Skip to main content

വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സൂചകം  നല്ല വെള്ളവും വായുവും: മന്ത്രി വി.എസ് സുനിൽകുമാർ

ഒരു പ്രദേശത്തെ വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സൂചകം നല്ല വെള്ളവും വായുവും ഉണ്ടോ എന്നതാണെന്ന് കൃഷി-മണ്ണുസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ജലരക്ഷ-ജീവരക്ഷ ബ്ലൂ ആർമിയുടെ ഭാഗമായി 'ഒരു മഴക്കുഴി-ഒരു വൃക്ഷം, ഓരോ കുട്ടിക്കും' എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കണ്ടശ്ശാംകടവ് ജോസഫ് മുണ്ടശ്ശേരി ഗവ. ജി.എച്ച്.എസ്.എസിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ലഭിക്കുന്ന വെള്ളത്തിന്റെ കാര്യത്തിൽ കേരളം ഏറ്റവും സമ്പന്നരാണെങ്കിലും മാനേജ്മെൻറിന്റെ പാളിച്ച മൂലം നാം ദരിദ്രരായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സി.ഡബ്ല്യൂ.ഡി.ആർ.ഡി.എമ്മിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ പല ബ്ലോക്കുകളും ജലലഭ്യതയിൽ ഗുരുതര നിലയിലേക്ക് മാറുകയാണ്. ജലസംരക്ഷണത്തിലെ ജാഗ്രതക്കുറവാണ് ഈ നിലയിലെത്തിച്ചത്. നമ്മൾ നെൽകൃഷി ഇല്ലായ്മ ചെയ്തു. തോടുകൾ നികത്തി റോഡുകളാക്കി. കുളങ്ങൾ നികത്തി കെട്ടിടങ്ങൾ പണിതു. നീരൊഴുക്ക് സുഗമമായി പോവേണ്ട എല്ലാ സ്ഥലങ്ങളും മതിലു കെട്ടിയും മണ്ണിട്ടും നികത്തി. പണ്ടു കാലങ്ങളിൽ സ്വാഭാവികമായ നീരൊഴുക്കിനും ജലം സ്വാഭാവികമായി കെട്ടി നിർത്തുന്നതിനും ഉണ്ടായിരുന്ന ചിറകളും കുളങ്ങളും നാം തകർത്ത് തരിപ്പണമാക്കി. 
കാർഷിക മേഖലയിലെ തകർച്ചയാണ് നാടിന്റെ എറ്റവും വലിയ ദുരന്തത്തിന് വഴി വെച്ചത്. ഒരു സെൻറ് നെൽകൃഷി ചെയ്യുമ്പോൾ ഒരു ലക്ഷത്തി നാൽപത്തി അയ്യായിരം ലിറ്റർ വെള്ളം ഭൂഗർഭജല സമ്പത്തായി സംഭരിക്കുന്നു എന്നത് നാം മറന്നുപോയി. 13 ലക്ഷം ഹെക്ടർ ഉണ്ടായിരുന്ന നെൽവയൽ രണ്ട് ലക്ഷത്തിലേക്ക് താഴുമ്പോൾ 11 ലക്ഷം ഹെക്ടറിൽ ഭൂഗർഭജല സമ്പത്ത് സംരക്ഷിക്കുന്ന സംവിധാനം തകർന്നുപോയി. ഒഴുകുന്ന വെള്ളത്തെ നമ്മൾ നടത്തണം, നടക്കുന്ന വെള്ളത്തെ ഇരുത്തണം, ഇരിക്കുന്ന വെള്ളത്തെ കിടത്തണം, കിടക്കുന്ന വെള്ളത്തെ ഉറക്കണം എന്ന നാടിന്റെ ജലസംരക്ഷണ സംവിധാനം നാം തകർത്തുകഴിഞ്ഞു. തോടുകളും നീർച്ചാലുകളും കുളങ്ങളും അരുവികളും ചിറകളുമെല്ലാം ഈ ജലസംരക്ഷണ സംവിധാനത്തിന്റെ ഭാഗമായിരുന്നു. ഇവയെല്ലാം തകർത്തപ്പോൾ ഭൂഗർഭജലം ഘട്ടം ഘട്ടമായി താഴേക്കു പോയ്ക്കൊണ്ടിരിക്കുകയാണ്. പല പ്രദേശങ്ങളിലും പതിയെ കുടിവെള്ളത്തിൽ ലവണാംശം കടന്നുവരാൻ തുടങ്ങിയിരിക്കുന്നു. 
നമ്മുടെ കാരണവൻമാർക്ക് ഭൂമിയെ സംരക്ഷിക്കാനുള്ള സാക്ഷരത ഉണ്ടായിരുന്നു. അതുകൊണ്ടാണ് ജലത്തേയും പ്രകൃതിയേയും അവർ ആരാധിച്ചിരുന്നത്. നമ്മുടെ നിലനിൽപിന് ആധാരം പ്രകൃതി മൂലധനമാണെന്ന അവരുടെ തിരിച്ചറിവ് നമുക്ക് ഇല്ലാതെ പോവുന്നു. സർക്കാർ ഇടപെടലിന്റെ ഭാഗമായി നെൽവയലുകളുടെ വിസ്തൃതി ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരമായിരുന്നത് രണ്ട് ലക്ഷത്തി ഇരുപതിനായിരമായി വർധിപ്പിക്കാൻ കഴിഞ്ഞു. അത്രയും സ്ഥലത്ത് ജലലഭ്യത വർധിച്ചിരിക്കുന്നു. 
നീരൊഴുകുന്ന സ്ഥലങ്ങളെല്ലാം തന്നെ മാലിന്യങ്ങൾ കൊണ്ടിടാനുള്ള സ്ഥലങ്ങളല്ല എന്ന ഓർമ്മപ്പെടുത്തൽ സമൂഹത്തിന് ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യേണ്ടത്. കുളം ജലസംരക്ഷണ പ്രക്രിയയുടെ പ്രധാനപ്പെട്ട ഭാഗമാണെന്ന് നാം മനസ്സിലാക്കിയേ മതിയാവൂ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ക്ലാസിക്കൽ ഉദാഹരണമായി കേരളം മാറുമ്പോൾ മഴ സംരക്ഷിച്ച് ജലസുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ബ്ലൂ ആർമി ടീമുകളുടെ പ്രവർത്തനോദ്ഘാടനം സ്‌കൂളിലെ എൻ.എസ്.എസ് ലീഡർ അരവിന്ദന് ബാഡ്ജ് നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് നിർവഹിച്ചു. മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസ് പദ്ധതി വിശദീകരിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി ശ്രീദേവി റിപ്പോർട്ട് അവതരിപ്പിച്ചു. 
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.കെ. ഉദയപ്രകാശ്, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ജെന്നി ജോസഫ്, വിദ്യാഭ്യാസ-ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ മഞ്ജുളാരുണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ വിജി ശശി (മണലൂർ), സുജാത മോഹൻദാസ് (അരിമ്പൂർ), പി.എസ്. രാധാകൃഷ്ണൻ (താന്ന്യം), ജില്ലാ പഞ്ചായത്തംഗം സിജി മോഹൻദാസ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ബി ഹരിദാസൻ, മണലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ആർ. മോഹനൻ, ബ്ലോക്ക് സ്ഥിരം സമിതി ചെയർപേഴ്സൻമാരായ മേനുജ പ്രതാപൻ, ഷീബ മനോഹരൻ, ഗ്രാമപഞ്ചായത്തംഗം ജോയ്മോൻ പള്ളികുന്നത്ത്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. കുസുമം, എൻ.എസ്.എസ് കോ ഓർഡിനേറ്റർ പ്രൊഫ. കെ.എൻ. രമേഷ്, എം.ജി.എൻ.ആർ.ഇ.ജി.എസ് ജോയിൻറ് പ്രോഗ്രാം കോ ഓർഡിനേറ്റർ പി.സി ബാലഗോപാൽ, ജില്ലാ മണ്ണു സംരക്ഷണ ഓഫീസർ, പി.ടി.എ പ്രസിഡൻറ് ടി.വി. വിശ്വംഭരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. 

date