Skip to main content

പ്രളയാനന്തര ശുചീകരണം: മാതൃകയായി ഗ്രാമപഞ്ചായത്തുകൾ

പ്രളയത്തിനു ശേഷം ജില്ലയിൽ മികച്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ഗ്രാമ പഞ്ചായത്തുകൾ. ജില്ലയിലെ പ്രളയം ബാധിച്ച 79 പഞ്ചായത്തുകളിലെ വെള്ളം കയറിയ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ, കിണറുകൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരിച്ചും ഏഴു ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിച്ചുമാണ് പഞ്ചായത്തുകൾ മാതൃകയാവുന്നത്. ഇതിനായി പഞ്ചായത്ത് തലത്തിൽ പ്രസിഡണ്ട്, സെക്രട്ടറി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആരോഗ്യവിഭാഗം പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ, എൻ എസ് എസ് വളണ്ടിയർമാർ, വിദ്യാർത്ഥികൾ, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ സഹായമാണ് തേടിയിട്ടുള്ളത്. തനതു ഫണ്ട് ഉപയോഗിച്ചാണ് ഓരോ പഞ്ചായത്തിലും ശേുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. 
പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നതിനിടെ ജില്ലയിൽ വെള്ളം കയറിയ 19154 വീടുകളാണ് ഇതേവരെ ശുചീകരിച്ചത്. ഇനി 323 വീടുകൾ കൂടി ശുചീകരിക്കാനുണ്ടെന്ന് പഞ്ചായത്തു വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം വ്യക്തമാക്കി. ഏറ്റവും കൂടുതൽ വീടുകൾ ശുചീകരിച്ചത് പറപ്പുക്കര ഗ്രാമപഞ്ചായത്തിലാണ്-1281 എണ്ണം. കുഴൂർ പഞ്ചായത്തിൽ 1133 വീടുകൾ വൃത്തിയാക്കി. ചാഴൂർ, ചേർപ്പ്, എടത്തിരുത്തി, താന്ന്യം പഞ്ചായത്തുകളിലും ആയിരത്തോളം വീടുകളിൽ ഇക്കാലയളവിൽ ശുചീകരണം നടന്നു. 
മലിനജലം കയറിയ 13837 കിണറുകളിൽ 13606 കിണറുകളാണ് ഇക്കാലയളവിൽ വൃത്തിയാക്കിയിട്ടുള്ളത്. കിണറുകൾ ശുചീകരിച്ച് ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടത്തി. എടത്തിരുത്തി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കിണറുകൾ പ്രളയത്തിൽ മലിനമായത്. ഇവിടെ വെള്ളം കയറിയ 1236 കിണറുകൾ മുഴുവനും വൃത്തിയാക്കി. കുഴൂരിൽ 942 കിണറുകളും പാറളത്ത് 793 കിണറുകളും പറപ്പൂക്കരയിൽ 787 കണറുകളും ശുചീകരിച്ചു. ജില്ലയിൽ വെള്ളം കയറിയ 347 വ്യാപാര സ്ഥാപനങ്ങളിൽ 343 എണ്ണവും ശുചീകരിക്കാനായി. വരന്തരപ്പിള്ളി (45), പറപ്പൂക്കര (33), എടവിലങ്ങ് (32), എടത്തിരുത്തി (30) എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെയാണ് കൂടുതലും പ്രളയം ബാധിച്ചത്. 55 പൊതുസ്ഥാപനങ്ങളിൽ 53 എണ്ണവും വൃത്തിയാക്കി. ചില ഭാഗങ്ങളിൽ പ്രളയത്തിൽ കേടായ ഇലക്ട്രോണിക് ഉപകരണങ്ങളും ശരിയാക്കി നൽകുകയും മാറ്റി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
 

date