Skip to main content

പുത്തുമല;  ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം കാണാതായവരെ തേടി അനേകം കരങ്ങള്‍

പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി നടത്തിവന്ന 18 ദിവസം നീണ്ടുനിന്ന തിരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചു. ജില്ല സാക്ഷ്യം വഹിച്ച ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഇവിടെ നടന്നത്. കാണാതായവരെ കണ്ടെത്താന്‍ സര്‍വ്വ സന്നാഹങ്ങളും ഇവിടെ എത്തിച്ചു. ദുഷ്‌കരമായ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നാണ് ഉറ്റര്‍ക്കായി നാട് മുഴുവന്‍ ഉറക്കമില്ലാതെ തിരച്ചിലില്‍ വ്യാപൃതരായത്. സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ശാസ്ത്രീയ രീതികളും അവലംബിച്ച് മുഴുവന്‍ പേരെയും കണ്ടെത്താന്‍ നടത്തിയ പരിശ്രമമാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇവിടെ നടന്നത്. 

  ആഗസ്റ്റ് എട്ടിന് രാത്രിയോടെയാണ് സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ പുത്തുമല ദൗത്യം തുടങ്ങിയത്.  വൈകിട്ട് അഞ്ചിന് പുത്തുമല പച്ചക്കാട് മേഖലയില്‍ ഉരുള്‍പൊട്ടി അപകടത്തില്‍പ്പെട്ടത് 17 പേരായിരുന്നു. പൊലീസ്, റവന്യൂ, പഞ്ചായത്ത്, എച്ച്എംഎല്‍ അധികൃതര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശത്ത് നിന്നും കാണാതായവരുടെ പട്ടിക തയ്യാറാക്കിയത്.ഇതില്‍ 12 പേരുടെ മൃതദേഹം വിവിധ ദിവസങ്ങളില്‍ നിന്നായി കണ്ടെടുത്തു. തിരിച്ചറിയാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി കണ്ണൂരിലെ റീജിയണല്‍ ഫോറന്‍സിക് സയന്‍സസ് ലബോറട്ടറിയിലേക്ക് അയച്ചു. ഇതില്‍ പുരുഷന്റെ മൃതദേഹം ഗൗരിശങ്കറിന്റേതാണെന്ന് ഡിഎന്‍എ ഫലം വന്നു. അവശേഷിക്കുന്ന അഞ്ചുപേര്‍ക്കുവേണ്ടിയായിരുന്നു തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നത്. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.കെ ഷൈലജ ടീച്ചര്‍, ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരും    നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. സി.കെ ശശീന്ദ്രന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, വൈത്തിരി തഹസില്‍ദാര്‍ ടി.പി. അബ്ദുള്‍ ഹാരിസ്, ആരോഗ്യകേരളം ഡിപിഎം ഡോ. ബി.അഭിലാഷ്, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. സിബി വര്‍ഗീസ്, സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത് കുമാര്‍ എന്നിവര്‍ ആദ്യാവസാനം രക്ഷാപ്രവര്‍ത്തനത്തില്‍ മേല്‍നോട്ടം വഹിച്ചിരുന്നു.

കാണാതായവര്‍ക്കും ആനുകൂല്യം ലഭ്യമാക്കും
പുത്തുമല ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെയും കാണാതായവരുടെയും ആശ്രിതര്‍ക്ക് അര്‍ഹമായ അനുകൂല്യം ലഭ്യമാക്കുമെന്നും സബ്കളക്ടര്‍ അറിയിച്ചു. ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന നടപടികള്‍ ഇവിടെയും പരിഗണിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കും. കാണാതായവരുടെ കുടുംബങ്ങളുടെ പൂര്‍ണ്ണസമ്മതത്തോടെയാണ് നിലവില്‍ ഔദ്യോഗിക തിരച്ചില്‍ അവസാനിപ്പിച്ചത്. ഏതെങ്കിലും സാഹചര്യത്തില്‍ തിരച്ചില്‍ ആവശ്യപ്പെട്ടാല്‍ വൈത്തിരി തഹസില്‍ദാരുടെ നേതൃത്വത്തിലുളള സംഘം പൂര്‍ണ്ണസജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. പ്രാദേശികമായി തിരച്ചില്‍ നടത്തുന്നവര്‍ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു.

സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കും
      പുത്തുമല ഉരുള്‍പൊട്ടലും തുടര്‍ന്നു നടന്ന രക്ഷാപ്രവര്‍ത്തനത്തിന്റെയും സമഗ്ര റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന് സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് അറിയിച്ചു. ഒരു സ്ത്രീയുടെ മൃതദേഹത്തിന്റെ കൂടി ഡിഎന്‍എ ഫലം ലഭിച്ചാലുടന്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടി വഴി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആഗസ്റ്റ് 18 ന് സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നും ലഭിച്ച പുരുഷ മൃതദേഹം തമിഴ്‌നാട് സ്വദേശി ഗൗരിശങ്കറിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിഎന്‍എ ഫലം ഇന്നലെ (ആഗസ്റ്റ് 26ന്) രാവിലെ ലഭിച്ചെന്ന് സബ്കളക്ടര്‍ അറിയിച്ചു.

ഇനി പുനരധിവാസം     
        പുത്തുമല പുനരധിവാസത്തിനായുള്ള അനുയോജ്യ സ്ഥലം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പുത്തുമല പാടികളിലുള്ളവര്‍ക്കടക്കം പുനരധിവാസം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രദേശത്ത് 58 വീടുകള്‍ പൂര്‍ണ്ണമായും 22 വീടുകള്‍ ഭാഗീകമായും തകര്‍ന്നിട്ടുണ്ട്. പ്രദേശത്തെ മാനസിക ആഘാത വിമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള ബൃഹത്തായ കൗണസലിംഗ് പദ്ധതികളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. 
 
ആദ്യദിനം ഭീതിജനകം; പിന്നെ ഒറ്റക്കെട്ടായി നേരിട്ടു
കിലോമീറ്ററുകളോളം ഉരുള്‍പൊട്ടിയെത്തിയ മണ്ണും പാറക്കൂട്ടവും മരവും പ്രദേശത്തെ ടീ എസ്റ്റേറ്റിലെ പാടിയും കാന്റീനുമടക്കമുള്ളവയെ നിമിഷനേരം കൊണ്ടില്ലാതാക്കി. ഏക്കറുകണക്കിനു ഭൂമി ഒലിച്ചു പോവുകയും ഒരു നാടുമുഴുവന്‍ ഒറ്റപ്പെടുകയും ചെയ്തു. പ്രദേശത്തേക്ക് എത്തിച്ചേരാന്‍ പറ്റാത്തവിധം റോഡിന്റെ വിവിധ ഭാഗങ്ങള്‍ പൂര്‍ണ്ണമായി അടഞ്ഞു. ആഗസ്റ്റ് എട്ടിന് വൈകിട്ട് ഏഴുമണിയോടെ തന്നെ മൂന്നോളം ജെസിബി ഉപയോഗിച്ച് മണ്ണുമാറ്റാന്‍ ശ്രമിച്ചെങ്കിലും കനത്തമഴയെ തുടര്‍ന്ന് മണ്ണിടിയാന്‍ തുടങ്ങിയതോടെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി. ആഗസ്റ്റ് ഒന്‍പതിന് രാവിലെ ആറിന് ദേശീയ ദുരന്തനിവാരണ സേനയുടെയും (എന്‍.ഡി.ആര്‍.എഫ്) കണ്ണൂരില്‍ നിന്നുള്ള ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെയും (ഡി.എസ്.സി) 100 ഓളം പേരടങ്ങുന്ന ടീമുകളും സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിന് കനത്ത മഴ കടുത്ത പ്രതിസന്ധിയായെങ്കിലും റോഡിലെ മണ്ണ് മാറ്റി രക്ഷാപ്രവര്‍ത്തനത്തിന് വേഗത കൂട്ടാനായിരുന്നു ആദ്യ ശ്രമം. അന്ന് ഉച്ചയോടെ സംഘം പുത്തുമല ഉരുള്‍പൊട്ടിയ ഭാഗത്തെത്തി. മുണ്ടക്കൈ-ചൂരല്‍മല ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പുത്തുമലയിലെ പാലത്തിലൂടെ ഉരുള്‍പൊട്ടിവന്ന ചളിവെള്ളത്തിന്റെ ശക്തമായ ഒഴുക്ക് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു. തുടര്‍ന്ന് ബദല്‍ റോഡുകള്‍ ഉണ്ടാക്കി ജെസിബിയും ഹിറ്റാച്ചിയും പ്രദേശത്തേക്ക് എത്തിക്കുകയായിരുന്നു.  
  
അപകട ഭീക്ഷണിയെ തുടര്‍ന്ന് പ്രദേശത്തു നിന്നും ഭൂരിഭാഗം ആളുകളെയും ആദ്യംതന്നെ മുണ്ടക്കൈ ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാറ്റിയിരുന്നു. കൂടാതെ ഒന്നര ദിവസം മുമ്പു തന്നെ എലവയല്‍, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ നിന്നും രണ്ടായിരത്തിലധികം പേരെ മേപ്പാടിയിലെ വിവിധ ക്യാമ്പുകളിലേക്കും മാറ്റിയിരുന്നു. കനത്ത മഴ ദുഷ്‌കരമാക്കിയിരുന്നെങ്കിലും ഒന്‍പതു മൃതദേഹങ്ങള്‍ ആദ്യദിവസങ്ങളില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞു. തുടര്‍ച്ചയായ തിരച്ചിലുകള്‍ക്കു ശേഷം ആറാം ദിവസം ആഗസ്റ്റ് 18ന് കണ്ടെത്തിയ 11-ാമത്തെ മൃതദേഹം ഉരുള്‍പൊട്ടിയ സ്ഥലത്തു നിന്നും ഏകദേശം ആറു കിലോമീറ്റര്‍ ദൂരെ സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തായിരുന്നു. ഈ പശ്ചാത്തലത്തില്‍ അതീവ ദുര്‍ഘടമായ സൂചിപ്പാറ പ്രദേശത്ത് 12 പേരടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ആഗസ്റ്റ് 19ന് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് 1500 അടി താഴെനിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നത്. പത്ത് മണിക്കൂറത്തെ പരിശ്രമം വേണ്ടിവന്നു. അവശേഷിക്കുന്നവരെ കണ്ടെത്താന്‍ കാന്തന്‍പാറയിലേക്കും തുടര്‍ന്ന് നിലമ്പൂര്‍ ഭാഗങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചു. ഫയര്‍ഫോഴ്‌സ്, ദുരന്തനിവാരണ സേന, ഫോറസ്റ്റ്, പൊലീസ്, നാട്ടുകാര്‍ എന്നിവരടങ്ങുന്ന 30 അംഗ ടീം പരപ്പന്‍പാറയില്‍ നിന്നും നിലമ്പൂര്‍ മുണ്ടേരിയിലേക്കുള്ള 25 കിലോമീറ്ററോളം നടന്നുപോയും തിരച്ചില്‍ നടത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തെ എലവയല്‍ കുളത്തിനടിയില്‍ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലുള്ള മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തി. എന്നാല്‍ സാധ്യമായ എല്ലായിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും അവശേഷിക്കുന്നവരെ കണ്ടെത്താനുള്ള പരിശ്രമം വിഫലമാവുകയായിരുന്നു.  
കാണാതായവരെ കണ്ടെത്താന്‍ ശാസ്ത്രീയ രീതികളായ മാപ്പിംഗ്, സ്‌നിപ്പര്‍ ഡോഗ്, ഗ്രൗണ്ട് പെനേട്രേറ്റിംഗ് റഡാര്‍ സംവിധാനങ്ങളും 13 ഹിറ്റാച്ചികള്‍, ജെസിബി അടക്കമുള്ള ഉപകരണങ്ങളും ഉപയോഗിച്ചു. ഫയര്‍ഫോഴ്‌സ്, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, വനം വകുപ്പ്, വിവിധ വകുപ്പുകള്‍, കോഴിക്കോട് വയനാട് ജില്ലകളിലെ പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുമടങ്ങുന്ന അഞ്ഞൂറോളം പേര്‍ പുത്തുമല ദൗത്യത്തില്‍ പങ്കെടുത്തു. ആഗസ്റ്റ് 23ന് മേപ്പാടി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തെ തുടര്‍ന്നാണ് കാണാതായവരുടെ ബന്ധുക്കളുടെ കൂടി സമ്മതത്തോടെ തിരച്ചിില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. 

     കഴിഞ്ഞ 20 വര്‍ഷത്തിനിടെ പുത്തുമല പ്രദേശത്ത് ഉരുള്‍പൊട്ടിയിട്ടില്ലെന്നാണ് രേഖകള്‍ പറയുന്നത്. 2018ലെ മഹാപ്രളയ സമയവും പുത്തുമല സുരക്ഷിതമായിരുന്നു. എന്നാല്‍ അതിശക്തമായ ഉരുള്‍പൊട്ടലില്‍ ഒരു ഗ്രാമം തന്നെ മണ്ണിനടിയിലമര്‍ന്നുപോയ സാഹചര്യമാണുണ്ടായത്. പ്രദേശത്ത് 12 അടിയോളം ഉയരത്തില്‍ ചളി അടിഞ്ഞുകൂടിയെന്നാണ് കണ്ടെത്തല്‍.
 

date