Skip to main content

'കേരള ചിക്കന്‍' രാജ്യത്തിനു മാതൃകയായ പദ്ധതിയായി മാറും: മന്ത്രി എ.സി. മൊയ്തീന്‍

 

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കേരള ചിക്കന്‍ പദ്ധതി ഗുണനിലവാരംകൊണ്ടും തൊഴില്‍ ലഭ്യതകൊണ്ടും രാജ്യത്തിനു മാതൃകയായ പദ്ധതിയായി മാറുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. കേരള ചിക്കന്‍ പ്രൊജക്ടിന്റെ ഭാഗമായി കഠിനംകുളത്ത് ആരംഭിക്കുന്ന ആദ്യ മേഖലാ കേന്ദ്രത്തിലെ ആധുനിക പൗള്‍ട്രി പ്രൊസസിങ് പ്ലാന്റിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മേഖലാ  കേന്ദ്രത്തില്‍ നിര്‍മിക്കുന്ന ബ്രോയ്‌ലര്‍ പാരന്റ് സ്റ്റോക്ക് ഫാമിന്റെ ശിലാസ്ഥാപനം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിച്ചു.

കേരളത്തിന് ആവശ്യമായ ഗുണനിലവാരമുള്ള ഇറച്ചിക്കോഴി ചുരുങ്ങിയ വിലയ്ക്ക് ആവശ്യക്കാരിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കേരള ചിക്കന്‍ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. 5000 കര്‍ഷകരെ 1000 കോഴികള്‍ വളര്‍ത്താന്‍ ശേഷിയുള്ളവരാക്കുക എന്നതാണു ലക്ഷ്യം. കേരള ചിക്കന്‍ പദ്ധതി വഴി ഇറച്ചിക്കോഴി ഉത്പാദനം മികച്ച രീതിയില്‍ ആരംഭിക്കുന്നതോടെ കേരളത്തിലാകമാനം ഇതിന്റെ വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങും. ഇതുവഴിയും നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇറച്ചിക്കോഴി ഉത്പാദന രംഗത്ത് കേരളത്തെ സ്വയംപര്യാപ്തമാക്കാന്‍ കേരള ചിക്കന്‍ പദ്ധതിക്കു കഴിയുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു.  മലയാളിക്ക് ആവശ്യമുള്ളതിന്റെ 25 ശതമാനത്തോളം ഇറച്ചിക്കോഴി മാത്രമേ ഇപ്പോള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. ബാക്കി മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നതാണ്. കേരളത്തിന് ആവശ്യമുള്ള കോഴി ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നതോടെ ഗുണനിലവാരം ഉറപ്പുവരുത്താനും കര്‍ഷകനും ഉപഭോക്താവിനും ന്യായവില ഉറപ്പാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

'കുടുംബശ്രീ കേരള ചിക്കന്‍' എന്ന പേരില്‍ സെപ്റ്റംബറില്‍ കോഴിയിറച്ചി വിപണിയിലെത്തിക്കാനാണ് കുടുംബശ്രീ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി കുടുംബശ്രീയിലെ മുഴുവന്‍ ബ്രോയ്‌ലര്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തി കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (കെ.ബി.എഫ്.പി.സി.എല്‍.) എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ മേഖലാ യൂണിറ്റാണ് കഠിനംകുളത്ത് വരുന്നത്. കേരളത്തിലെതന്നെ ഐ.എസ്.ഒ. നിലവാരമുള്ള ആദ്യ പൗള്‍ട്രി മാംസ സംസ്‌കരണ ശാലയ്ക്കാണ് ഇവിടെ ഇന്നലെ ശിലപാകിയത്. ഇതിനോടൊപ്പം ശിലാസ്ഥാപനം നടന്ന ബ്രോയ്‌ലര്‍ പാരന്റ് സ്റ്റോക്ക് ഫാമില്‍ ആഴ്ചയില്‍ 50,000 ബ്രോയ്‌ലര്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ കഴിയും.

കഠിനംകുളത്തെ പദ്ധതി പ്രദേശത്തു നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു. കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് പി. ഫെലിക്‌സ്, കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കെ.ബി.എഫ്.പി.സി.എല്‍. മാനേജിങ് ഡയറക്ടര്‍ പ്രസന്ന കുമാരി, സി.ഇ.ഒ. ഡോ. നികേഷ് കൃഷ്ണന്‍, കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗീസ്, മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. പി.സി. സുനില്‍ കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു, കെ.ബി.എഫ്.പി.സി.എല്‍. ഡയറക്ടര്‍മാരായ ഷൈജി, ഉഷ റാണി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 803/2019)

 

date