Skip to main content

ദേശീയ വിരവിമുക്ത മാസാചരണം:1 മുതല്‍ 19 വയസ് വരെയുള്ളവര്‍ക്ക് വിരമരുന്ന് നല്‍കണം

ഈ മാസം ദേശീയ വിരവിമുക്ത മാസമായി ആചരിക്കും. ഒന്നു മുതല്‍ 19 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും വിര നശീകരണത്തിനുള്ള ഗുളിക (ആല്‍ബന്‍ഡസോള്‍) നല്‍കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം .മണ്ണില്‍കൂടി പകരുന്ന വിരകള്‍ ഇന്നും പൊതുജനാരോഗ്യ പ്രശ്‌നമായി നിലനില്‍ക്കുന്നു. 65 ശതമാനം  കുട്ടികള്‍ക്കാണ് വിരബാധയുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്.വിളര്‍ച്ച, പോഷക കുറവ്, വിശപ്പില്ലായ്മ, ഛര്‍ദ്ദി, വയറിളക്കം, മലത്തില്‍കൂടി രക്തം പോകല്‍ എന്നിവയാണ് വിരബാധമൂലം കുട്ടികളില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍. കുട്ടികളുടെ ശരീരത്തില്‍ വിരകളുടെ തോത് വര്‍ധിക്കുംതോറും ആരോഗ്യപ്രശ്‌നങ്ങളും കൂടിവരും. തുടര്‍ന്ന് ശാരീരികവും മാനസികവും ആയ വികാസ വൈകല്യങ്ങളും കുട്ടികള്‍ക്കുണ്ടാക്കുന്നു. സ്‌കൂളില്‍ പോകാനാകാതെ പഠനം തടസ്സപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു. 
മണ്ണില്‍കൂടി പകരുന്ന വിരകള്‍ മനുഷ്യന്റെ ആമാശയത്തില്‍ ജീവിച്ചു മനുഷ്യനാവശ്യമുള്ള പോഷകങ്ങളെല്ലാം ആഗിരണം ചെയ്തു വളരുകയും പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തുന്നതുവഴി ഇതിന്റെ മുട്ടകള്‍ മണ്ണിലും ജലത്തിലും കലരാന്‍ ഇടവരികയും ചെയ്യുന്നു. പച്ചക്കറികളും പഴവര്‍ഗങ്ങളും വേണ്ടവിധം വൃത്തിയാക്കാതെ ഉപയോഗിച്ചാലും സുരക്ഷിതമല്ലാത്ത വെള്ളത്തിലൂടെയും കൈകള്‍ ശുചിയാക്കാതെ ഭക്ഷണം കഴിക്കുമ്പോഴും രോഗപ്പകര്‍ച്ച ഉണ്ടാകാം.
കുട്ടികള്‍ക്ക് ആറുമാസത്തിലൊരിക്കല്‍ വിരയിളക്കല്‍ നടത്തിയാല്‍ വിരബാധ ഇല്ലാതാക്കുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതിനും കഴിയും. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം വിരയിളക്കല്‍ നടത്തണമെന്ന് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നു.ഈ മാസം നടക്കുന്ന വിരവിമുക്ത സമൂഹ ചികിത്സാ പരിപാടിയില്‍ 1 മുതല്‍ 19 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും വിരമരുന്ന് (ആല്‍ബന്‍ഡസോള്‍) നല്‍കാന്‍ എല്ലാ രക്ഷിതാക്കളും അധ്യാപകരും മുന്നോട്ടുവരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

date