Skip to main content

കൈറ്റിന്റെ 'പ്രൈമറി ഹൈടെക് ലാബ് പദ്ധതി' 80 ശതമാനം പൂർത്തിയായി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എട്ടു മുതൽ 12 വരെ ക്ലാസുകളിലെ 45000 ക്ലാസ്മുറികൾ ഹൈടെക്കാക്കിയതിന്റെ തുടർച്ചയായി ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ 9941 സ്‌കൂളുകളിൽ കിഫ്ബി ധനസഹായത്തോടെ ഹൈടെക് ലാബുകൾ സ്ഥാപിക്കുന്ന പ്രക്രിയയുടെ ശതമാനവും കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി. 2019 ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ആകെ 55086 ലാപ്‌ടോപ്പുകളും 55086 യു.എസ്.ബി സ്പീക്കറുകളും 23170 പ്രൊജക്ടറുകളുമാണ് ഒന്നാംഘട്ടത്തിൽ വിന്യസിക്കുന്നത്. ഇതിൽ 37842 ലാപ്‌ടോപ്പുകൾ, 32225 യു.എസ്.ബി സ്പീക്കറുകൾ, 13513 പ്രൊജക്ടറുകൾ എന്നിവയുടെ വിതരണം പൂർത്തിയായി. സെപ്റ്റംബർ മാസത്തോടെ മുഴുവൻ സ്‌കൂളുകളിലും ഉപകരണങ്ങൾ എത്തിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുെണ്ടന്ന് കൈറ്റ് വൈസ് ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർ സാദത്ത് അറിയിച്ചു.
ഉപകരണങ്ങൾക്ക് അഞ്ചുവർഷത്തെ കോംപ്രിഹെൻസീവ് വാറണ്ടി ഉണ്ട്.  പരാതി പരിഹരിക്കാനുള്ള കോൾസെന്റർ, വെബ്‌പോർട്ടൽ എന്നിവ കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്.  നിശ്ചിത സമയത്തിനകം സ്‌കൂളുകളിൽ നിന്നുള്ള പരാതികൾ പരിഹരിച്ചില്ലെങ്കിൽ പ്രതിദിനം 100 രൂപ നിരക്കിൽ കമ്പനികളിൽ നിന്ന് പിഴ ഈടാക്കും.  എല്ലാ ഐ.സി.ടി ഉപകരണങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയും നൽകും. ദേശീയ ടെൺറിലൂടെ കിഫ്ബി അംഗീകരിച്ച എസ്റ്റിമേറ്റിൽ നിന്നും 47.34കോടി രൂപ (18.76 ശതമാനം) കുറവിലാണ് കൈറ്റ് ഉപകരണങ്ങൾ വാങ്ങുന്നത്.
ഏറ്റവും കൂടുതൽ ഉപകരണങ്ങൾ വിതരണം ചെയ്തത് (6978 ലാപ്‌ടോപ്പുകൾ, 2903 യു.എസ്.ബി. സ്പീക്കറുകൾ, 1955 പ്രൊജക്ടറുകളും) മലപ്പുറം ജില്ലയിലാണ്. പാലക്കാട്, കോഴിക്കോട് ജില്ലകളിലെ സ്‌കൂളുകൾക്കാണ് തുടർന്ന് കൂടുതൽ ഉപകരണങ്ങൾ ലഭിച്ചത്.  
പി.എൻ.എക്സ്.3097/19

date