Skip to main content
കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സര്‍ഗോത്സവം സംസ്ഥാന കലോത്സവത്തിന് മുന്നോടിയായി നടന്ന ഘോഷയാത്ര.

സര്‍ഗോത്സവം സംസ്ഥാന കലോത്സവത്തിന് കാഞ്ഞങ്ങാട് തുടക്കമായി

സംസ്ഥാന സര്‍ക്കാര്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സര്‍ഗോത്സവം 2017-ന് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള 32 മാതൃക സഹവാസ വിദ്യാലയങ്ങളിലേയും 106 പ്രീമെട്രിക് ഹോസ്റ്റലുകളിലേയും മൂന്ന് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലേയും 1104 വിദ്യാര്‍ത്ഥികളാണ് സര്‍ഗോത്സവത്തില്‍ മാറ്റുരക്കുന്നത്. സര്‍ഗോത്സവത്തിലെ വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നുണ്ട്.
ആദിവാസി പരമ്പരാഗത കലാരൂപങ്ങളുടേയും തുടിതാളങ്ങളുടെയും അകമ്പടിയോടെയാണ് സര്‍ഗോത്സവം ആരംഭിച്ചത്. 
    പട്ടികജാതി പട്ടികവര്‍ഗ വികസന വികസനവകുപ്പ് മന്ത്രി എ.കെ.ബാലന്‍ സര്‍ഗോത്സവം ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എം. രാജഗോപാലന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ, ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി, മുന്‍ എംഎല്‍എമാരായ കെ.പി.സതീഷ് ചന്ദ്രന്‍, എം.നാരായണന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍.സുലൈഖ, കൗണ്‍സിലര്‍ മുഹമ്മദ് മുറിയനാവി,എച്ച്.ആര്‍ ശ്രീധരന്‍, പട്ടികവര്‍ഗ പ്രാദേശിക സമിതി അംഗം ഒ ക്ലാവ് കൃഷ്ണന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.വേലായുധന്‍,സി.വി ദാമോദരന്‍, അനന്തന്‍ നമ്പ്യാര്‍, ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ കെ.വേണുഗോപാലന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ സ്വാഗതവും പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുഗഴേന്തി നന്ദിയും പറഞ്ഞു. 
രാവിലെ സര്‍ഗോത്സവ നഗരിയില്‍ ഡയറക്ടര്‍ ഡോ. പി. പുഗഴേന്തി പതാക ഉയര്‍ത്തി. 
    കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍ പരിസരത്ത് നിന്നാരംഭിച്ച വര്‍ണാഭമായ ഘോഷയാത്ര  പ്രധാന വേദിയായ തേജസ്വിനിയില്‍ സമാപിച്ച ശേഷമാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ഗോത്രകലാകാരന്മാര്‍ മംഗലം കളിയും അവതരിപ്പിച്ചു. തേജസ്വിനി, ചന്ദ്രഗിരി, പയസ്വിനി, ചൈത്ര വാഹിനി എന്നീ വേദികളില്‍ നടക്കുന്ന സര്‍ഗോത്സവം നാളെ(30) വൈകീട്ട് സമാപിക്കും.
 

date