Skip to main content

ഓഖി ദുരന്തത്തില്‍ തിരിച്ചെത്താത്ത മത്‌സ്യത്തൊഴിലാളികളെ സംബന്ധിച്ച  പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി 

*മരണമടഞ്ഞ 25 പേരുടെ കുടുംബങ്ങള്‍ക്ക് തുക കൈമാറി

ഓഖി ദുരന്തത്തില്‍ തിരിച്ചെത്താത്ത മത്‌സ്യത്തൊഴിലാളികളെ സംബന്ധിച്ച പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓഖി ദുരന്തത്തില്‍ മരണമടഞ്ഞ തിരുവനന്തപുരം ജില്ലയിലെ 25 മത്‌സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 20 ലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള രണ്ടു ലക്ഷം രൂപയും വിഴിഞ്ഞത്തു നടന്ന ചടങ്ങില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. 

കുടുംബത്തിന്റെ താങ്ങായ ഒരാള്‍ നഷ്ടപ്പെട്ടാല്‍ ഒന്നും അതിന് പകരമാവില്ല. കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ഒരുമിച്ചു നല്‍കുമെന്ന് പറഞ്ഞിരുന്നത് യാഥാര്‍ത്ഥ്യമാവുകയാണ്. തിരിച്ചെത്താത്തവരുടെ കുടുംബങ്ങള്‍ക്കും നടപടികള്‍ പൂര്‍ത്തിയാക്കി ഇതേ തുക നല്‍കും. കാണാതായവരെ സംബന്ധിച്ച പരിശോധന പുരോഗമിക്കുന്നതിനൊപ്പം അവരുടെ കുടുംബങ്ങള്‍ക്ക് സംരക്ഷണത്തിനായി ഒരു നിശ്ചിത തുക നല്‍കും. നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതനുസരിച്ച് കുടുംബങ്ങളിലെ ഒരാള്‍ക്ക് അര്‍ഹത അനുസരിച്ച് തൊഴില്‍ നല്‍കുകയും ചെയ്യും. വീടുകള്‍ തകര്‍ന്നതും നഷ്ടപ്പെട്ടതുമായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സുരക്ഷിത ഭവനം ഒരുക്കും. ദുരന്തനിവാരണ നടപടികളില്‍ എല്ലാവരും ഒരേ മനസോടെ ഏര്‍പ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. 

മരണമടഞ്ഞ 25 പേരുടെ 102 അവകാശികള്‍ക്കാണ് തുക കൈമാറിയത്. വിഴിഞ്ഞ വില്ലേജിലെ സൈറസ്, എസ്. ജയന്‍, മുത്തപ്പന്‍, മേരിദാസന്‍, സേവ്യര്‍, വിന്‍സെന്റ്, ഷാജി, കൊട്ടുകല്‍ വില്ലേജിലെ സെസിലന്റ്, ആന്റണി, സ്‌റ്റെല്ലസ്, കരുങ്കുളം വില്ലേജിലെ രതീഷ്, ജോസഫ് കോറിയ, പൂവാര്‍ വില്ലേജിലെ പനിതാസന്‍, കുളത്തൂര്‍ വില്ലേജിലെ മേരി ജോണ്‍, അലക്‌സാണ്ടര്‍, തിരുവനന്തപുരം താലൂക്കിലെ ക്രിസ്റ്റി, സേവ്യര്‍, ലാസര്‍, ആരോഗ്യദാസ്, ഈപ്പച്ചന്‍, സെല്‍വരാജ്, അബിയാന്‍സ്, സില്‍വപിള്ള, സേവ്യര്‍, ജെറാള്‍ഡ് കാര്‍ലോസ് എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണ് തുക നല്‍കിയത്. 

മന്ത്രി ഇ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ. മെഴ്‌സിക്കുട്ടിഅമ്മ, ശശിതരൂര്‍ എം. പി, എം. എല്‍. എമാരായ വി. എസ്. ശിവകുമാര്‍, കെ. ആന്‍സലന്‍, എം. വിന്‍സെന്റ്, ജില്ലാ കളക്ടര്‍ കെ. വാസുകി എന്നിവര്‍ സംബന്ധിച്ചു. 

പി.എന്‍.എക്‌സ്.04/18

date