Skip to main content

വിലക്കയറ്റമില്ലാത്ത ഓണവിപണിയുമായി സപ്ലൈകോയും സഹകരണവും സെപ്റ്റംബര്‍ ഒന്നു മുതല്‍ ജില്ലയില്‍ മേളകള്‍ക്ക് തുടക്കമാവും

    
    ഓണക്കാലത്തെ വിലക്കയറ്റം തടയാന്‍  അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കാനുള്ള ഓണച്ചന്തകളുടെ ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡിന്റെയും പ്രാഥമിക സഹകരണ സംഘങ്ങളുടെയും കൂട്ടായ്മയില്‍ സഹകരണം ഓണം വിപണി തുടങ്ങിയവയുടെ ഓണച്ചന്തകള്‍ വഴിയാണ് കുറഞ്ഞനിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ വിപണനം നടത്തുക.  സെപ്റ്റംബര്‍ ഒന്നു മുതല്‍ 10 വരെ മേളകള്‍ക്ക് ജില്ലയില്‍ തുടക്കമാവും. സെപ്റ്റംബര്‍ ഒന്നിന് സ്‌പ്ലൈകോയുടെ ഓണച്ചന്തകളും സെപ്റ്റംബര്‍ മൂന്നു മുതല്‍ സഹകരണം ഓണവിപണിയും ജില്ലയില്‍ ആരംഭിക്കും. സപ്ലൈകോയുടെ ഓണച്ചന്തകളുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ ഒന്നിന് കുന്നുമ്മല്‍ അല്‍ നവൂദ് ടവറില്‍ രാവിലെ 10ന് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും. സഹകരണം ഓണവിപണിയുടെ ജില്ലാതല ഉദ്ഘാടനം കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ചന്തയില്‍ ഉച്ചയ്ക്ക് 2.30ന് സഹകരണ വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.
291 സഹകരണം ഓണം വിപണികള്‍
16 ത്രീവേണി സൂപ്പര്‍മാര്‍ക്കറ്റും 275 സംഘങ്ങളുടെ വിപണന കേന്ദ്രങ്ങളും ഉള്‍പ്പടെ 291 വിപണ കേന്ദ്രങ്ങളാണ് സഹകരണം ഓണ വിപണിയുടെ ഭാഗമായി ജില്ലയില്‍ ഒരുങ്ങുന്നത്.  13 ഇനം നിത്യോപയോഗ സാധനങ്ങളാണ് വിപണന കേന്ദ്രം വഴി വില്‍പ്പന നടത്തുക. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സമാനമായ വിലയ്ക്ക് തന്നെയാണ് സാധനങ്ങള്‍ വില്‍ക്കുന്നത്. 40 ശതമാനം വരെയാണ് സബ്സിഡിയില്‍ സാധനങ്ങള്‍ നല്‍കുക. അരി-ജയ(25/), കുറുവ-25, കുത്തരി-24, പച്ചരി-23, പഞ്ചസാര-22, വെള്ളിച്ചെണ്ണ-92 , ചെറുപയര്‍-59, വന്‍കടല-39, ഉഴുന്ന് ബോള്‍-60, വന്‍പയര്‍-45, തുവര പരിപ്പ്-49, മുളക് ഗുണ്ടൂര്‍-75, മല്ലി-75 തുടങ്ങിയ  സാധനങ്ങളാണ് സബ്സിഡി നിരക്കില്‍ നല്‍കുന്നത്. അരി ഒരു കുടുംബത്തിന് അഞ്ച് കിലോയും പച്ചരി രണ്ട് കിലോ വീതവും സബ്സിഡി നിരക്കില്‍ നല്‍കും. സബ്സിഡി നിരക്കിലുള്ള മറ്റ് സാധനങ്ങള്‍ അരകിലോ വീതവും വെളിച്ചെണ്ണ ഒരു ലിറ്റര്‍ വീതവും നല്‍കും.മറ്റ് നോണ്‍ സബ്സിഡി സാധനങ്ങള്‍ 15 ശതമാനം മുതല്‍ 30 ശതമാനം വരെ പൊതുവിപണിയേക്കാളും വിലക്കുറച്ച് നല്‍കും. സേമിയം, പാലട, അരിയട, ചുമന്നുള്ളി, സാവാള, ഉരുളക്കിഴങ്ങ്, കറിപ്പൊടികള്‍, അരിപ്പൊടികള്‍,തേയില എന്നിവയും പ്രത്യേകം വിലക്കുറവില്‍ ലഭ്യമാകും. സഹകരണ മേഖലയില്‍ ഉത്പ്പാദിപ്പിക്കുന്ന വിവിധ ബ്രാന്‍ഡുകളും കേരഫെഡിന്റെ വെളിച്ചെണ്ണയും ലഭിക്കും. റേഷന്‍ കാര്‍ഡ് ഉപയോഗപ്പെടുത്തിയാണ് സബ്സിഡി സാധനങ്ങളുടെ വിപണനം നിയന്ത്രിക്കുന്നത്. എല്ലാ ഓണച്ചന്തകളിലും വിലവിവരപ്പട്ടികയും ബാനറും പ്രദര്‍ശിപ്പിക്കും.
എല്ലാ താലൂക്കിലും സപ്ലൈകോ ഓണച്ചന്തകള്‍
    സ്പ്ലൈകോയുടെ  ഓണച്ചന്തകള്‍ ജില്ലാതലത്തിലും താലൂക്ക് തലത്തിലുമാണ് മേള സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിന് മേള ആരംഭിക്കും.താലൂക്ക് തല മേളകള്‍ അതത് താലൂക്കിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കും. മഞ്ചേരിയില്‍ സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റിലും തിരൂരില്‍ ചമ്രവട്ടം ബില്‍ഡിങിലും പൊന്നാനിയില്‍ സ്പ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റിലും പെരിന്തല്‍മണ്ണ പീപ്പിള്‍ ബസാറിലും നിലമ്പൂര്‍ താലൂക്കില്‍ നിലമ്പൂര്‍ മാവേലി സ്റ്റോറിലും തിരൂരങ്ങാടിയില്‍ ചെമ്മാട് സൂപ്പര്‍ മാര്‍ക്കറ്റിലും കൊണ്ടോട്ടിയില്‍ സ്വകാര്യ ബില്‍ഡിങിലും മേള സംഘടിപ്പിക്കും. കൂടാതെ ജില്ലയിലെ തെരഞ്ഞെടുത്ത മാവോലി സ്റ്റോറുകളില്‍ സ്പെഷ്യല്‍ ഓണം മാര്‍ക്കറ്റുകളും സംഘടിപ്പിക്കുന്നുണ്ട്. അരീക്കോട്, താനൂര്‍, കോട്ടക്കല്‍, പുറത്തൂര്‍, അങ്ങാടിപ്പുറം, വണ്ടൂര്‍, അത്താണിക്കല്‍, വേങ്ങര തുടങ്ങിയ സ്ഥലങ്ങളിലെ മാവേലിസ്റ്റോറുകളിലാണ് സ്പെഷ്യല്‍ ഓണം മാര്‍ക്കറ്റുകള്‍ ആരംഭിക്കുക. ബാക്കിയുള്ള മാവേലി സ്റ്റോറുകളിലും ഓണം വിപണി ഉണ്ടായിരിക്കും. സപ്ലൈകോ വില്‍പ്പനശാലയില്ലാത്ത വെട്ടത്തൂരില്‍ സ്പെഷ്യല്‍ മിനി ഫെയറും സംഘടിപ്പിക്കുന്നുണ്ട്.

കാരുണ്യആരോഗ്യസുരക്ഷാപദ്ധതി:
കാര്‍ഡ് നല്‍കുന്നതിന് ക്യാമ്പുകള്‍
    കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പ്രതി വര്‍ഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുന്ന കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ചേരുന്നതിനായി 2019 മാര്‍ച്ച്  വരെ കാലാവധിയുണ്ടായിരുന്ന സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ള എല്ലാ ആര്‍ എസ് ബി വൈ - ചിസ്  കുടുംബങ്ങളും, 2011 ലെ  സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട് പ്രധാന മന്ത്രിയുടെ  കത്ത് കിട്ടിയ കുടുംബങ്ങളും  സെപ്റ്റംബര്‍   അഞ്ചിനു മുമ്പായി പഞ്ചായത്ത്   മുനിസിപ്പല്‍ തല ക്യാമ്പുകള്‍ വഴി കാര്‍ഡ്  കൈപ്പറ്റേണ്ടതാണ്. പുതിയ അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും. പഞ്ചായത്ത് തല കാര്‍ഡ് വിതരണ ക്യാമ്പുകളെ കുറിച്ച് അറിയുന്നതിന് താഴെ തന്നിരിക്കുന്ന ബ്ലോക്ക് തല നമ്പറുകളില്‍ ബന്ധപ്പെടണം.
    നിലമ്പൂര്‍, വണ്ടൂര്‍ ബ്ലോക്ക് - 8086026026, അരീക്കോട് -9142169505, കാളികാവ്  -8590572353, മലപ്പുറം,മങ്കട-9895029502, പെരിന്തല്‍മണ്ണ-9946847896, കൊണ്ടോട്ടി, താനൂര്‍-9847792707, തിരൂരങ്ങാടി, വേങ്ങര-9995599259, കുറ്റിപ്പുറം-7012725402, പൊന്നാനി, തിരൂര്‍, പെരുമ്പടപ്പ്-9747566319, 9526139166.

 

date