Skip to main content

ശംഖുമുഖം റോഡ് പുരനുദ്ധാരണത്തിന് ശാസ്ത്രീയ പരിശോധന നടത്തും : കളക്ടര്‍

 

ശക്തമായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന ശംഖുമുഖം റോഡിന്റെ പുനരുദ്ധാരണത്തിന് ശാസ്ത്രീയ പരിശോധന നടത്തുന്ന കാര്യം ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. അറ്റകുറ്റപ്പണി നടത്തി റോഡ് പുനര്‍നിര്‍മിക്കുന്നത് ശാശ്വതമല്ലെന്നും കളക്ടര്‍ പറഞ്ഞു. കടലാക്രമണത്തില്‍ തകര്‍ന്ന ശംഖുമുഖം റോഡ് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാഴ്ചയായി തുടരുന്ന കടലാക്രമണത്തില്‍ ശംഖുമുഖം റോഡിന്റെ ഒരു വശം കടലെടുത്തു. ഇവിടെ ബാരിക്കേഡ് ഉപയോഗിച്ച് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കടലേറ്റമുണ്ടാകുന്ന ഇവിടെ താത്കാലിക അറ്റകുറ്റപ്പണി നടത്തുന്നതുകൊണ്ട് കാര്യമായ പ്രയോജനമില്ല. ശാസ്ത്രീയ പരിശോധന നടത്തി കടല്‍ക്ഷോഭത്തെ ചെറുക്കാന്‍ കഴിയുന്ന രീതിയില്‍ റോഡ് നിര്‍മിക്കേണ്ടതുണ്ട്. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കും.

വലിയതുറ മുതലുള്ള തീരത്ത് കടലാക്രമണത്തെ ചെറുക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. കടല്‍ക്ഷോഭം രൂക്ഷമായ മേഖലകളില്‍നിന്ന് ഇതിനോടകം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നടപടികളാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വലിയതുറ അടക്കമുള്ള തീരത്ത് പതിവായുണ്ടാകുന്ന കടലാക്രമണത്തെ ചെറുക്കാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.
(പി.ആര്‍.പി. 799/2019)

 

date