Skip to main content

പ്ലാസ്റ്റിക് കാരി ബാഗ്: ജനകീയ റെയ്ഡുകള്‍ നടത്തും

ജില്ലയില്‍ പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 31നകം ജില്ലയില്‍ മുഴുവന്‍ ജനകീയ റെയ്ഡുകള്‍ സംഘടിപ്പിക്കാന്‍ ഹരിതകേരളം ജില്ലാ മിഷന്‍ യോഗം തീരുമാനിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പോലിസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇത്തരം റെയ്ഡുകള്‍ നടത്താന്‍ തദ്ദേശ സ്ഥാപന തലത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ ആവശ്യപ്പെട്ടു. നിയമം ലംഘിച്ച് പ്ലാസ്റ്റിക് സഞ്ചിയില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നത് തുടരുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും യോഗത്തില്‍ തീരുമാനമായി. 
ചില വകുപ്പുകള്‍ നടത്തുന്ന ഔദ്യോഗികപരിപാടികളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും ഡിസ്‌പോസബ്ള്‍ ഗ്ലാസ്സുകളും ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ജില്ലാമിഷന്‍ യോഗത്തില്‍ ആരോപണമുയര്‍ന്നു. ഇക്കാര്യത്തില്‍ വകുപ്പ് മേധാവികള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശം നല്‍കി.
ഹരിതകേരളം മിഷന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം നടപ്പാക്കുന്ന ശുചിത്വ-മാലിന്യനിര്‍മാര്‍ജന-ജലസംരക്ഷണ പദ്ധതികളുടെ വിശദവിവര റിപ്പോര്‍ട്ട് (ഡി.പി.ആര്‍) ഉടന്‍ തയ്യാറാക്കി നല്‍കണം. ശേഖരിച്ച പ്ലാസ്റ്റിക് സഞ്ചികള്‍ താല്‍ക്കാലികമായി സൂക്ഷിക്കുന്നതിനുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ എല്ലാ പഞ്ചായത്തുകളിലും ഉണ്ടെന്ന് ഉറപ്പുവരുത്തണം. പഞ്ചായത്തുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ പൊടിക്കുന്നതിന് ബ്ലോക്ക് തലത്തിലും മുനിസിപ്പല്‍-കോര്‍പറേഷന്‍ തലങ്ങളിലും റിസോഴ്‌സ് റിക്കവറി സെന്ററുകളുടെ നിര്‍മാണം ബാക്കിയുള്ള സ്ഥലങ്ങളില്‍ ഉടന്‍ പൂര്‍ത്തീകരിക്കണം. പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂനിറ്റ്, അവ അടുക്കിവയ്ക്കുന്നതിനുള്ള ബെയ്‌ലിംഗ് യൂനിറ്റ്, കുറച്ചുനാളത്തേക്ക് സൂക്ഷിച്ചുവയ്ക്കാനുള്ള സംവിധാനം എന്നിവ അടങ്ങിയതാണ് റിസോഴ്‌സ് റിക്കവറി സെന്റര്‍. ഇവയുടെ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രമേ അത് കൊണ്ടുപോകുവാന്‍ ക്ലീന്‍ കേരള കമ്പനിയുമായി കരാറുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ജില്ലാകലക്ടര്‍ പറഞ്ഞു. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ഷ്രെഡ്ഡിംഗ് യൂനിറ്റില്‍ പൊടിച്ച പ്ലാസ്റ്റിക് ജില്ലയിലെ റോഡ് നിര്‍മാണത്തിന് ഉപയോഗിച്ച് തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. 
ജില്ലയില്‍ ഹരിതകേരളം പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിനും നിലവിലെ പുരോഗതി വിലയിരുത്തുന്നതിനുമായി ഡിസംബര്‍ 28ന് രാവിലെ 10.30ന് അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ മിഷന്‍ തീരുമാനിച്ചു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വകുപ്പുമേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

date