Skip to main content
കരിങ്ങാലി നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം ചിറ്റിലപ്പാടം നാ ഥനടി കളത്തിന് സമീപം വിത്തെറിഞ്ഞ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ നിര്‍വഹിക്കുന്നു.

ജലസംരക്ഷണത്തിനും ഭക്ഷ്യസുരക്ഷയ്ക്കും നെല്‍കൃഷി പുനരുജ്ജീവനം  അനിവാര്യം - മന്ത്രി വി.എസ്.സുനില്‍കുമാര്‍

 

ജലസംരക്ഷണത്തിനും ഭക്ഷ്യസുരക്ഷയ്ക്കും നെല്‍കൃഷി പുനരുജ്ജീവനം അനിവാ   ര്യമാണെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പന്തളം ബ്ലോക്കിലെ ചിറ്റിലപ്പാടുത്തുള്ള നാഥനടി കളത്തിന് സമീപം കരിങ്ങാലി നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 22460 ഏക്കര്‍ സ്ഥലം കൃഷിയോഗ്യമാക്കി. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ തരിശുകിടക്കുന്ന എല്ലാ നെല്‍പ്പാടങ്ങളും കൃഷിയോഗ്യമാക്കുകയാണ് ലക്ഷ്യം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കരിങ്ങാലി പുഞ്ചയിലെ നെല്‍കൃഷി പുനരുജ്ജീവനത്തിന് ആവശ്യമായ തുക സര്‍ക്കാര്‍ അനുവദിച്ചുകഴിഞ്ഞു. രണ്ട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന നെല്‍കൃഷി പുനരുജ്ജീവനം ഏകോപിപ്പിക്കുന്നതിനായി കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം.ശോശാമ്മയെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്.  

ആറന്മുളയില്‍ കഴിഞ്ഞ വര്‍ഷം 105 ഹെക്ടറിലാണ് കൃഷിയിറക്കിയത്. ഈ വര്‍ഷം ഇത് 250 ഹെക്ടറിലേക്ക് വ്യാപിപ്പിക്കും. ആറന്മുളയിലെ മിച്ചഭൂമി സംബന്ധിച്ച വിഷയത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയൂ. നിയമപരമായ ബാധ്യതകള്‍ പാലിക്കേണ്ട സ്ഥലത്ത് എല്ലാ ചട്ടങ്ങളും പാലിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ ചിലപ്പോള്‍ സമയമെടുക്കും. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ മെല്ലെപ്പോകുന്നു എന്ന ആരോപണത്തിന് യാതൊരു കഴമ്പുമില്ല. നെല്‍കൃഷി വ്യാപിപ്പിക്കുക, മിച്ചഭൂമി ഏറ്റെടുക്കുക തുടങ്ങിയ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് പിന്നോട്ട് പോവുകയില്ല. 

കഴിഞ്ഞ വര്‍ഷം നെല്‍കൃഷി പുനരുജ്ജീവനം നടപ്പാക്കിയ 16 പ്രദേശങ്ങളില്‍ നിന്ന് ലഭിച്ച നെല്ല് അതത് സ്ഥലങ്ങളില്‍ തന്നെ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിച്ചു. ജില്ലയില്‍ തന്നെ ആറന്മുള ബ്രാന്‍ഡ്, ഇരവിപേരൂര്‍ റൈസ് എന്നിവ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞു. കരിങ്ങാലി, മാവര പാടശേഖരങ്ങളിലെ 90 ഹെക്ടറിലാണ് ഈ വര്‍ഷം പുതുതായി കൃഷിയിറക്കുന്നത്. മുമ്പ് കൃഷിയിറക്കിയിരുന്നത് ഉള്‍പ്പെടെ 262 ഹെക്ടറിലാണ് കൃഷിയിറക്കുന്നത്. കരിങ്ങാലി, മാവര പുഞ്ചകളില്‍ നിന്നും ലഭിക്കുന്ന നെല്ല് പ്രത്യേകമായി ബ്രാന്‍ഡ്  ചെയ്ത് കുടുംബശ്രീ വഴിയോ, പാടശേഖര സമിതികള്‍ വഴിയോ വിപണനം ചെയ്യുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നെല്‍വയലുകളുടെ വിസ്തൃതി മൂന്ന് ലക്ഷം ഹെക്‌റിലേക്ക് വ്യാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കൃഷി പുനരുജ്ജീവനത്തില്‍ കര്‍ഷകരുടെയും പൊതുജനങ്ങളുടെയും രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും സഹകരണം അത്യാവശ്യമാണ്. കൃഷി പുനരുജ്ജീവനം നാടിന്റെ മുഖച്ഛായ മാറ്റുമെന്നതിനാല്‍ ഇതിനായി ഭിന്നതകള്‍ മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പ്രയത്‌നിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. 

ചടങ്ങില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പന്തളം നഗരസഭാധ്യക്ഷ റ്റി.കെ.സതി, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.ആര്‍.വിജയകുമാര്‍, സുനിതാ വേണു, ആനി ജോണ്‍, രാധാരാമചന്ദ്രന്‍, മഞ്ജു വിശ്വനാഥ്, എ.രാമന്‍, പന്തളം മഹേഷ്, സ്വാഗത സംഘം ചെയര്‍മാന്‍ എ.പി.ജയന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷൈല ജോസഫ്, കരിങ്ങാലി പുഞ്ച സ്‌പെഷ്യല്‍ ഓഫീസര്‍ കെ.എം.ശോശാമ്മ, ചിറ്റിലപ്പാടം പാ ടശേഖര സമിതി പ്രസിഡന്റ് ഭാസ്‌കരന്‍, സെക്രട്ടറി സി.ആര്‍.സുകുമാരപിള്ള, മഞ്ഞിനാംകുളം പാടശേഖര സമിതി സെക്രട്ടറി സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date