Skip to main content

സേവന പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ കൂട്ടായ്മ വളര്‍ത്താന്‍ ഏകോപിത ശ്രമം വേണം: കലക്ടര്‍

    സാമൂഹ്യ സേവന രംഗത്ത് യുവാക്കളുടെ കൂട്ടായ്മയുണ്ടാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും ഏകോപിച്ച പ്രവര്‍ത്തനം നടത്തണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. നെഹ്രു യുവ കേന്ദ്ര (എന്‍ വൈ കെ) ജില്ലാ ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. 
    നെഹ്‌റു യുവ കേന്ദ്രയടക്കമുള്ള ഏജന്‍സികളും വിവിധ വകുപ്പുകളും ഈ മേഖലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇതിന് വേണ്ടത്ര പ്രയോജനം ലഭിക്കാത്ത സ്ഥിതിയുണ്ട്. ദുരന്ത നിവാരണം, തൊഴില്‍ നൈപുണ്യ പരിശീലനം, ജലസംരക്ഷണം എന്നിങ്ങനെയുള്ള പ്രധാന വിഷയങ്ങളില്‍ വിവിധ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയണം. യുവാക്കളുടെ കര്‍മ്മശേഷി കൂടുതലായി സാമൂഹ്യ സേവന രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഇതുവഴി സാധിക്കും. കലാ-സാംസ്‌ക്കാരിക മേഖലയിലേക്കും യുവാക്കളെ ആകര്‍ഷിക്കാനുതകുന്ന സംയുക്ത പരിപാടികള്‍ ആലോചിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
    യോഗത്തില്‍ എന്‍വൈകെ ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ എസ് ആര്‍ അഭയ് ശങ്കര്‍ വാര്‍ഷിക പ്രവര്‍ത്തന പദ്ധതി അവതരിപ്പിച്ചു. വിവിധ വകുപ്പ് മേധാവികള്‍, യൂത്ത് ക്ലബ്ബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പി എന്‍ സി/3024/2019

date