Skip to main content

ആർസിഇപി കരാർ ക്ഷീര കർഷകന്റെ നട്ടെല്ലൊടിക്കും:  മന്ത്രി വി എസ് സുനിൽ കുമാർ

ആർസിഇപി കരാർ ക്ഷീരകർഷകന്റെ നട്ടെല്ലൊടിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ. മാള ബ്ലോക്ക്പഞ്ചായത്ത് ക്ഷീര വികസന വകുപ്പ് കല്ലേറ്റുംകര ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്ഷീര കർഷക സംഗമം 2019-20 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറഞ്ഞ ഉല്പാദനചെലവും കൂടുതൽ ഉത്പാദന ക്ഷമതയുമുള്ള രാജ്യങ്ങളിൽ നിന്നും എത്തുന്ന ഉല്പന്നങ്ങളുമായി ഇന്ത്യയിലെ ക്ഷീരകർഷകർക്ക് മത്സരിക്കാനാകില്ല. ഉൽപാദന ചിലവ് കൂടുതലുള്ള കേരളത്തിലെ കർഷകരെ ആർസിഇപി കരാർ പ്രതിസന്ധിയിലാക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീര കർഷകരെ മുഴുവൻ പട്ടിണിയിലാക്കുന്ന ആർസിഇപി കരാറുമായി കേന്ദ്ര ഗവണ്മെന്റ് മുന്നോട്ടു പോവുകയാണ്. ഇത് ഭാവിയിൽ പാലുല്പാദകരെ ദോഷകരമായി ബാധിക്കും. കേരളത്തിന്റെ ക്ഷീരകർഷക മേഖലയെ പ്രധാനമായും മുന്നിൽക്കണ്ട് കരാറിന്റെ വ്യവസ്ഥകൾക്ക് ഇരയാകേണ്ടിവരുന്ന സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങൾ പഠിച്ചു വേണ്ട നിർദേശങ്ങൾ ഉൾപ്പെടുത്താനായി സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് ദേശങ്ങളിലെ പാലിനും അനുബന്ധ ഉൽപങ്ങൾക്കും തുറന്ന വിപണിയായി നമ്മുടെ രാജ്യം മാറും. നാട്ടിലെ പാലുല്പന്നങ്ങൾക്കു വേണ്ട മതിപ്പില്ലാതെയാകും. ഈ അപകടാവസ്ഥ എല്ലാവരും മനസിലാക്കണം. കർഷകരെ സംരക്ഷിക്കുന്ന നയങ്ങളാണ് പരിഗണിക്കപ്പെടേണ്ടത്. പാൽ വിപണന മേഖലയിൽ സർക്കാരിനും സഹകരണ മേഖലക്കും കൃത്യമായ ഇടപെടലുകൾ നടത്താൻ കഴിയുന്ന നിലവിലെ അവസ്ഥക്ക് ആർസിഇപി എന്ന സ്വതന്ത്ര വ്യാപാര കരാർ തടസ്സമാകുന്നു. ഉൽപാദന ചിലവ് കൂടുന്നതനുസരിച്ചു പാലിന് ന്യായമായ വില ഓരോ ക്ഷീര കർഷകനും ലഭ്യമാക്കണം. പൊതുവെ കാർഷിക മേഖലയിൽ നിന്ന് അന്യമായിട്ടാണ് ക്ഷീര മേഖലയെ പരിഗണിക്കുന്നത്. നിലനിൽക്കുന്ന ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകണം. കാർഷിക മേഖലക്ക് കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും ക്ഷീര മേഖലക്കും കൂടി ലഭ്യമാകുന്ന അവസ്ഥയുണ്ടാകണം. ക്ഷീരസംഘങ്ങളാണ് പാലുല്പാദന മേഖലയുടെ ആത്മാവ്. ചെറിയ ക്ഷീര സംഘങ്ങളിൽ നിന്നും വൈവിധ്യമായ പാലുല്പന്നങ്ങൾ നിർമിക്കാൻ കഴിയണം. അതിന് വിപണി കണ്ടെത്താൻ കഴിയണം. ക്ഷീര കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ എന്നും ഒപ്പമുണ്ടയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

പ്രൊഫ. കെ യു അരുണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് സിനില ഉണ്ണികൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ക്ഷീരകർഷക രംഗത്തു മികച്ച പ്രവർത്തനം കാഴ്ചവെച്ച കർഷകരെ ആദരിച്ചു. ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ ബ്ലോക്കിൽ കൂടുതൽ പാലളന്ന ക്ഷീരകർഷകർക്ക് പുരസ്‌കാരം വിതരണം നടത്തി. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ് മികച്ച പട്ടികജാതി വിഭാഗത്തിലെ കർഷകനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നിർമൽ സി പാത്താടൻ, ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ആർ ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി സി ഷണ്മുഖൻ തുടങ്ങിയവർ കന്നുകാലി പ്രദർശന മത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ, സഹകാരികൾ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി സ്വാഗതവും മാള ഡയറി ഫാം ഇൻസ്പെക്ടർ സി നിഷ നന്ദിയും പറഞ്ഞു.

date