Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

റൂഡ്സെറ്റില്‍  വായ്പാബോധവല്‍ക്കരണ ശില്‍പശാല 
    സിന്‍ഡിക്കേറ്റ് ബാങ്ക്, കാനറ ബാങ്ക് എന്നീ പൊതുമേഖലാബാങ്കുകളുമായി ചേര്‍ന്ന് കാഞ്ഞിരങ്ങാട് പ്രവര്‍ത്തിക്കുന്ന സ്വയംതൊഴില്‍ സ്ഥാപനമായ റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യ വായ്പാബോധവല്‍ക്കരണ ശില്‍പശാല നടത്തുന്നു. സെപ്റ്റംബര്‍ നാലിന് രാവിലെ 10 മണിക്ക് റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ശില്‍പശാല. വ്യാവസായിക, കാര്‍ഷിക മേഖലയില്‍ സംരംഭം തുടങ്ങുന്നവര്‍, പുനര്‍വായ്പയിലൂടെ മറ്റൊരു സംരംഭം  തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍, ഭവന,വാഹന വായ്പ ആവശ്യമുള്ളവര്‍ എന്നിവര്‍ക്കും  പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: ഫോണ്‍: 04602226573
പി എന്‍ സി/3025/2019

ജില്ലാ വികസന സമിതി
    ജില്ലാ വികസന സമിതി യോഗം ആഗസ്ത് 31 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും
പി എന്‍ സി/3026/2019. 

റീച്ച് സര്‍റ്റിഫിക്കേഷന്‍ പ്രോഗ്രാം
    സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്റെ കീഴില്‍ വനിതകള്‍ക്ക്  മാത്രമായി കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ പ്രവര്‍ത്തിച്ചുവരുന്ന  റീച്ച് ഫിനിഷിംഗ് സ്‌കൂളില്‍ സെപ്റ്റംബര്‍ 18 നു ആരംഭിക്കുന്ന റീച്ച് സെര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക്  അഡ്മിഷന്‍ ആരംഭിച്ചു. 60 ദിവസം നീണ്ട് നില്‍ക്കുന്ന പാഠ്യപദ്ധതിയില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇന്റര്‍വ്യൂ മാനേജ്‌മെന്റ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ്, കമ്പ്യൂട്ടര്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. പ്ലസ് ടു / തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവര്‍ക്ക് ഫീസ് ആനുകൂല്യവും കോഴ്‌സ് വിജയകരമായി പൂര്‍ത്തിനയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. ഫോണ്‍. 04972800572, 9496015018. 
പി എന്‍ സി/3027/2019

 ജില്ലയില്‍ യെല്ലോ അലേര്‍ട്ട് 
    ശക്തമായ (64.5 മി.മീ മുതല്‍ 115.5 മി.മീ വരെ) മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ആഗസ്ത് 27, 28 യില്‍ തീയതി  ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പി എന്‍ സി/3028/2019

ജൈവവളം വിതരണം
    മുഴപ്പിലങ്ങാട് കൃഷിഭവനിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം തെങ്ങിനുള്ള ജൈവവളം വിതരണം ആഗസ്ത് 27 ന് ആരംഭിക്കും. ഗുണഭോക്തൃ ലിസ്റ്റില്‍ പേരുള്ള കര്‍ഷകര്‍ 2019-20 വര്‍ഷത്തെ നികുതി രസീതിയുടെ കോപ്പിയും മുഴപ്പിലങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് അക്കൗണ്ട് നമ്പറും കൃഷിഭവനില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഹാജരാകേണ്ട തീയതി, വാര്‍ഡ് നമ്പര്‍ എന്ന ക്രമത്തില്‍ ആഗസ്ത് 27- നാല്, അഞ്ച് വാര്‍ഡുകള്‍, ആഗസ്ത് 29- ആറ്, രണ്ട് വാര്‍ഡുകള്‍, ആഗസ്ത് 30- ഏഴ്, എട്ട്, മൂന്ന് വാര്‍ഡുകള്‍, ആഗസ്ത് 31- ഒന്‍പത്, 10 വാര്‍ഡുകള്‍, സെപ്തംബര്‍ രണ്ട്- 11, 12 വാര്‍ഡുകള്‍, സെപ്തംബര്‍ മൂന്ന്- 13, 14 വാര്‍ഡുകള്‍, സെപ്തംബര്‍ നാല്- 15, ഒന്ന് വാര്‍ഡുകള്‍.
പി എന്‍ സി/3029/2019

വൈദ്യുതി മുടങ്ങും
    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എസ് എന്‍ കോളേജ്, എസ് എന്‍ ക്യാമ്പസ് എന്നീ ഭാഗങ്ങളില്‍ നാളെ(ആഗസ്ത് 27) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊല്ലന്റെ വളപ്പില്‍, വി പ്ലാന്റ്, തന്നട പ്രധാനമന്ത്രി റോഡ്, ചെമ്പിലോട് എസ്റ്റേറ്റ് എന്നീ ഭാഗങ്ങളില്‍ നാളെ (ആഗസ്ത് 27) രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
    ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിവെള്ളൂര്‍, കരോത്ത് വയല്‍, എരട്ടേങ്ങല്‍, വെണ്ണക്കല്‍ വയല്‍, കെ പി ആര്‍ നഗര്‍, പനക്കളം, ശിവപുരം, ഓലക്കല്‍, ബെമ്പടി തട്ട്, വെള്ളിലോട്, പടുപാറ, ഉരുവച്ചാല്‍, പഴശ്ശി, കടപ്പുറം എന്നീ ഭാഗങ്ങളില്‍ ഇന്ന് (ആഗസ്ത് 27) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/3030/2019

തൊഴില്‍ പരിശീലന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു 
    കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സര്‍ക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപധ്യായ ഗ്രാമീണ കൗശല്യ യോജന  സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായി സൗന്ദര്യ റൂറല്‍ ആന്‍ഡ് ഡവലപ്പ്‌മെന്റ് അസോസിയേഷന്‍ (എസ് ജി എച്ച് പി എസ്)  പ്രവര്‍ത്തനമാരംഭിച്ചു.  തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം ആരംഭിച്ച സെന്റിന്റെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍  എം സുര്‍ജിത്ത് നിര്‍വ്വഹിച്ചു.  എസ് ജി എച്ച് പി എസ് ഡയറക്ടര്‍ വെങ്കട് രാമപ്പ അദ്ധ്യക്ഷനായി.
    ബി പി എല്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, ആര്‍ എസ് ബി വൈ എന്നിവയിലുള്‍പ്പെട്ട ക്രിസ്ത്യന്‍, മുസ്ലീം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 18 നും 35 നും ഇടയില്‍ പ്രായമുള്ള ഗ്രാമപ്രദേശങ്ങളിലെ യുവതികള്‍ക്കാണ് അവസരം. നാല് മാസം കാലയളവില്‍ റെസിഡെന്‍ഷ്യല്‍ കോഴ്‌സാണ് ഒരുക്കിയിരിക്കുന്നത്. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് സൗജന്യ പരിശീലനം, യൂണിഫോം, താമസം, ഭക്ഷണം, പഠന സാമഗ്രികള്‍  തുടങ്ങിയവ ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ ജോലിയും ലഭ്യമാക്കും. നിലവില്‍ ബ്യൂട്ടി കോഴ്‌സായ ഇന്റഗ്രേറ്റഡ് കോഴ്‌സ് ഇന്‍ സ്‌കിന്‍, ഹെയര്‍, ആന്‍ഡ് മേക്കപ്പ് എന്ന കോഴ്‌സാണ് ആരംഭിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, തൃശ്ശൂര്‍, എറണ്ണാകുളം എന്നീ ജില്ലകളില്‍ നിന്നായി 35 വീതം പേരുടെ രണ്ട് ബാച്ചുകളിലായിരിക്കും കോഴ്‌സ്
    ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ് നല്‍കി. അസ്സിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വാസു പ്രദീപ്, ഡിഡിയുജികെവൈ  ജില്ലാ പോജക്ട് ഇന്‍ ചാര്‍ജ് വിനേഷ് പി, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കവിത തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.  
പി എന്‍ സി/3031/2019

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം 
    കണ്ണൂര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും പ്രതിമാസം സാമ്പത്തിക സഹായം കൈപ്പറ്റുന്ന, ആഗസ്ത് മാസത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇതുവരെയും ഹാജരാകാത്ത രണ്ടാം ലോകമഹായുദ്ധ സേനാനികള്‍, അവരുടെ വിധവകള്‍ എന്നിവര്‍ ഓണത്തിന് മുമ്പ് പ്രതിമാസ സാമ്പത്തിക സഹായം (എംഎഫ്എ) ലഭിക്കുന്നതിനായി ആഗസ്ത് 31ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ്  ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/3032/2019 

സ്ഥലം ലേലം 
    ബാങ്ക് കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത ചെമ്പിലോട് വില്ലേജില്‍ റി.സ 4/1 ല്‍ 0.25 ഏക്കര്‍ സ്ഥലവും അതില്‍ ഉള്‍പ്പെട്ട സകലതും സെപ്റ്റംബര്‍ നാലിന് രാവിലെ 11 മണിക്ക് ചെമ്പിലോട് വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ താലൂക്ക് ഓഫീസുമായി ചെമ്പിലോട് വില്ലേജ് ഓഫീസുമായോ ബന്ധപ്പെടുക.
പി എന്‍ സി/3033/2019

ഹരിത നിയമാവലി: ബ്ലോക്ക് തല പരിശീലനപരിപാടി 
സെപ്തംബര്‍ രണ്ട് മുതല്‍ 
    ഹരിത നിയമങ്ങള്‍ സംബന്ധിച്ച് വിപുലമായ ബോധവല്‍ക്കരണത്തിന് ലക്ഷ്യമിട്ട് ഹരിത കേരളം മിഷനും വിവിധ വകുപ്പുകളും കിലയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബ്ലോക്ക് തല ബോധവല്‍ക്കരണപരിപാടിക്ക് സെപ്തംബര്‍ രണ്ടിന് തുടക്കമാകും. പഞ്ചായത്തുതല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കായാണ് ബ്ലോക്ക് തലത്തില്‍ പരിശീലനം നല്‍കുന്നത്. പയ്യന്നൂര്‍, കല്യാശ്ശേരി ബ്ലോക്കുകളിലെ പഞ്ചായത്തുതല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കായി പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും തളിപറമ്പ് ഇരിക്കൂര്‍ ബ്ലോക്കുകളിലുള്ളവര്‍ക്കായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും സെപ്റ്റംബര്‍ രണ്ടിന് രാവിലെ പത്തുമണി മുതല്‍ പരിശീലനം നല്‍കും. 
    സെപ്തംബര്‍ മൂന്നിന് എടക്കാട്, കണ്ണൂര്‍ ബ്ലോക്കുകളിലുള്ളവര്‍ക്ക് ജില്ലാ ആസൂത്രണസമിതി ഹാളിലും പേരാവൂര്‍, ഇരിട്ടി ബ്ലോക്കുകളിലുള്ളവര്‍ക്ക് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും പരിശീലനം നടക്കും കൂത്തുപറമ്പ്, പാനൂര്‍, തലശ്ശേരി ബ്ലോക്കുകളിലുള്ള പഞ്ചായത്തുതല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം സെപ്തംബര്‍ നാലിന് രാവിലെ 10 മണിക്ക് കൂത്തുപറമ്പ് ബ്ലോക്ക് ഹാളിലും നടക്കും. 
പി എന്‍ സി/3034/2019

തൊഴിലധിഷ്ഠിത പരിശീലനം
    ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ വൈദഗ്ധ്യം ലക്ഷ്യമിട്ട് എം സി എ എന്‍ഞ്ചിനീയറിംഗ്  വിദ്യാര്‍ഥികള്‍ക്കായി ലിനക്‌സ്, അപ്പാച്ചെ, എംവൈഎസ്‌ക്യൂഎല്‍, പിഎച്ച്പി (ലാമ്പ് ഇന്റണ്‍ഷിപ്പ്) എന്നിവയില്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്‍ര്‍ മുഖേനെയാണ് പരിശീലനം.
    കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനുമായി കെല്‍ട്രോണ്‍ നോളജ് സെന്റര്‍ അംബേദ്കര്‍ ബില്‍ഡിംഗ് (മൂന്നാം നില) റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് ഫോണ്‍. 8089245760, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, പുളിക്കല്‍ അവന്യൂ ബില്‍ഡിംഗ് (ഒന്നാംനില), കത്രിക്കടവ്, എറണാകുളം, ഫോണ്‍. 9207811878 എന്നീ വിലാസങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്. 
പി എന്‍ സി/3035/2019

വയോജനങ്ങള്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നു 
    കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ  വയോശ്രീ യോജന പദ്ധതി പ്രകാരം ബി പി എല്‍ കുടുംബത്തിലെ വയോജനങ്ങള്‍ക്ക് വീല്‍ചെയര്‍, എല്‍ബ്രോക്രച്ചസ്, ഫോള്‍ഡിംഗ് വോക്കര്‍, കേള്‍വി സഹായി, ട്രിപ്പോര്‍ഡ് ആന്റ് ടെട്രാപ്പോഡ്, വോക്കിംഗ് സ്റ്റിക്ക്, ക്രിത്രിമ ദന്തല്‍ നിര, കണ്ണട എന്നീ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ക്യാമ്പുകള്‍ സെപ്തംബര്‍ 27 ഒക്ടോബര്‍ 17, 19 തീയതികളില്‍ യഥാക്രമം തളിപ്പറമ്പ് (പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ താമസക്കാര്‍), ഇരിട്ടി (ഇരിട്ടി താലൂക്കിലെ താമസക്കാര്‍), കണ്ണൂര്‍ (കണ്ണൂര്‍, തലശ്ശേരി താലൂക്കിലെ താമസക്കാര്‍), എന്നീ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നു. ഉപകരണം ആവശ്യമുള്ള വയോജനങ്ങള്‍ അടുത്തുള്ള അങ്കനവാടിയില്‍ ആഗസ്ത് 31 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ക്യാമ്പ് നടക്കുന്ന സ്ഥലം പിന്നീട് അറിയിക്കും. വയസ് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ്,  റേഷന്‍ കാര്‍ഡ്/വരുമാന സര്‍ട്ടിഫിക്കറ്റ്/ പെന്‍ഷന്‍ രേഖ,  ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, മേല്‍വിലാസം തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് (റേഷന്‍ കാര്‍ഡ്/ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ), രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമാണ് ക്യാമ്പില്‍ ഹാജരാകേണ്ടത്.
പി എന്‍ സി/3036/2019

അന്താര്‍ ദേശീയ ചിത്രരചനാ മത്സരം 30 ന്
    സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഇ നോ ഹിക്കാരി ജപ്പാനുമായി സഹകരിച്ച് അന്തര്‍ദേശീയ ചിത്രരചനാ മത്സരം സഘടിപ്പിക്കുന്നു. ആഗസ്ത് 30 ന് രാവിലെ 10 മണി മുതല്‍ തെക്കീബസാറിലെ സഹകരണ പരിശീലന കേന്ദ്രത്തിലാണ് മത്സരം. ആറിനും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സഹകരണ പരിശീലന കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 9846318594, 8075646419.
പി എന്‍ സി/3037/2019

സി ഡിറ്റില്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
    സി ഡിറ്റില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഡിസിഎ, ഡാറ്റാ എന്‍ട്രി, ഡിടിപി, എം എസ് ഓഫീസ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. മിനിമം യോഗ്യത എസ്എസ്എല്‍സി. താല്‍പര്യമുള്ളവര്‍ സപ്തംബര്‍ ഏഴിന് മുമ്പ് അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും സി ഡിറ്റിന്റെ മേലെചൊവ്വയിലുള്ള പഠനകേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2729877, 9947763222.
പി എന്‍ സി/3038/2019

അവലോകന യോഗം 30 ന്
    വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിപണനവും തടയുന്നതിനും ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി  രൂപീകരിച്ച ജില്ലാതല ജനകീയ കമ്മറ്റിയുടെ അവലോകന യോഗം ആഗസ്ത് 30 ന് മൂന്ന് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പി എന്‍ സി/3039/2019

ഗുണഭോക്താക്കള്‍ ഹാജരാകണം
    ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മുഴപ്പിലങ്ങാട് കൃഷിഭവനില്‍ നിന്ന് തെങ്ങിനുള്ള ജൈവവളത്തിന്റെ വിതരണം ആഗസ്ത് 27 മുതല്‍ ആരംഭിക്കും. ഗുണഭോക്താക്കള്‍ 2019- 20 വര്‍ഷത്തെ നികുതി രസീതിന്റെ പകര്‍പ്പ്, മുഴപ്പിലങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതം കൃഷിഭവനില്‍ ഹാജരാകേണ്ടതാണ്. ഹാജരാകേണ്ട തീയതി- വാര്‍ഡ് എന്നീ ക്രമത്തില്‍. ആഗസ്ത് 27- നാല്, അഞ്ച്, ആഗസ്ത് 29- ആറ്, രണ്ട്, ആഗസ്ത് 30- ഏഴ്, എട്ട്, മൂന്ന്, ആഗസ്ത് 31- ഒമ്പത്, 10, സപ്തംബര്‍ രണ്ട്- 11, 12, സപ്തംബര്‍ മൂന്ന്- 13, 14, സംപ്തംബര്‍ നാല്- 15, ഒന്ന്. 
പി എന്‍ സി/3040/2019

ക്യാമ്പ് ഫോളോവര്‍ നിയമനം
    മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയനില്‍ താല്‍ക്കാലിക ക്യാമ്പ് ഫോളോവര്‍മാരെ നിയിക്കുന്നു. കുക്ക്, ധോബി, ബാര്‍ബര്‍, വാട്ടര്‍ കാരിയര്‍, സ്വീപ്പര്‍ എന്നീ വിഭാഗങ്ങളിലാണ് നിയമനം. മുന്‍പരിചയം അനിവാര്യം. താല്‍പര്യമുള്ളവര്‍ ആഗസ്ത് 30 ന് രാവിലെ 10 മണിക്ക് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഹാജരാകേണ്ടതാണ്. ഫോണ്‍ : 0497 2781316 
പി എന്‍ സി/3041/2019

കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള
പ്രതിദിന നറുക്കെടുപ്പ് വിജയികള്‍
    ഓണത്തോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന കൈത്തറി പ്രദര്‍ശന വിപണ മേളയിലെ പ്രതിദിന നറുക്കെടുപ്പിലെ ആഗസ്ത് 25 ലെ സമ്മാന വിജയികള്‍.  കൂപ്പണ്‍ നമ്പര്‍, പേര് എന്ന ക്രമത്തില്‍.  6496 - രതീഷ് ബാബു, ഇന്ദീവരം, ചിറക്കല്‍, 8914 - ഷീല, ഗസല്‍, മൊകേരി, 2978 - ഓജസ് ജോഷി, സാരംഗ്, തോട്ടട, 7584 - സക്കീം ഖൈസ്, നിസ മന്‍സില്‍, അത്താഴക്കുന്ന്. വിജയികള്‍ സപ്തംബര്‍ 10 ന് മുമ്പ് സമ്മാനങ്ങള്‍ കൈപ്പറ്റുന്നതിനായി രേഖകള്‍ സഹിതം പൊലീസ് മൈതാനിയിലുള്ള  പ്രദര്‍ശന വിപണന മേള പവലിയന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
പി എന്‍ സി/3042/2019

വാഹന്‍- താല്‍ക്കാലിക രജിസ്ട്രേഷനുള്ള 
വാഹനങ്ങള്‍ ഹാജരാക്കണം
    സ്മാര്‍ട്ട് മൂവ്, വെബ് വഴി താല്‍ക്കാലിക രജിസ്ട്രേഷന്‍ സമ്പാദിച്ച വാഹനങ്ങള്‍ നാളെ (ആഗസ്ത് 27) ആര്‍ടി ഓഫീസില്‍ ഹാജരാക്കി സ്ഥിരം രജിസ്ട്രേഷന്‍ നേടണമെന്ന് ആര്‍ടിഒ അറിയിച്ചു. വാഹന രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കുമായി ആരംഭിച്ച കേന്ദ്രീകൃത വെബ് അധിഷ്ഠിത സോഫ്റ്റ്വെയറായ വാഹന്‍ ജില്ലയില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പഴയ വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സപ്തംബര്‍ 9 മുതല്‍ വാഹന്‍ സോഫ്റ്റ്വെയറിലൂടെ മാത്രമേ സാധ്യമാവൂ. 
    എല്ലാ സീരീസിലെയും 1 മുതല്‍ 500 വരെ നമ്പറിലുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ആഗസ്ത് 27 മുതല്‍ നിര്‍ത്തിവയ്ക്കുമെന്നും ആര്‍ടിഒ അറിയിച്ചു. ഇവയുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ ആഗസ്ത് 29ന് മുമ്പായി എല്ലാ നടപടികളും പൂര്‍ത്തിയാക്കണം. ഈ ശ്രേണിയിലുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സപ്തംബര്‍ ഏഴിനു ശേഷം പരിവാഹന്‍ പോര്‍ട്ടലിലൂടെ പുനരാരംഭിക്കുമെന്നും ആര്‍ടിഒ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2700566 (കണ്ണൂര്‍ ആര്‍ടിഒ), 0490 2353100 (തലശ്ശേരി സബ് ആര്‍ടിഒ), 0460 2206580 (തളിപ്പറമ്പ് സബ് ആര്‍ടിഒ), 0490 2490001 (ഇരിട്ടി സബ് ആര്‍ടിഒ).
പി എന്‍ സി/3043/2019

date