Skip to main content

ജില്ലയിലെ പാൽ ഉൽപാദനത്തിൽ 7.5 ശതമാനം  വർധന: മന്ത്രി അഡ്വ. കെ. രാജു

 

ആലപ്പുഴ: ക്ഷീരമേഖലയെ സജീവമാക്കാൻ സാധിച്ചതിലൂടെ ജില്ലയിലെ പാൽ ഉൽപാദനത്തിൽ ഏഴര ശതമാനം വർദ്ധനവുണ്ടായതായി ക്ഷീരവികസന-മൃഗസംരക്ഷണ-വനം വകുപ്പു മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ക്ഷീരവികസന വകുപ്പ് മുഹമ്മയിൽ സംഘടിപ്പിച്ച ജില്ലാ ക്ഷീരകർഷക സംഗമം  ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മ നോർത്ത് ക്ഷീരസംഘം ഫെസിലിറ്റേഷൻ  സെന്ററിലെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മിൽമയുമായി ചേർന്ന് ക്ഷീരവികസന വകുപ്പ് നടപ്പാക്കി വരുന്ന വിവിധ പദ്ധതികളുടെ വിജയമാണ് ഉൽപാദന വർധനവിലൂടെ വെളിപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിദിനം 4.75 ലിറ്റർ പാലാണ് ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്നത്. ദിനംപ്രതി 5.50 ലക്ഷം ലിറ്റർ പാലാണ് ജില്ലയിൽ ആവശ്യമുള്ളത്. ഈ കുറവ് പരിഹരിക്കുന്നതിന്  നിലവിൽ ഉള്ള പദ്ധതിക്കു പുറമേ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലും കഞ്ഞിക്കുഴി, മാവേലിക്കര, മുതുകുളം, ഭരണിക്കാവ് ബ്ലോക്കുകളിൽ 1.76 കോടി രൂപയുടെ ഡയറി സോൺ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേതായി  8.24 കോടി രൂപയുടെ പദ്ധതികളും നടന്നു വരികയാണ്. അടുത്ത ഒരു വർഷത്തിനകം പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടാൻ ജില്ലയിൽ ആകുമെന്ന് അദ്ദേഹം പറഞ്ഞു. 

 

ആര്യക്കര ഗൗരി നന്ദനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ക്ഷീര സംഗമം ഉദ്ഘാടനവും ദേശീയ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ഭാഗ്യലക്ഷ്മിയെ ആദരിക്കലും കെ.സി. വേണുഗോപാൽ എം.പി. നിർവഹിച്ചു. മുഹമ്മ വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ.എസ്. കമലാസനൻ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടർ കെ.ജി. ശ്രീലത റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലയിലെ മികച്ച കർഷകനെ ആദരിക്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ക്ഷീര യൂണിറ്റുകൾക്കുള്ള പുരസ്‌കാര വിതരണം വികസന വകുപ്പ് ഡയറക്ടർ എബ്രഹാം റ്റി. ജോസഫും  ക്ഷീര കർഷക ക്ഷേമനിധി ധനസഹായ വിതരണം ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. രാജനും നിർവഹിച്ചു. ഏറ്റവും ഗുണനിലവാരമുള്ള പാൽ സംഭരിച്ച ക്ഷീര കർഷകനുള്ള അവാർഡ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. ഷീന സനൽകുമാറും ജില്ലയിലെ മികച്ച പുൽകൃഷി തോട്ടത്തിനുള്ള അവാർഡ് ചേർത്തല മുൻസിപ്പൽ ചെയർമാൻ ഐസക് മാടവനയും ഫെസിലിറ്റേഷൻ ധനസഹായ വിതരണം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സിനിമോൾ സോമനും നിർവഹിച്ചു. ഏറ്റവും കൂടുതൽ സംഭരണ വർധന നേടിയ സംഘത്തെ കെ.സി.എം.എം.എഫ്. മിൽമ ഡയറക്ടർ  കരുമാടി മുരളി ആദരിച്ചു. എം.എസ്.ഡി.പി. ധനസഹായ വിതരണം റ്റി.ആർ.സി.എം.പി. ഡയറക്ടർ യു.എസ്. സദാശിവനും ക്ഷീര സംഘങ്ങളിലൂടെയുള്ള വൈക്കോൽ ധനസഹായ വിതരണം  റ്റി.ആർ.സി.എം.പി.യു. ഡയറക്ടർ  വി.വി. വിശ്വനും  നിർവഹിച്ചു. കന്നുകാലി -കന്നുകുട്ടി പ്രദർശന മത്സര വിജയികൾക്കുള്ള സമ്മാനദാനം  ജനപ്രതിനിധി വി.എം. സുഗാന്ധി  നിർവഹിച്ചു. 

(പി.എൻ.എ.3040/17)

 

കോഷൻ ഡിപ്പോസിറ്റ് വിതരണം

 

ആലപ്പുഴ: ഗവൺമെന്റ് മുഹമ്മദൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 2014-16, 2015-17 അധ്യയന വർഷങ്ങളിലെ കോഷൻ ഡെപ്പോസിറ്റ് ഡിസംബർ 22നകം കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

 

(പി.എൻ.എ.3041/17)

 

date