Skip to main content

ജനറൽ ആശുപത്രിയിൽ 15 ലക്ഷം രൂപയുടെ എയ്‌റോബിൻ സ്ഥാപിക്കും 

 

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ മാലിന്യം സുരക്ഷിതമായി സംസ്‌കരിക്കുന്നതിന് നഗരസഭ 15 ലക്ഷം രൂപ ചെലവിൽ എയ്‌റോബിൻ സ്ഥാപിക്കുമെന്ന് മുനിസപ്പൽ ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. ആശുപത്രി വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പാലിറ്റി ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ച്  പദ്ധതി നടപ്പാക്കുന്നതിന് നഗരസഭ തീരുമാനമെടുത്തിട്ടുണ്ട്.കൂട്ടിരിപ്പുകാർക്കായി ഓരോ ബെഡ്ഡിനോടും ചേർന്ന് ഓരോ സ്റ്റുളുകൾ വീതം  മുനിസിപ്പാലിറ്റി ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം രണ്ടു ഷിഫ്റ്റാക്കും. നിലവിൽ  ഒരു ഷിഫ്റ്റാണ് പ്രവർത്തിക്കുന്നത്. കൃത്രിമകാലുകൾ നിർമ്മിച്ചു നൽകുന്നതിനുള്ള ഫീസിൽ 25 ശതമാനം കുറവ് ഏർപ്പെടുത്തും. പരീക്ഷണാടിസ്ഥാനത്തിൽ ആറുമാസത്തേക്ക് കുറവ് അനുവദിക്കുക.സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ കാന്റീൻ ആരംഭിക്കുന്നതിനും എൻ.സി.ഡി, ഐ.സി.യു, ന്യൂറോളജി, ഒ.പി, കാർഡിയോളജി ഒ.പി, സി.ഒ.പി.ഡി  ക്ലിനിക് എന്നിവയുടെ ഉദ്ഘാടനം ഉടൻ നടത്താനും യോഗത്തിൽ തീരുമാനമെടുത്തു.  മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ബീന കൊച്ചുബാവ,  കൗൺസിലർമാരായ മോളി ജേക്കബ്,  സി.എസ്.ഷോളി, അഡ്വ. എ.എ.റസാക്ക്, സൂപ്രണ്ട് ഡോ. സിദ്ധാർഥൻ തുടങ്ങിയവർ പങ്കെടുത്തു.

 

(പി.എൻ.എ.3101/17)

date