Skip to main content

പൈതൃക കലകളുടെ ഉത്സവം ജനുവരി ആറു മുതല്‍

തനത് പൈതൃക കലകളുടെ ഉന്നമനത്തിനായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2018 ജനുവരി ആറുമുതല്‍ 12 വരെ സംസ്ഥാനത്തൊട്ടാകെ അരങ്ങേറുന്നു.  ഫോക് ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ ജില്ലാ ടൂറിസം കൗണ്‍സിലുകള്‍ മുഖേന 14 ജില്ലകളിലെ 28 വേദികളിലാണ് ഉത്സവം സംഘടിപ്പിക്കുന്നത്. അന്യം നിന്നുകൊണ്ടിരിക്കുന്ന കേരളീയ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും തനത് കലകളെ പരിപോഷിപ്പിക്കുന്നതിനും  അനുഷ്ഠാന - പരമ്പരാഗത - നാടന്‍ കലാരൂപങ്ങളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് ഉത്സവം നടത്തുന്നത്. 

അന്യം നിന്നുകൊണ്ടിരിക്കുന്ന അര്‍ജുന നൃത്തം, ചാറ്റു പാട്ട്, കാക്കാരിശ്ശി നാടകം, പൂതവും തിറയും, ഉടുക്കു പാട്ട്, കുറത്തിയാട്ടം, തോല്‍പ്പാവക്കൂത്ത് തുടങ്ങി 150 ഓളം കേരളീയ കലാരൂപങ്ങള്‍, 350 ല്‍പരം കലാ പ്രകടനങ്ങള്‍ എന്നിവ വിവിധ ജില്ലകളിലായി നടക്കുന്ന പരിപാടികളില്‍ 5000ത്തിലേറെ കലാകാരന്മാര്‍ അവതരിപ്പിക്കുന്നു. തുടര്‍ച്ചയായ പത്താം വര്‍ഷമാണ് തനതുകലകളുടെ  ഉത്സവത്തിന് സംസ്ഥാനം വേദി ഒരുക്കുന്നത്.    

ടൂറിസം മേഖലയ്ക്ക്  ഉണര്‍വും ഊര്‍ജവും പകരുക എന്ന ലക്ഷ്യത്തോടെയാണ് വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന സമയത്ത് ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്.  ഈ വര്‍ഷത്തെ ഉത്സവം പരിപാടിയ്ക്കായി  2 കോടി 32 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.   ജനുവരി ആറിന് വൈകുന്നേരം 6 മണിക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സഹകരണ- ടൂറിസം -ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉത്സവം 2018 ന്റെ ഉദ്ഘാടനം  നിര്‍വഹിക്കും.  തുറമുഖ - പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപളളി അധ്യക്ഷത വഹിക്കും.  

  പൈതൃക കലകള്‍ അവതരിപ്പിക്കുന്ന 10 കലാകാരന്മാരെ  ഉദ്ഘാടന ചടങ്ങില്‍  ആദരിക്കുന്നു. പി.പി.കുഞ്ഞുരാമന്‍ പെരുവണ്ണാന്‍ (തെയ്യം) പി.കെ. കരിയന്‍ (ഗദ്ദിക), നാണു കെ (പൂരക്കളി), കെ. ശിവകുമാര്‍ (കോല്‍കളി), ശശി ജനകല (മുളവാദ്യം), ഷീബാ കൃഷ്ണകുമാര്‍ ( അഷ്ടപദി), ബ്രിട്ടോ വിന്‍സന്റ് (ചവിട്ടു നാടകം), പ്രബലകുമാരി (കാക്കാരിശ്ശി നാടകം), ലതാ നമ്പൂതിരി (തിരുവാതിരക്കളി), തങ്കസ്വാമി (പാക്കനാര്‍ ആട്ടം) എന്നിവരെയാണ് ഈ വര്‍ഷം സര്‍ക്കാര്‍ ആദരിക്കുന്നത്.

ഫോക് ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍   20 വ്യത്യസ്തങ്ങളായ കേരളീയ- പാരമ്പര്യ - അനുഷ്ഠാന - ആദിവാസി കലാരൂപങ്ങള്‍ കോര്‍ത്തിണക്കി 264 കലാകാരന്മാര്‍ അണിനിരക്കുന്ന നവധ്വനി എന്ന പരിപാടി ഉദ്ഘാടന വേദിയില്‍ അവതരിപ്പിക്കും. 

പി.എന്‍.എക്‌സ്.18/18

 

date