Skip to main content

കിളിമാനൂര്‍ ശുദ്ധജല പദ്ധതിക്ക് നാളെ (ഡിസംബര്‍ 18) തുടക്കം

 

    * മുഖ്യമന്ത്രി വൈകിട്ട് ആറിന് ഉദ്ഘാടനം ചെയ്യും
    * ഒരു ലക്ഷം പേര്‍ക്ക് ശുദ്ധജലം ലഭ്യമാകും

    തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍, പഴയകുന്നുമ്മേല്‍, മടവൂര്‍ പഞ്ചായത്ത് നിവാസികള്‍ക്ക് ആശ്വാസത്തിന്റെ തെളിനീരുറവയായി, ഇരട്ടച്ചിറയില്‍ നിര്‍മിച്ച ശുദ്ധജലവിതരണ പദ്ധതി നാളെ (ഡിസംബര്‍ 18) പ്രവര്‍ത്തിച്ചു തുടങ്ങും.  കുടിവെള്ള പദ്ധതിക്കായുള്ള പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വിരാമമിടുന്നത്.
    വാമനപുരം നദി സ്രോതസ്സാക്കി അത്യന്താധുനിക രീതിയിലുള്ള ശാസ്ത്രീയ സംവിധാനങ്ങളിലൂടെ വിവിധ ഘട്ടങ്ങളില്‍ ജലം ശുദ്ധീകരിച്ചാണ് സംസ്ഥാന ജലവിഭവ വകുപ്പ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് ആറ്റിങ്ങല്‍ എം.എല്‍.എ ബി.സത്യന്‍ പറഞ്ഞു.  ഒരു ലക്ഷത്തില്‍പ്പരം ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്ന പദ്ധതി, സംസ്ഥാന പ്ലാന്‍ സ്‌കീമില്‍ ലഭിച്ച 31 കോടി രൂപ ചെലവഴിച്ചാണ് നടപ്പാക്കിയിട്ടുള്ളതെന്നും അദ്ദേഹം  അറിയിച്ചു.
    വെള്ളം ശേഖരിക്കുന്നിടം മുതല്‍ വിതരണം വരെയുള്ള ഓരോഘട്ടത്തിലും നിരവധിയായ ശുചീകരണ പ്രക്രിയകളിലൂടെയും വിശദമായ ശാസ്ത്രീയ പരിശോധനയിലൂടെയുമാണ് ഗുണമേന്മ ഉറപ്പുവരുത്തുന്നത്.  ഇതിലേയ്ക്കായി എല്ലാ സജ്ജീകരണങ്ങളുമുള്ള ലബോറട്ടറിയും ശുദ്ധീകരണശാലയില്‍ ഒരുക്കിയിട്ടുണ്ട്.  ഓരോന്നിനും പ്രതേ്യകം ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
    ശുദ്ധജലം അല്‍പ്പവും നഷ്ടമാകാതെ വിതരണം നടത്തുന്നതിനായി കുറ്റമറ്റ ശാസ്ത്രീയ മാര്‍ഗങ്ങളും അവലംബിച്ചിട്ടുണ്ട്.  കിളിമാനൂര്‍ പഞ്ചായത്തില്‍ 58 കിലോമീറ്ററും പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ 40 കിലോമീറ്ററും മടവൂര്‍ പഞ്ചായത്തില്‍ 12 കിലോമീറ്ററും നീളത്തില്‍ വിവിധ വ്യാസത്തിലുള്ള വിതരണശൃംഖലകള്‍ സ്ഥാപിച്ചിട്ടുണ്ട്.  കൂടാതെ പള്ളിക്കല്‍, മടവൂര്‍ പഞ്ചായത്തുകള്‍ക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 കിലോമീറ്റര്‍ നീളത്തില്‍ മടവൂര്‍ പഞ്ചായത്തില്‍ വിതരണസംവിധാനവും ഏര്‍െപ്പടുത്തിയിട്ടുണ്ട്.
    പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് ആറിന് കിളിമാനൂര്‍ ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.  ജലവിഭവ മന്ത്രി മാത്യു ടി. തോമസ് അധ്യക്ഷനാകുന്ന ചടങ്ങില്‍ എം.എല്‍.എമാരായ ബി. സത്യന്‍, വി. ജോയി, എ. സമ്പത്ത് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ത്രിതല പഞ്ചായത്തംഗങ്ങള്‍, ജലവിഭവ വകുപ്പ് മാനേജിങ് ഡയറക്ടര്‍ എ. ഷൈനമോള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date