Skip to main content

ജലസാക്ഷരതക്കായി ബ്ലൂ ആർമി 

ജീവന്റെ ആധാരമായ ജലത്തെ സംരക്ഷിക്കാൻ തൃശൂർ ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്തു നടപ്പിലാക്കുന്ന ഏറ്റവും വലിയ ജല ക്യാമ്പയിനാണ് 'ജലരക്ഷ - ജീവരക്ഷ ' ജലത്തിന്റെ സുസ്ഥിരവികസനം ലക്ഷ്യമിട്ടു വിവിധ വകുപ്പുകളും വികസന ഏജൻസികളും സംയുക്തമായി ജലസംരക്ഷണം സാധ്യമാക്കുന്നതിനു വിഭാവനം ചെയ്ത് സംയോജിത പ്രൊജക്റ്റ്. ഇതിന്റെ നടത്തിപ്പിനായി ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള ക്ലബ്ബാണ് 'ബ്ലു ആർമി'. 2018-ൽ പദ്ധതി ആരംഭിച്ചപ്പോൾ ജില്ലയിലെ 50 ശതമാനം സ്‌കൂളുകളും പദ്ധതിയിൽ പങ്കാളികളായി. 2019-ൽ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും ബ്ലൂ ആർമിയിൽ അംഗങ്ങളായിട്ടുണ്ട്. ജലരക്ഷ ജീവരക്ഷ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ ജലസാക്ഷരത വളർത്തിയെടുക്കുകയാണ് ബ്ലു ആർമിയുടെ ലക്ഷ്യം. പദ്ധതി പ്രവർത്തനങ്ങളോടനുബന്ധിച്ചു 'ഒരു വൃക്ഷം ഒരു മഴക്കുഴി ഓരോ കുട്ടിക്കും' എന്ന പരിപാടി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിലാണ് ആദ്യമായി നടപ്പിലാക്കുന്നത്. ബ്ലോക്ക് പരിധിയിൽ ഉള്ള 42 സ്‌കൂളുകളിലെയും മുഴുവൻ വിദ്യാർത്ഥികളും അവരുടെ വീടുകളിൽ ഓരോ മഴക്കുഴി എടുക്കുകയും ഓരോ വൃക്ഷത്തൈ നട്ട് സംരക്ഷിച്ച് ഇതിന്റെ വളർച്ചയുടെ ഓരോ ഘട്ടവും രേഖപ്പെടുത്തുകയും ചെയ്യണം. ബ്ലൂ ആർമി പ്രവർത്തനങ്ങളോടനുബന്ധിച്ചു ചിത്രരചന, കലാമത്സരങ്ങൾ, കർക്കടകമാസാചരണം, ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തൽ, സെമിനാറുകൾ, റാലികൾ എന്നിവ സംഘടിപ്പിക്കുകയുണ്ടായി. ഈ മാതൃക തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ബ്ലോക്ക് തല മോണിറ്ററിങ് സമിതികൾ രൂപീകരിച്ചിട്ടുണ്ട്. 80 ശതമാനം സർക്കാർ അൺഎയ്ഡഡ് സ്‌കൂളുകളിലും ബ്ലു ആർമി പ്രവർത്തനം ആരംഭിച്ചു. ബ്ലു ആർമി കലണ്ടറുകൾ എല്ലാ സ്‌കൂളുകളിലും വിതരണം ചെയ്തുകഴിഞ്ഞു. ജില്ലയിലെ 86 പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഓരോ സ്‌കൂളുകൾക്കും കിണർ റീചാർജ് ചെയ്യുന്നതിനായി 30.10 ലക്ഷം രൂപ ഈ വർഷം വകയിരുത്തിയിട്ടുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ജലരക്ഷ ജീവരക്ഷ പദ്ധതിയ്ക്ക് കീഴിൽ വിവിധങ്ങളായ പദ്ധതികൾ അവലംബിച്ചിട്ടുണ്ട്. 

date