Skip to main content

രോഗത്തിനുളള പ്രധാന പ്രതിരോധം വിശ്രമം: ഡോ. ചന്ദ്രമോഹന്‍

   പനി, മററ് പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്ക്  പ്രധാനമായും ആവശ്യമുളള ഔഷധം വിശ്രമമാണെന്ന് ജില്ലാ ആരോഗ്യവകുപ്പിലെ  അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.  ചന്ദ്രമോഹന്‍ ഇ. വി പറഞ്ഞു.  കളക്ടറേറ്റ് ഡി പി സി ഹാളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍  സംഘടിപ്പിച്ച പ്രതിരോധമരുന്ന്, പരിസരശുചീകരണം എന്നിവയുടെ ആവശ്യകത സംബന്ധിച്ച ശില്‍പ്പശാലയില്‍  മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
    ആവശ്യമായ ഭക്ഷണം, മരുന്ന്, വിശ്രമം ഇതാണ് വിവിധ പനിക്കും മറ്റു പകര്‍ച്ച വ്യാധികള്‍ക്കും  അനിവാര്യമായിട്ടുളളത്.  പനിപിടിച്ച് അവധിയെടുത്താല്‍ അധ്യാപകന്‍ വഴക്കുപറയുമെന്ന് ചില രക്ഷിതാക്കള്‍ പറയാറുണ്ട്.  അവധി നല്‍കാതിരിക്കുന്നത് ഗുരുതരമായ  ആരോഗ്യ പ്രശ്‌നം കുട്ടികള്‍ക്കും  സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടാകും.  അതിനാല്‍ തന്നെ ഇത്തരം പ്രവണത ഉണ്ടാകാന്‍ പാടില്ല. കുട്ടികള്‍ക്ക് ലഭ്യമാവേണ്ട എല്ലാ പ്രതിരോധകുത്തിവെപ്പുകളും കൃത്യമായി നല്‍കേണ്ടത് രക്ഷിതാവിന്റെ കടമയാണ്.  പനി ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, എച്ച്1 എന്‍1, ഇന്‍ഫ്‌ളുവന്‍സ എന്നിവയാണ് കാസര്‍കോട്  ജില്ലയിലെ പ്രശ്‌നബാധിത രോഗങ്ങളെന്നും അദ്ദേഹം  പറഞ്ഞു.  എലിപ്പനിബാധ ജില്ലയില്‍ കുറവാണെങ്കിലും ബാധിച്ചവരില്‍  തീവ്രത കൂടുതലായി കാണപ്പെടുന്നത് ഗൗരവമായി  കാണണമെന്നും ഡോ. ചന്ദ്രമോഹന്‍ പറഞ്ഞു.

date