Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ടെലിവിഷന്‍  ജേര്‍ണലിസം: അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിലേക്ക് അപേക്ഷ  ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി  30 വയസ്. 
മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്,  പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം നല്‍കുന്നതാണ്. താലപര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും.
ക്ലാസ്സുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി ഡി സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്തംബര്‍  30 നകം സെന്ററില്‍ ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ്  റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014. ഫോണ്‍. 8137969292. 
പി എന്‍ സി/3044/2019

കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
ഉന്നതവിജയികള്‍ക്കുള്ള ഉപഹാരം മുഖ്യമന്ത്രി വിതരണം ചെയ്യും
30-ാം വാര്‍ഷികത്തോടനുബന്ധിച്ച് എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയതും പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയതുമായ കൈത്തറി തൊഴിലാളികളുടെ മക്കള്‍ക്ക് സ്വര്‍ണപ്പതക്കവും ലാപ്ടോപ്പും വിതരണം ചെയ്യുന്നു. സപ്തംബര്‍ രണ്ടിന് രാവിലെ 10.30 ന് കണ്ണൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു പബ്ലിക്ക് ലൈബ്രറി ഹാളില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ആനുകൂല്യങ്ങളുടേയും വര്‍ധിപ്പിച്ച മറ്റ് ആനുകൂല്യങ്ങളുടേയും വിതരണം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. 
കൈത്തറി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുതിനായി 1989 ലാണ് കേരള കൈത്തറി തൊഴിലാളി ക്ഷേമനിധിബോര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചത്. തൊഴിലാളികള്‍ക്ക് ചികിത്സാ സഹായമായി 10000 രൂപ വരെയും മരണാനന്തര ധനസഹായമായി തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 25000 രൂപയും ബോര്‍ഡ് നല്‍കിവരുന്നുണ്ട്. അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ഗ്രാന്റ് 2019 മുതല്‍ 5000 രൂപ വരെയായി വര്‍ധിപ്പിച്ചു. ഇതിന് പുറമെ 1200 രൂപ പ്രതിമാസ പെന്‍ഷനും, വിവാഹ ധനസഹായം, പ്രസവാനുകൂല്യം എന്നിവയും നല്‍കുന്നുണ്ട്. 
പി എന്‍ സി/3045/2019

മെഡിക്കല്‍ ഓഫീസര്‍ നിയമനം
നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ കരാറടിസ്ഥാനത്തില്‍ അലോപ്പതി മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. എംബിബിഎസും ടിസിഎംസി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ആഗസ്ത് 29 ന് രാവിലെ 10 മണിക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ ഓഫീസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 0497 2709920.
പി എന്‍ സി/3046/2019

നിയമസഭാ സമിതി തെളിവെടുപ്പ് 29 ന്
സര്‍ഫേസി ആക്ട് പ്രകാരം എടുത്തിട്ടുള്ള നടപടികള്‍ മൂലം സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള അവസ്ഥാ വിശേഷങ്ങളെ കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി രൂപീകരിച്ച എസ് ശര്‍മ്മ എം എല്‍ എ യുടെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം ആഗസ്ത് 29 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ പൊതുജനങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടുത്ത് പരാതികളും നിര്‍ദേശങ്ങളും അറിയിക്കാം.
പി എന്‍ സി/3047/2019

വന അദാലത്ത് നടത്തുന്നു
വന സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ വന അദാലത്ത് നടത്തുന്നു. സപ്തംബര്‍ 27 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് അദാലത്ത്. ഭൂമി ഒഴികെയുള്ള വന സംബന്ധമായ പരാതികള്‍ സപ്തംബര്‍ ഒന്ന് മുതല്‍ കണ്ണൂര്‍ താലൂക്കിലുള്ളവര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കിലുള്ളവര്‍ തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് പുളിമ്പറമ്പ് / സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് ശ്രീകണ്ഠാപുരം, തലശ്ശേരി താലൂക്കിലുള്ളവര്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസ്, ഫ്‌ളെയിംഗ് സ്‌ക്വാഡ് റെയിഞ്ച് തലശ്ശേരി എന്നിവിടങ്ങളിള്‍ സപ്തംബര്‍ 20 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. vanamadalathkannur@gmail.com ലും പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍: 0497 2704808.
പി എന്‍ സി/3048/2019

ഉപഭോക്തൃവില സൂചിക
2019 ജൂണ്‍ മാസത്തെ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലെ ഉപഭോക്തൃവില സൂചിക അടിസ്ഥാന വര്‍ഷം (2011-12 = 100) യഥാക്രമം 177, 173, 162, 165 (പഴയത് അടിസ്ഥാന വര്‍ഷം 1998 - 99 = 100 യഥാക്രമം 358, 349, 329, 348) ആണെന്ന് ജില്ലാ എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പി എന്‍ സി/3049/2019

മരം ലേലം
കണ്ണവം പോലീസ് സ്‌റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിനായി കണ്ടെത്തിയ വനഭൂമിയിലെ മൃദുമരങ്ങള്‍ മുറിച്ച് നീക്കം ചെയ്യുന്നതിനായി സപ്തംബര്‍ 23 ന് ഉച്ചക്ക് മൂന്ന് മണിക്ക് കണ്ണോത്തുംചാലിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ ലേലം നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് കണ്ണൂര്‍ ഫോറസ്റ്റ് ഡിവിഷനുമായോ കണ്ണവം ഫോറസ്റ്റ് റെയിഞ്ച് ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0497 2704808, 0490 2300971.
പി എന്‍ സി/3050/2019

പഠനമുറിക്ക് അപേക്ഷിക്കാം
ഒരു ലക്ഷത്തില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ സ്റ്റേറ്റ് സിലബസ് പ്രകാരം ഹൈസ്‌കൂള്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മ്മിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് ധനസഹായം നല്‍കുന്നു. അപേക്ഷയും അനുബന്ധ രേഖകളും ആഗസ്ത് 31 ന് മുമ്പായി ബ്ലോക്ക്/ നഗരസഭ പട്ടികജാതി ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. തറ വിസ്തീര്‍ണം 800 ചതുരശ്രമീറ്ററില്‍ താഴെയുള്ള വീടുകള്‍ക്കാണ് ധനസഹായം ലഭിക്കുക. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2700596.
പി എന്‍ സി/3051/2019

സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി ബി.ടെക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ ആഗസ്ത് 29 ന് രാവിലെ 10 മണിക്ക് കോളേജില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 0497 2780226.
പി എന്‍ സി/3051/2019

ഓണച്ചന്ത: സംസ്ഥാനതല ഉദ്ഘാടനം സപ്തംബര്‍ രണ്ടിന് കണ്ണൂരില്‍
ഓണത്തോടനുബന്ധിച്ച് ഒരുക്കുന്ന ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം സപ്തംബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചൊവ്വ സഹാന ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 ന് നടക്കുന്ന പരിപാടിയില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആദ്യവില്‍പന നിര്‍വ്വഹിക്കും.
പി എന്‍ സി/3052/2019

ജില്ലയില്‍ ആഗസ്ത് 30 വരെ യെല്ലോ അലേര്‍ട്ട് 
ശക്തമായ (64.5 മി.മീ മുതല്‍ 115.5 മി.മീ വരെ) മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ആഗസ്ത് 30 വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പി എന്‍ സി/3053/2019

പെണ്‍കുട്ടികള്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കാന്‍
ഷീ സ്‌കില്‍ പദ്ധതിയുമായി അസാപ്
നൈപുണ്യ വിദ്യാഭ്യാസത്തില്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന പുത്തന്‍ ചുവടുവെപ്പുമായി അസാപ്. 15 വയസിന് മുകളില്‍ പ്രായമുള്ള പത്താം തരം പാസായ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പദ്ധതിയിലൂടെ പ്രത്യേക തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനം നല്‍കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ബി പി എല്‍ കുടുംബങ്ങള്‍, ക്രിമിലയറില്‍ ഉള്‍പ്പെടാത്ത എസ്ഇബിസി/ഒബിസി അപേക്ഷകര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി സൗജന്യ പരിശീലനം ലഭിക്കും. എപിഎല്‍ ജനറല്‍ വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്ക്  50 ശതമാനം ഫീസ് സബ്സിഡിയും നല്‍കുന്നുണ്ട്. 150 മണിക്കൂര്‍ നൈപുണ്യ പരിശീലനവും 150 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പും അടങ്ങുന്ന പദ്ധതി ഉടനെ ആരംഭിക്കും.
റീട്ടയില്‍, ബാങ്കിങ്, അപ്പാരല്‍, ബ്യൂട്ടി ആന്റ് വെല്‍നെസ്സ്, ഫുഡ് പ്രോസസ്സിംഗ്, ഹെല്‍ത്ത്കെയര്‍, ഡാറ്റ എന്‍ട്രി തുടങ്ങി വിവിധ മേഖലകളിലാണ് പരിശീലനം നല്‍കുക. അപേക്ഷ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ നല്‍കുന്നതിനായി  http://asapkerala.gov.in സന്ദര്‍ശിക്കുക. അവസാന തീയതി ആഗസ്ത് 31. ജില്ലയില്‍ വിവിധ അസാപ് സ്‌കില്‍ സെന്ററുകളില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് 9746840058 (ഗവ. ടൗണ്‍ എച്ച്എസ്എസ്, കണ്ണൂര്‍), 8920321666 (ജിഎച്ച്എസ്എസ് മാത്തില്‍), 9400616909 (ടിവി ജിവിഎച്ച്എസ്എസ് തളിപ്പറമ്പ്), 9495999749 (കെഎംഎം ഗവ. വുമണ്‍സ് കോളേജ് പള്ളിക്കുന്ന്), 88803566 (ജിഎച്ച്എസ്എസ് കൊട്ടില), 9496865250 (ജിവിഎച്ച്എസ്എസ് കതിരൂര്‍), 8304072516 (ജിഎച്ച്എസ്എസ് പാലയാട്), 7907741437 (ജിഎച്ച്എസ്എസ് കൂത്തുപറമ്പ്), 9745416733 (ജിജിഎച്ച്എസ്എസ് തലശ്ശേരി), 8075731822 (ജിഎച്ച്എസ്എസ് മണത്തണ), 7012561925 (ജിഎച്ച്എസ്എസ് ശ്രീകണ്ഠാപുരം), 8547240003 (ജിഎച്ച്എസ്എസ് തലശ്ശേരി), 9495999671 (ജില്ല കേന്ദ്രം), 0471  2772501 (ഷീ സ്‌കില്‍സ് ഹെല്‍പ്‌ലൈന്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.  
പി എന്‍ സി/3054/2019

കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള
പ്രതിദിന നറുക്കെടുപ്പ് വിജയികള്‍
ഓണത്തോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന കൈത്തറി പ്രദര്‍ശന വിപണ മേളയിലെ പ്രതിദിന നറുക്കെടുപ്പിലെ ആഗസ്ത് 27 ലെ സമ്മാന വിജയികള്‍.  കൂപ്പണ്‍ നമ്പര്‍, പേര് എന്ന ക്രമത്തില്‍.  4829 - മേരി എം ജെ, 9272 - മയൂഖ, ജാസ്മിന്‍ കേളകം, 4831 - ശ്യാമള, കുഴിമ്പാലോട്, 9535 - വിദ്യ ശ്രീജിത്ത്, ശ്രീനിലയം. വിജയികള്‍ സപ്തംബര്‍ 10 ന് മുമ്പ് സമ്മാനങ്ങള്‍ കൈപ്പറ്റുന്നതിനായി രേഖകള്‍ സഹിതം പൊലീസ് മൈതാനിയിലുള്ള  പ്രദര്‍ശന വിപണന മേള പവലിയന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
പി എന്‍ സി/3055/2019
 

date