Skip to main content

ജില്ലാ ക്ഷീര കർഷക സംഗമം ഡിസംബർ 14,15  തീയതികളിൽ മുഹമ്മയിൽ 

 

 

ആലപ്പുഴ: ജില്ലാ ക്ഷീരകർഷക സംഗമം ഡിസംബർ 14, 15 തീയതികളിൽ മുഹമ്മ ആര്യക്കര ഗൗരി നന്ദനം ഓഡിറ്റോറിയത്തിൽ നടക്കും. 15ന് രാവിലെ 11 ന് നടക്കുന്ന ക്ഷീര കർഷകരുടെ സമ്മേളനം ക്ഷീരവികസന -മൃഗസംരക്ഷണ-വനം വകുപ്പു മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും.

ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ  അധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാൽ എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലയിലെ മികച്ച ക്ഷീര കർഷകനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ആദരിക്കും. മികച്ച ക്ഷീര വികസന യൂണിറ്റുകൾക്കുള്ള പുരസ്‌കാരം, ക്ഷേമനിധി ധനസഹായ വിതരണം, ഫെസിലിറ്റേഷൻ സെന്ററിനുള്ള ധനസഹായ വിതരണം, ഡയറി സോൺ ധനസഹായ വിതരണം, കൂടുതൽ പാൽ അളന്ന കർഷകർ, മികച്ച വനിത കർഷക, മികച്ച പട്ടിക ജാതി വിഭാഗം കർഷകൻ എന്നിവരെ ആദരിക്കൽ കൂടുതൽ പാൽ സംഭരിച്ച ആപ്‌കോസ് സംഘം, പരമ്പരാഗത സംഘം, ഗുണ നിലവാരമുള്ള പാൽ സംഭരിച്ച സംഘം, മികച്ച പുൽകൃഷിത്തോട്ടം എന്നിവയ്ക്കുള്ള അവാർഡ്  ദാനം എന്നിവയും ചടങ്ങിൽ നടക്കും. 

ക്ഷീര വികസന വകുപ്പ് ഡയറക്ടർ എബ്രഹാം റ്റി .ജോസഫ്, ക്ഷീര കർഷക ക്ഷേമ നിധി ചെയർമാൻ അഡ്വ.  എൻ. രാജൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എസ്. ഗീത, റ്റി.ആർ.സി.എം.പി.യു. ചെയർമാൻ കല്ലട രമേശ്, ജന പ്രതിനിധികളായ അഡ്വ. ഷീന സനൽകുമാർ, തോമസ് ജോസഫ്, ഐസക് മാടവന, സിനിമോൾ സോമൻ, ജെ. ജയലാൽ, അഡ്വ.കെ.ടി. മാത്യു തങ്കമണി ഗോപിനാഥ്, കവിത ഹരിദാസ്, ഇന്ദിര തിലകൻ തുടങ്ങിയവർ പങ്കെടുക്കും. ഡെപ്യൂട്ടി ഡയറക്ടർ കെ.ജി. ശ്രീലത റിപ്പോർട്ടവതരിപ്പിക്കും.  രാവിലെ ഒമ്പതിന് നടക്കുന്ന ക്ഷീര വികസന സെമിനാറിൽ ജോയിന്റ് ഡയറക്ടർ ഐസക് തയ്യിൽ, അസിസ്റ്റന്റ് ഡയറക്ടർ ആർ. അനീഷ് കുമാർ വിഷയം അവതരിക്കും. 14 ന് രാവിലെ 8.30 മുതൽ കന്നുകാലി -കന്നുകുട്ടി പ്രദർശന മത്സരം, പശുക്കളുടെ വന്ധ്യതാ പരിശോധന ക്യാമ്പ്, ക്ഷീര പ്രശ്‌നോത്തരി, ഉദ്യോഗസ്ഥരും സഹകാരികളും പങ്കെടുക്കുന്ന കലാപരിപാടികൾ  എന്നിവ ഉണ്ടായിരിക്കും. 

 

(പി.എൻ.എ.3010/17)

 

 

ചിത്ര-ശില്പ കലാകാരന്മാർക്ക്  

ഇൻഷുറൻസ് പരിരക്ഷ

 

ആലപ്പുഴ: ചിത്ര-ശില്പകലാ രംഗത്ത് പ്രവർത്തിക്കുന്ന 18നും 50നും മധ്യേ പ്രായമുള്ള കലാകാരന്മാർക്ക് കേരള ലളിതകലാ അക്കാദമി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. അക്കാദമിയുടെ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത കലാകാരന്മാർക്കും പരിരക്ഷ ലഭിക്കും. ആദ്യഘട്ടമെന്ന നിലയിൽ യോഗ്യരായ 500 കലാകാരന്മാരെയാണ് പരിഗണിക്കുക. അപേക്ഷകർ ഈ മേഖലയിൽ പ്രവർത്തിക്കുന്നതിന്റെ രേഖകൾ, ബയോഡേറ്റ, ആധാറിന്റെ പകർപ്പ്,  വയസ് തെളിയിക്കുന്ന രേഖ, ബാങ്ക് അക്കൗണ്ട്(ഐ.എഫ്.എസ്.സി കോഡ് സഹിതം) പാസ്ബുക്കിന്റെ ആദ്യപേജിന്റെ പകർപ്പ്, ജാതി തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജനുവരി അഞ്ചിനകം 10 രൂപ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യണം. സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കലാകാരന്മാരും മുമ്പ് അപേക്ഷിച്ച കലാകാരന്മാരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷഫോറം അക്കാദമിയുടെ വെബ്‌സൈറ്റിലും അക്കാദമി ഗ്യാലറികളിലും ലഭിക്കും. തപാലിൽ വേണ്ടവർ സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂർ-20 എന്ന വിലാസത്തിൽ സ്റ്റാഫ് ഒട്ടിച്ച കവർ സഹിതം അപേക്ഷിക്കണം. 

 

 (പി.എൻ.എ.3011/17)

 

വിവേകാനന്ദ സ്പർശം: 

ആലോചനായോഗം ഇന്ന്

 

ആലപ്പുഴ:  നവോത്ഥാനത്തിന് നാന്ദികുറിച്ച് സ്വാമി വിവേകാനന്ദൻ കേരളം  സന്ദർശിച്ചതിന്റെ 125-ാം വാർഷികം 'വിവേകാനന്ദ സ്പർശം' എന്ന പേരിൽ സംസ്ഥാന സർക്കാർ ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനയോഗം ഇന്ന് (ഡിസംബർ 13) ഉച്ചകഴിഞ്ഞ് 2.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലാ കളക്ടർ ടി.വി. അനുപമ, സംസ്ഥാനചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ദീപ ഡി. നായർ എന്നിവർ പങ്കെടുക്കും.

 

//അവസാനിച്ചു//

date