Skip to main content

ജോസഫ് പുലിക്കുന്നേലിന്റെ  നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 

 

ക്രിസ്തു സന്ദേശത്തെ അതിന്റെ യഥാര്‍ത്ഥ മൂല്യങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തി സമൂഹത്തില്‍ പ്രചരിപ്പിക്കുകയും സാമുദായിക പരിഷ്‌കരണത്തിനു വേണ്ടി ആത്മാര്‍ത്ഥമായി ഇടപെടുകയും ചെയ്ത വ്യക്തിയായിരുന്നു ജോസഫ് പുലിക്കുന്നേല്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സഭാ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം അനാചാരങ്ങള്‍ക്കെതിരെ വലിയ തോതില്‍ പ്രചാരണം നടത്തി. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ നവീകരണം വേണമെന്ന് 'ഓശാന' എന്ന മാസികയിലൂടെ നിരന്തരം പ്രചരണം നടത്തിയ അദ്ദേഹം സമഭാവനയുടെയും മാനവികതയുടെയും മൂല്യങ്ങളെ സഭയില്‍ ഉറപ്പിക്കാന്‍ നിരന്തരം പോരാടിക്കൊണ്ടിരുന്നു. തന്റെ ആശയങ്ങളും നിലപാടുകളും യുക്തിസഹമായും വിട്ടുവീഴ്ചയില്ലാതെയും അദ്ദേഹം പ്രചരിപ്പിച്ചിരുന്നു. സഭയെ അനാചാരങ്ങളില്‍ നിന്നും മോചിപ്പിക്കുവാന്‍ അദ്ദേഹം നിരന്തരം ശ്രമിച്ചു. യാഥാസ്ഥിതികതയുടെ സ്വീകാര്യതയ്ക്കു പുറത്തുളള വിവാഹങ്ങളുടെയും ശവസംസ്‌കാരങ്ങളുടെയും കാര്‍മികനായി പുലിക്കുന്നേല്‍ മാറിയത് പലര്‍ക്കും ആശ്വാസമേകിയിരുന്നു. ഭാര്യ കൊച്ചുറാണി മരിച്ചപ്പോള്‍ അവരെ സ്വന്തം മണ്ണില്‍ ചിതയൊരുക്കി ദഹിപ്പിക്കുകയായിരുന്നു അദ്ദേഹം. 

 

ഇടമറ്റം പുലിക്കുന്നേല്‍ കുടുംബത്തില്‍ ജനിച്ച ജോസഫ് പുലിക്കുന്നേല്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന്  സാമ്പത്തിക ശാസ്ത്രത്തില്‍ ഓണേഴ്‌സ് ബിരുദമെടുത്ത് കോഴിക്കോട് ദേവഗിരി കോളേജില്‍ അധ്യാപകനായി. തന്റെ സ്വതന്ത്ര ആശയങ്ങള്‍ ആരെയും ഭയക്കാതെ പ്രചരിപ്പിച്ച അദ്ദേഹം അതുകൊണ്ടു തന്നെ കോളേജില്‍ നിന്ന് പുറത്തായി. 

 

1975 ലാണ് 'ഓശാന' മാസിക പുലിക്കുന്നേല്‍ ആരംഭിക്കുന്നത്. പുരോഗമനപരമായ മാറ്റങ്ങളുടെ സന്ദേശമാണ് ഓശാന പ്രചരിപ്പിച്ചത്. കാലാനുസൃതമായി സഭയെ നവീകരിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വരും കാലത്ത്  കൂടുതല്‍ തിരിച്ചറിയപ്പെടും. 

 

രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. കോണ്‍ഗ്രസിന്റെ പ്രധാന പ്രവര്‍ത്തകനായിരുന്ന അദ്ദേഹം കേരള കോണ്‍ഗ്രസ് രൂപീകരിച്ച ശേഷം അതിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.   കത്തോലിക്കാ സഭയുടെ പരിഷ്‌കരണങ്ങള്‍ക്കായി എന്നും വാദിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എഴുത്തുകാരന്‍, അധ്യാപകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന ജോസഫ് പുലിക്കുന്നേലിന്റെ നിര്യാണം കേരളീയ സമൂഹത്തിന് തീരാനഷ്ടമാണ്. പുരോഗമന സ്വഭാവമുളള എല്ലാ പ്രസ്ഥാനങ്ങള്‍ക്കും പരിഹരിക്കാനാവാത്ത നഷ്ടമാണ്. 

                                                    (കെ.ഐ.ഒ.പി.ആര്‍-2206/17)

date