Skip to main content

മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ അദാലത്ത്: 9.01 ലക്ഷം ധനസഹായത്തിന് ശിപാര്‍ശ

    സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അദാലത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അധ്യക്ഷതയില്‍ നടന്നു. തിരൂര്‍ മുന്‍സിപ്പല്‍ സാംസ്‌കാരിക സമുച്ചയം കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന അദാലത്തില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 36 കേസുകള്‍ പരിഗണിച്ചു. കേരള സംസ്ഥാന പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, മത്സ്യഫെഡ് ജില്ലാ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുത്ത 13 മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസത്തിന് അര്‍ഹമാണെന്ന് കണ്ടതിനെ തുടര്‍ന്ന് 9,01,983 രൂപ ആശ്വാസമായി അനുവദിക്കാന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു.
    പരപ്പനങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക്, വള്ളിക്കുന്ന് സര്‍വ്വീസ് സഹകരണ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുത്ത അപേക്ഷകരുടെ തൊഴില്‍ സംബന്ധമായ വിവരം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറോട് നിര്‍ദ്ദേശിച്ചു.
    കനറാ ബാങ്ക് ആനങ്ങാടി ശാഖയില്‍ നിന്നും എടുത്ത 25,000 രൂപയുടെ വായ്പ കാലഹരണ നിയമം അനുസരിച്ച് വായ്പക്കാരന് ബാധ്യതയില്ലെന്നതിനാല്‍ സര്‍ക്കാരില്‍ നിന്നും കടാശ്വാസം അനുവദിക്കാവുന്നതല്ല എന്ന് കണ്ട് വായ്പ തീര്‍പ്പാക്കാന്‍ ബാങ്കിന് നിര്‍ദ്ദേശം നല്കി.
    തിരൂര്‍ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും വായ്പയെടുത്ത മത്സ്യത്തൊഴിലാളിക്ക് കടാശ്വാസമായി അനുവദിച്ച 86,389 രൂപക്ക് പുറമെ ബാക്കി തിരിച്ചടക്കാനുള്ള 48,145 ഒരു മാസത്തിനകം തിരിച്ചടക്കാന്‍ നേരത്തെ ധാരണയായിരുന്നെങ്കിലും ബാങ്കിന്റെ ഭാഗത്ത് നിന്ന് വന്ന തടസ്സങ്ങള്‍ കാരണം വായ്പ തീര്‍പ്പാക്കിയിരുന്നില്ല. ഈ പരാതി കമ്മീഷന്‍ സിറ്റിംഗില്‍ വീണ്ടും പരിഗണിച്ചു. ഒരു മാസത്തിനകം തുക വായ്പക്കാരനില്‍ നിന്നും സ്വീകരിക്കാനും തുക ലഭിച്ചു കഴിഞ്ഞാല്‍ ആധാരം തിരികെ നല്‍കി വായ്പ കണക്ക് കമ്മീഷന് സമര്‍പ്പിക്കാനും ബാങ്കിന് നിര്‍ദ്ദേശം നല്‍കി. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്നും 1995-ല്‍ വായ്പയെടുത്ത മത്സ്യവത്തൊഴിലാളിയുടെ വായ്പ കാലഹരണപ്പെട്ടതല്ലെന്ന രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിച്ച് അടുത്ത സിറ്റിങിലേക്ക് മാറ്റി വെച്ചു.
    അരിയല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത മൂന്ന് മത്സ്യത്തൊഴിലാളികളുടെ വായ്പ കാലഹരണപ്പെട്ടതല്ലെന്ന് നീരീക്ഷിച്ച കമ്മീഷന്‍ ഈ കേസ് അടുത്ത സിറ്റിങില്‍ പരിഗണിക്കുന്നതിനായി മാറ്റി വെച്ചു. മത്സ്യത്തൊഴിലാളികളുടെ കടാശ്വാസ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് മതിയായ രേഖകളുടെ അഭാവത്തില്‍ മാറ്റി വെക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങളുമായി ഹാജരാകണമെന്ന് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.
    കമ്മീഷന്‍ അംഗങ്ങളായ കൂട്ടായി ബഷീര്‍, കെ.എ. ലത്തീഫ്, സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയരക്ടര്‍മാരായ കാര്‍ത്തികേയന്‍, അബ്ദുള്‍ റഷീദ് വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍, കടാശ്വാസത്തിന് അപേക്ഷ സമര്‍പ്പിച്ച മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

 

date