Skip to main content

ഉപഭോക്താക്കൾക്ക് നീതി ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി പിണറായി വിജയൻ

* ലീഗൽ മെട്രോളജി വകുപ്പ് ആസ്ഥാനകാര്യാലയത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു
ഉപഭോക്താക്കൾക്ക് നീതി ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളികൾ ഉയർന്ന ഉപഭോക്തൃബോധം പുലർത്തുന്നവരാണെന്ന കാഴ്ചപ്പാടിലാണ് ലീഗൽ മെട്രോളജി വകുപ്പിനെ ശക്തിപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗൽ മെട്രോളജി വകുപ്പിന്റെ ആസ്ഥാനകാര്യാലയത്തിന്റെയും ലബോറട്ടറിയുടെയും പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ചെറുകിടസ്ഥാപനങ്ങൾ മാത്രം കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തിയാൽപ്പോരെന്നും വൻകിടസ്ഥാപനങ്ങൾ എന്ന പരിഗണന പരിശോധകർക്ക് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരോടും തുല്യസമീപനം പുലർത്തണം. മൾട്ടിപ്ളക്സ് തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങളുടെ വില സംബന്ധിച്ച പരാതികൾ ശ്രദ്ധിക്കണം. അനുവദിക്കാൻ പാടില്ലാത്ത എന്തു കാര്യമുണ്ടായാലും ഇടപെടണം. പല ആശുപത്രികളിലും കുട്ടികളുടെ തൂക്കം എടുക്കുന്ന ഉപകരണം കൃത്യത ഇല്ലാത്തതാണെന്ന പരാതിയുണ്ട്. തൂക്കത്തിൽ വ്യത്യാസമുണ്ടായാൽ കുട്ടിക്കു നൽകുന്ന മരുന്നിന്റെ അളവിൽ വ്യത്യാസമുണ്ടാകും. ഇത്തരം കാര്യങ്ങളിൽ ഗൗരവതരമായ പരിശോധന ആവശ്യമാണ്.
പുതിയ സാങ്കേതികവിദ്യകൾ ഇപ്പോൾ തട്ടിപ്പിന് ഉപയോഗിക്കുന്നുണ്ട്. നമ്മുടെ നാട്ടിലും ഇത്തരം തട്ടിപ്പുകൾ ചെറിയതോതിൽ കടന്നുവരുന്നു. ഇവ കണ്ടെത്താൻ മിന്നൽപരിശോധനകളും സാങ്കേതികവിദഗ്ധരെ ഉൾപ്പെടുത്തി തുടർപരിശോധനകളും നടത്തുന്നതിന് സർക്കാർ പിന്തുണയുണ്ടാകും.
ജനകീയവിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നതിനാൽ വലിയ ഉത്തരവാദിത്വമാണ് വകുപ്പിൽ അർപ്പിതമായിരിക്കുന്നത്. ആ ഉത്തരവാദിത്വമാണ് എല്ലാ പ്രവർത്തനങ്ങളിലും പ്രതിഫലിക്കേണ്ടതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി പി.തിലോത്തമൻ അധ്യക്ഷത വഹിച്ചു. വകുപ്പിന്റെ ചിരകാലസ്വപ്നമാണ് സാക്ഷാത്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ഉത്തമതാത്പര്യം സംരക്ഷിക്കുന്നതിനായി കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ നല്ല പ്രവർത്തനം വകുപ്പ് കാഴ്ചവെച്ചു. പുതിയ 14 താലൂക്കുകളിലും ലീഗൽ മെട്രോളജി ഇൻസ്പെക്ഷൻ ഓഫീസുകളും വാഹനങ്ങളും അനുവദിച്ചു. അധികതസ്തികകൾ അനുവദിച്ചും പരാതിപരിഹാരത്തിന് മൊബൈൽ ആപ്പ് ഏർപ്പെടുത്തിയും വകുപ്പിനെ ശാക്തീകരിക്കാനായതായും മന്ത്രി പറഞ്ഞു.
ലീഗൽ മെട്രോളജി ഭവന്റെ താക്കോൽ കൈമാറ്റം കൺട്രോളർ ഡോ. പി. സുരേഷ്ബാബുവിനു നൽകി മുഖ്യമന്ത്രി നിർവഹിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കേന്ദ്ര ലീഗൽ മെട്രോളജി അസിസ്റ്റന്റ് ഡയറക്ടർ ശൈലേന്ദ്ര സിംഗ്, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, ജി.ആർ.അനിൽ തുടങ്ങിയവർ സംസാരിച്ചു. ഭക്ഷ്യ, പൊതുവിതരണ, ലീഗൽ മെട്രോളജി വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും കൺട്രോളർ ഡോ. പി. സുരേഷ്ബാബു നന്ദിയും പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ബിജു കെ.ആർ റിപ്പോർട്ട് അവതരിപ്പിച്ചു.
പട്ടത്ത് ഏഴുനിലകളിലായി പണികഴിപ്പിച്ച കെട്ടിടത്തിൽ കൺട്രോളറുടെ കാര്യാലയം, റീജിയണൽ ട്രെയിനിംഗ് സെന്റർ, ഗോൾഡ് പ്യൂരിറ്റി ടെസ്റ്റിംഗ് ലാബ്, സെക്കൻഡറി സ്റ്റാൻഡേഡ് ലബോറട്ടറികൾ, വർക്കിംഗ് സ്റ്റാൻഡേഡ് ലബോറട്ടറികൾ, ആദ്യകാല അളവുതൂക്ക ഉപകരണങ്ങളുടെ മ്യൂസിയം, ലൈബ്രറി, വീഡിയോ കോൺഫറൻസ് ഹാൾ തുടങ്ങിയവ ക്രമീകരിക്കുന്നുണ്ട്. കൂടാതെ ദക്ഷിണ മേഖലാ ഡെപ്യൂട്ടി കൺട്രോളർ, അസിസ്റ്റന്റ് കൺട്രോളർ, ഫ്‌ളൈയിംഗ് സ്‌ക്വാഡ് അസിസ്റ്റന്റ് കൺട്രോളർ, സീനിയർ ഇൻസ്പെക്ടർ, ഇൻസ്പെക്ടർ എന്നിവരുടെ കാര്യാലയങ്ങളും അനുബന്ധ ലാബുകളും ഇവിടേക്ക് മാറ്റും.
പി.എൻ.എക്സ്.3136/19

date