Skip to main content

കാണാതായവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് മാസത്തിനകം  സഹായധനം നല്‍കും: മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ

ഓഖി ദുരന്തത്തില്‍ കാണാതായ മത്‌സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപ നല്‍കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. ഓഖി ദുരന്തത്തില്‍ മരണമടഞ്ഞ മത്‌സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

അതുവരെ ഓരോ കുടുംബത്തിനും ആശ്വാസമായി പതിനായിരം രൂപ വീതം നല്‍കും. ദുരന്തത്തിനിരയായ കുടുംബങ്ങളെ സഹായിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ഈ മാസം പത്തിന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ ശില്‍പശാല സംഘടിപ്പിക്കും. തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ലത്തീന്‍ സഭാ പ്രതിനിധികള്‍, മറ്റു ബന്ധപ്പെട്ടവര്‍ എന്നിവരെ പങ്കെടുപ്പിച്ചാവും ശില്‍പശാല. 1.66 ലക്ഷം മത്‌സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 33 കോടി രൂപയുടെ സഹായം നല്‍കി. രണ്ടായിരം രൂപ വച്ചാണ് അടിയന്തര സഹായം നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. ഈ തുക ഇനിയും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് വേദിയില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് ഒരുക്കിയിരുന്നു. മത്‌സ്യഫെഡ് മുഖേന കൂടുതല്‍ സഹായം ലഭ്യമാക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. 

പി.എന്‍.എക്‌സ്.05/18

date