Skip to main content

പ്ലസ്‌വൺ വേക്കൻസി: ട്രാൻസ്ഫറിന് ഇന്ന് (ആഗസ്റ്റ് 27) മുതൽ അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പഠിതാക്കൾ ഇല്ലാത്ത പന്ത്രണ്ട് ഹയർസെക്കൻഡറി ബാച്ചുകൾ മറ്റ് സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലേയ്ക്ക് മാറ്റി ക്രമീകരിച്ചതിന്റെ ഫലമായുള്ള വേക്കൻസിയും പ്രവേശന നടപടികൾ ആഗസ്റ്റ് ഏഴിന് പൂർത്തീകരിച്ചപ്പോൾ നിലവിലുണ്ടായിരുന്ന വേക്കൻസിയും ചേർന്നുള്ള വേക്കൻസി ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനായി ആഗസ്റ്റ് 27ന് രാവിലെ 10ന് അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ൽ  പ്രസിദ്ധീകരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ, സ്‌പോർട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും ട്രാൻസ്ഫറിന് അപേക്ഷിക്കാം. ജില്ലയ്ക്കകത്തോ/ മറ്റ് ജില്ലയിലേക്കോ സ്‌കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്‌കൂൾ മാറ്റത്തിനോ നിശ്ചിത മാതൃകയിലുള്ള അപേക്ഷ അഡ്മിഷൻ നേടിയ സ്‌കൂളിൽ ആഗസ്റ്റ് 27ന് രാവിലെ 10 മുതൽ ആഗസ്റ്റ് 30ന് ഉച്ചക്ക് രണ്ട് വരെ സമർപ്പിക്കാം.
ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസി സ്‌പോട്ട് അഡ്മിഷനു വേണ്ടി സെപ്തംബർ രണ്ടിന് പ്രസിദ്ധീകരിക്കും. വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി അന്ന് അപേക്ഷ സമർപ്പിക്കാം. വിശദനിർദേശങ്ങൾ പിന്നീട് പുറപ്പെടുവിക്കുമെന്നും ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്.3105/19

date