കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.  പ്രതിമാസം 250 രൂപ നല്‍കി മെമ്പര്‍ഷിപ്പെടുത്ത് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കാളികളാകാം.
     ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പിന്നാക്ക, തീരദേശ, മലയോരമേഖലകളിലെ കിടരോഗ പരിചരണത്തിനും, രക്ത- അവയവദാന പ്രവര്‍ത്തനങ്ങള്‍ എന്നീ രംഗങ്ങളിലും സൊസൈറ്റി  പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കും.
    ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി നടപ്പാക്കുന്ന സ്‌നേഹ സ്പര്‍ശം പദ്ധതി  മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായുള്ളതാണ്. ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട 2368 കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപ സ്‌കോളര്‍ഷിപ്പും പ്രതിവര്‍ഷം  2500 രൂപ യൂണിഫോം അലവന്‍സും ലഭ്യമാക്കും. ജില്ലയില്‍ ഇതാദ്യമായാണ് സര്‍ക്കാര്‍ മാര്‍ഗ രേഖ പ്രകാരമുള്ള മുഴുവന്‍ തുകയും സ്‌കോളര്‍ഷിപ്പായി വിതരണം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.  
     ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍   മേയര്‍ വി.കെ പ്രശാന്ത് മുഖ്യാതിഥി ആയിരിക്കും.  എം.പി മാരായ ഡോ. എ സമ്പത്ത്, ഡോ. ശശിതരൂര്‍, എം.എല്‍.എ മാരായ വി.എസ് ശിവകുമാര്‍, ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 
    പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി സുഭാഷ്. വി, ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍മാന്‍ വി. രഞ്ജിത് തുടങ്ങിയവര്‍ സംബന്ധിച്ചു
     
 

date