Skip to main content

സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി  മുഴപ്പിലങ്ങാട് ബീച്ച് സെന്‍ട്രല്‍ പാര്‍ക്ക്   

 സംസ്ഥാനത്തെ തന്നെ മികച്ച ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട്ട് ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി ഡി.ടി.പി.സി. ബീച്ചിനോടനുബന്ധിച്ചുള്ള സെന്‍ട്രല്‍ പാര്‍ക്ക് നവീകരിച്ചതോടെ കുടുംബസമേതം ബീച്ചിലെത്തുന്നവര്‍ക്ക് വിശ്രമിക്കാനും സന്ധ്യാസൗന്ദര്യം ആസ്വദിക്കാനും നല്ല സൗകര്യങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. 
    നവീകരണത്തിന്റെ ഭാഗമായി ആവശ്യത്തിന് ഇരിപ്പിടങ്ങള്‍, ശുചിമുറികള്‍, കഫ്റ്റീരിയ, തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയതോടൊപ്പം പാര്‍ക്കില്‍ വൈകി സമയം ചെലവഴിക്കുന്നവര്‍ക്കായി വിളക്കുകള്‍ വച്ചുപിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇതിനു പുറമെ, കുട്ടികള്‍ക്ക് കളിക്കാനും ഉല്ലസിക്കാനുമുള്ള സംവിധാനങ്ങളോടു കൂടിയ ചില്‍ഡ്രന്‍സ് പാര്‍ക്കും സജ്ജമാക്കിയിട്ടുണ്ട്.
    നേരത്തേ ഡ്രൈവ് ഇന്‍ ബീച്ചില്‍ വാഹന സവാരി മാത്രം ലക്ഷ്യമാക്കിയായിരുന്നു മുഴപ്പിലങ്ങാട്ടേക്ക് സന്ദര്‍ശകരെത്തിയിരുന്നത്. എന്നാല്‍ പുതിയ നവീകരണ പ്രവൃത്തികള്‍  പൂര്‍ത്തിയായതോടെ കുടുംബ സമേതം സായാഹ്നങ്ങള്‍ ആസ്വദിക്കാനെത്തുന്നവരെ കൂടി ഇവിടേക്ക് കൂടുതലായി ആകര്‍ഷിക്കാനാവുന്നു. കാറ്റാടി മരങ്ങളെ തഴുകിയെത്തുന്ന തണുത്ത കാറ്റും അസ്തമയ സൂര്യന്റെ ചുവപ്പില്‍ കുളിച്ച കടലിന്റെ സൗന്ദര്യവും വേണ്ടുവോളം ആസ്വദിക്കാന്‍ അവസരം നല്‍കി ഏറെ വൈകിയാണ് പാര്‍ക്ക് അടയ്ക്കുകയെന്ന സവിശേഷതയുമുണ്ട്. 
    മുഴപ്പിലങ്ങാട് ബീച്ചിലെ ക്വാഡ് ബൈക്കുകളാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന ഘടകം. ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്നതും രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്നതുമായി ക്വാഡ് ബൈക്കുകള്‍ വാടകയ്‌ക്കെടുക്കാന്‍ പാര്‍ക്കിന്റെ പ്രവേശന കവാടത്തില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. നാലു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഡബിള്‍ സീറ്ററിന് 400 രൂപയും സിങ്കിള്‍ സീറ്ററിന് 250 രൂപയുമാണ് വാടക. സെന്‍ട്രല്‍ പാര്‍ക്കില്‍ പ്രവേശനം സൗജന്യമാണ്. 
    കഴിഞ്ഞ മാസം ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ ഇവിടെ നടത്തിയ ബീച്ച് മാരത്തണ്‍ മുഴപ്പിലങ്ങാട് ബീച്ചിന്റെ പ്രശസ്തി പുറംനാടുകളിലെത്തിക്കാന്‍ സഹായകമായിട്ടുണ്ട്. വന്‍ ജനപങ്കാളിത്തമായിരുന്നു പരിപാടിക്ക് ലഭിച്ചത്. 
പി എന്‍ സി/4848/2017

date