Skip to main content

പ്രളയബാധിതരുടെ കണ്ണീരൊപ്പാന്‍ ചിത്ര സാന്ത്വനം 

    പ്രളയ ബാധിതരുടെ കണ്ണീരൊപ്പാന്‍ ചിത്ര സാന്ത്വനവുമായി ഒരു കൂട്ടം ചിത്രകാരന്മാര്‍. കേരള ചിത്രകലാ പരിഷത്ത് കണ്ണൂരിന്റെ ആഭിമുഖ്യത്തിലാണ് സഞ്ചരിക്കുന്ന ചിത്രച്ചന്തയുമായി ചിത്രകാരന്മാര്‍ രംഗത്തെത്തിയിരിക്കുന്നത്. പരിപാടിയുടെ ഫ്ളാഗ് ഓഫ് കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വഹിച്ചു. പ്രളയ ബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയില്‍ 25,000 രൂപ വരെ വിലവരുന്ന ചിത്രങ്ങള്‍ 500 രൂപ മുതല്‍ 5,000 രൂപവരെയുള്ള വിലയിലാണ് വില്‍പ്പന നടത്തുന്നത്. 
    ചിത്രരചനകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മിതമായ നിരക്കില്‍ ചിത്രങ്ങള്‍ വാങ്ങാനുള്ള അവസരം കൂടിയാണ് പരിപാടിയിലൂടെ ലഭിക്കുന്നത്. പ്രദര്‍ശന കേന്ദ്രങ്ങളില്‍ വിലയുടെ 50 ശതമാനം നല്‍കി ചിത്രം ബുക്ക് ചെയ്യാനുള്ള അവസരവും ആവശ്യക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 100 ഓളം ചിത്രകാരന്മാര്‍ വിവിധ ക്യാമ്പുകളിലായി വരച്ച 300 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ വില്‍പ്പനക്കായി ഒരുക്കിയിരിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. 
    കേരള ചിത്രകലാ പരിഷത്ത് ജില്ലാ പ്രസിഡണ്ട് റിട്ട. കേണല്‍ വി പി സുരേശന്‍, സെക്രട്ടറി വിനോദ് പയ്യന്നൂര്‍, ട്രഷറര്‍ പ്രസാദ് ചൊവ്വ, ചിത്രകാരന്മാരായ സന്തോഷ് ചുണ്ട, ഉണ്ണികൃഷ്ണന്‍ ആതിര, ശശികുമാര്‍ കതിരൂര്‍, കെ ഇ സ്മിത, എം ദാമോദരന്‍, വിനയ ഗോപാല്‍, സതി ശങ്കര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പി എന്‍ സി/3022/2019

date