Skip to main content

കാസര്‍കോട് പി ആര്‍ ഡി അറിയിപ്പ്

ഓണത്തിന് മിതമായ നിരക്കില്‍ പഴം-പച്ചക്കറി:
ജില്ലയില്‍ 106 വിപണന കേന്ദ്രങ്ങള്‍

ഓണത്തിന് മിതമായ നിരക്കില്‍ പഴം-പച്ചക്കറി ലഭ്യമാക്കുന്നതിന് ജില്ലയില്‍ 106 വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ എ.ഡി.എം. എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഓണക്കാലത്ത് പഴം- പച്ചക്കറികള്‍ക്ക് അമിത വില ഈടാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിന് സര്‍ക്കാറിന്റെ വിപണി ഇടപെടലിന്റെ ഭാഗമായാണ് വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കന്നത്. 
കര്‍ഷകരില്‍ നിന്ന് ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കുന്നത് ഒരു പരിധി വരെ തടയാന്‍ ഇതിലൂടെ സാധിക്കും. കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉല്‍പന്നങ്ങള്‍ ശേഖരിച്ചാണ് വിപണനം നടത്തുന്നത്. ഇതിലൂടെ ജൈവകൃഷി പ്രോല്‍സാഹിപ്പിക്കാനും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പ് വരുത്താനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനും  സാധിക്കും. കൃഷി വകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഓണം വിപണി. 
സംസ്ഥാനത്ത് ആകെ 2000 വിപണന കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ ആരംഭിക്കുന്നത്. സെപ്റ്റംബര്‍ ഏഴ്, എട്ട്, 9, 10 തിയ്യതികളിലാണ് വിപണനം.  ജില്ലയില്‍ കൃഷി വകുപ്പിന്റെ 57, കുടുംബശ്രീ 42, വി.എഫ്.പി.സി.കെ യുടെ ഏഴ് വിപണന കേന്ദ്രങ്ങളുമാണ് ആരംഭിക്കുന്നത്. 100 രൂപ വിലയുള്ള പച്ചക്കറി കിറ്റില്‍ ഒരു വീട്ടിലേക്കാവശ്യമുള്ള അത്യാവശ്യ പച്ചക്കറികള്‍ ലഭിക്കും. 
വിഷരഹിത പഴം-പച്ചക്കറികള്‍ കൂടാതെ മറയൂര്‍ ശര്‍ക്കര, മറയൂര്‍ വെളുത്തുള്ളി, കേര വെളിച്ചണ്ണ, ശുദ്ധമായ തേന്‍ എന്നിവയും ലഭിക്കും. പൂര്‍ണ്ണമായും ഹരിത  ചട്ടം പാലിച്ചായിരിക്കും വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ ഈ ഓണത്തിന് സര്‍ക്കാറിന്റെ വിപണന കേന്ദ്രങ്ങളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങി സഹകരിക്കണമെന്ന് എ.ഡി.എം. എന്‍. ദേവിദാസ് അഭ്യര്‍ത്ഥിച്ചു.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.പി.സി
വിദ്യാലയ പരിസരത്ത് കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളുടേയും മയക്കുമരുന്നിന്റെയും ഉപയോഗവും വില്‍പ്പനയും കര്‍ശനമായി തടയാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സേവനം ലഭ്യമാക്കുന്നതിന് എസ് പി സി ജില്ലാതല ഉപദേശക സമിതി യോഗം തീരുമാനിച്ചു.  സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വസ്തുവില്‍പനയും ഉപയോഗവും കണ്ടാല്‍ 112 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണം. ഇതിനായി സ്റ്റുഡന്റ് പോലീസ്  രംഗത്തിറങ്ങണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്,  എസ് പി സി ജില്ലാതല സമിതി അംഗങ്ങള്‍ പങ്കെടുത്തു. 

തുല്യതാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പും കേരള സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടപ്പിലാക്കി വരുന്ന പത്താംതരം, ഹയര്‍  സെക്കണ്ടറി തുല്യതാ  കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏഴാംതരം ജയിച്ചവര്‍ക്കും എട്ട്, ഒന്‍പത്, പത്താംതരം തോറ്റവര്‍ക്കും പത്താംതരം രജിസ്‌ട്രേഷന്‍ ചെയ്യാം. പത്താംതരം ജയിച്ചവര്‍ക്കും പ്ലസ് ടു തോറ്റവര്‍ക്കും ഹയര്‍ സെക്കണ്ടറി രജിസ്‌ട്രേഷന്‍ ചെയ്യാം. മലയാളം, കന്നട, തമിഴ് ഭാഷകളിലും പഠിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക്  9496424667.
 

ടെലിവിഷന്‍  ജേണലിസത്തിന്  അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക്  അപേക്ഷ  ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക്  അപേക്ഷിക്കാം. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി  30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്്,  പ്ലേസ്‌മെന്റ് സഹായം എന്നിവ പഠന സമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ്  ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്പ്‌മെന്റ് കോപ്പറേഷന്‍ ലിമിറ്റഡ്  എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ   ഡിഡി സഹിതം സെപ്റ്റംബര്‍  30 നകം സെന്ററില്‍ അപേക്ഷ നല്‍കണം.വിശദവിവരങ്ങള്‍ക്ക്:  8137969292
 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ  സ്വയംതൊഴില്‍
പദ്ധതിയിലേക്ക് അപേക്ഷിക്കാം

കെസ്‌റു, ജോബ് ക്ലബ്, ശരണ്യ എന്നിവയിലേക്ക് കാസകോട്  ജില്ലക്കാരായ ഉദേ്യാഗാര്‍ത്ഥികളില്‍ നിന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  അപേക്ഷ  ക്ഷണിച്ചു. കെസ്‌റു (കേരള സ്റ്റേറ്റ് സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീം ഫോര്‍ ദി രജിസ്റ്റേര്‍ഡ് അണ്‍ എംപ്ലോയ്ഡ്) പ്രകാരം പരമാവധി ഒരു ലക്ഷം രൂപ വായ്പ  20 ശതമാനം സബ്‌സിഡിയോടെ ലഭിക്കും. അപേക്ഷന്റെ പ്രായം 21 നും 50  മധ്യേയായിരിക്കണം.കുടുംബ വാര്‍ഷിക  വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
ജോബ് ക്ലബ് തുടങ്ങുന്നതിന്  പരമാവധി 10 ലക്ഷം രൂപ വായ്പ 25 ശതമാനം സബ്‌സിഡി നിരക്കില്‍ 21 നും 45 നും മധ്യേ പ്രായമുള്ള ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാന പരിധിയുള്ള അപേക്ഷകര്‍ക്ക് ലഭിക്കും.  ശരണ്യാ സ്വയം തൊഴില്‍ പദ്ധതി  പ്രകാരം പരമാവധി 50,000 രൂപ വായ്പ സ്ത്രീ അപേക്ഷകര്‍ക്ക് ലഭിക്കും. 50 ശതമാനം സബ്‌സിഡിയുള്ള ഈ പദ്ധതിക്ക് 18 നും 55 നും മധ്യേ പ്രായമുള്ള രണ്ട് ലക്ഷം രൂപയില്‍ താഴെ  കുടുംബ വാര്‍ഷിക വരുമാനമുള്ള സ്തീകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം കാസര്‍കോട് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഹോസ്ദുര്‍ഗ്് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും മഞ്ചേശ്വരം ബ്‌ളോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്‌യ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോയിലും ലഭിക്കും. അപേക്ഷകര്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 04994 255582, ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  04672 209068.
                  

                 രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍  31ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കി കാഞ്ഞങ്ങാട് ഈ മാസം 31ന് രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലാണ് രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ നടത്തുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം 250 രൂപ റജിസ്‌ട്രേഷന്‍ ഫീസ്  അടച്ച് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18 നും 35 നും മധ്യേ, യോഗ്യത  -പ്ലസ്ടു/ തത്തുല്യം. കൂടുതല്‍ വിവരങ്ങള്‍ക് :9207155700, 04994297470 .
 

സൗജന്യ കേക്ക് ആന്‍ഡ് പേസ്ട്രീസ് മേക്കിങ് കോഴ്‌സ്

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന സൗജന്യ  കേക്ക് ആന്‍ഡ് പേസ്ട്രീസ് മേക്കിങ് കോഴ്‌സിലേക്ക്  അപേക്ഷ ക്ഷണിച്ചു. പരിശീലനം, ഭക്ഷണം എന്നിവ  സൗജന്യമായിരിക്കും. 20 നും 45 നും ഇടയില്‍    പ്രായമുള്ള ,പത്തു വരെ പഠിച്ച യുവതി -യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സെപ്തംബര്‍ നാലിനകം വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, ആനന്ദാശ്രമം പിഒ, കാഞ്ഞങ്ങാട് എന്ന വിലാസത്തില്‍ നേരിട്ട് നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്- 0467 2268240 
 

സ്‌പോട്ട് അഡ്മിഷന്‍

ചീമേനിയില്‍  തൃക്കരിപ്പൂര്‍ എഞ്ചിനീയറിങ് കോളേജില്‍ ഒഴിവുള്ള റെഗുലര്‍ /ലാറ്ററല്‍ എന്‍ട്രി  ബി.ടെക് സീറ്റുകളിലേക്ക് ഈ മാസം  30, 31 തീയ്യതികളില്‍ രാവിലെ പത്തിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഫോണ്‍ : 04672 250377, 9447322541 
 

അപേക്ഷ ക്ഷണിച്ചു

തുടര്‍ വിദ്യാകേന്ദ്രം തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം ഗവണ്‍ന്റ് പോളിടെക്‌നിക്കില്‍ നടത്തുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഡിടിപി, ടാലി, ഇലക്ട്രിക്കല്‍ വയറിങ് എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ഫോറം പോളിടെക്‌നികിലെ സി.ഇ.സി ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റാം.കൂടുതല്‍ വിവരങ്ങള്‍ക്ക് പോളിടെക്‌നിക്കിലെ സി.ഇ.സി ഓഫീസിസുമായി ബന്ധപ്പെടുക ഫോണ്‍: 8547403380. 
 

റാങ്ക് പട്ടിക റദ്ദായി

കാസര്‍കോട് ജില്ലയില്‍ ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് ll തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2016 ജൂണ്‍ 21 ന് നിലവില്‍ വന്ന 347/16/ DOB  നമ്പര്‍    റാങ്ക് പട്ടികയുടെ കാലാവധി ഈ വര്‍ഷം ജൂണ്‍ 20 ന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. 
 

ഓണം ഉത്സവബത്തയ്ക്ക്  അപേക്ഷ നല്‍കണം

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാസര്‍കോട്  ഡിവിഷന് കീഴിലുളളതും ശമ്പള കുടിശ്ശിക മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് വാങ്ങുന്നതുമായ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കുളള ഈ വര്‍ഷത്തെ  ഓണം ഉത്സവബത്ത കൈപ്പറ്റുന്നതിനായി അപേക്ഷ ബന്ധപ്പെട്ട ക്ഷേത്ര ഭരണാധികാരികള്‍ മലബാര്‍ ദേവസ്വംബോര്‍ഡ്  കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണറുടെ നീലേശ്വരത്തുളള ഓഫീസില്‍  ഈ മാസം 31 നകം നല്‍കണം. ക്ഷേത്രത്തിന്റെ 2018 ലെ വരവ് -ചെലവ് സ്റ്റേറ്റ്‌മെന്റ്, ശമ്പള പട്ടിക, ട്രഷറി/ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ്, താല്‍ക്കാലിക ജീവനക്കാരുണ്ടെങ്കില്‍ അവരുടെ ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ് ക്ഷേത്രഭരണാധികാരിയില്‍ നിന്നുളള സത്യവാങ്മൂലം സഹിതം  എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. 
 

പ്രൊമോട്ടര്‍ നിയമനം

ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ 2020 ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ പ്രൊമോട്ടര്‍മാരെ നിയമിക്കും. അപേക്ഷ ഈ മാസം 30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് -04994 256162.
          

 പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം

പിലിക്കോട് ഗ്രാമപഞ്ചായത്തിലെ തൊഴില്‍ രഹിത വേതന വിതരണവുമായി ബന്ധപ്പെട്ട് രേഖകള്‍ സമര്‍പ്പിക്കുന്നതിന് അര്‍ഹരായ ഗുണഭോക്താക്കള്‍, ദേശസാത്കൃത ബാങ്ക്പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, എപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവയടെ പകര്‍പ്പ് സഹിതം സെപ്തംബര്‍ മൂന്ന്,നാല്  തീയ്യതികളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ പഞ്ചായത്ത് ഓഫീസില്‍ ് ഹാജരാകണം.

date