Skip to main content

ശരണ്യപദ്ധതി: 130 അപേക്ഷകൾ അംഗീകരിച്ചു

അശരണരായ വനിതകൾക്ക് വഴികാട്ടിയായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പാക്കുന്ന ശരണ്യ സ്വയംതൊഴിൽ പദ്ധതി പ്രകാരം നൽകിയ 130 അപേക്ഷകൾ അംഗീകരിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള തൊഴിൽരഹിതരായ വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ/ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകൾ, പട്ടികവർഗ്ഗത്തിലെ അവിവാഹിതരായ അമ്മമാർ, ഭിന്നശേഷിക്കാരായ വനിതകൾ, ശയ്യാവലംബരും നിത്യരോഗികളുമായ ഭർത്താക്കൻമാരുളള വനിതകൾ എന്നിവർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ജില്ലയിൽ വിവിധ താലൂക്കുകളിൽ നിന്നും ലഭിച്ച 135 അപേക്ഷകളാണ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ പരിഗണിച്ചത്. ഇതിൽ 130 ഗുണഭോക്താക്കൾ വന്നതിൽ എല്ലാവരുടെയും അപേക്ഷകൾക്ക് അംഗീകാരമായി. 
തലപ്പിളളി താലുക്കിലായിരുന്നു ഏറ്റവും കൂടുതൽ അപേക്ഷകൾ അംഗീകരിച്ചത്-32. മുകുന്ദപുരം താലൂക്കിൽ 22, ചാവക്കാട് 24, കൊടുങ്ങല്ലൂർ 16, ചാലക്കുടി 11, തൃശൂർ 25 എന്നിങ്ങനെയാണ് അംഗീകരിച്ച അപേക്ഷകരുടെ എണ്ണം. അപേക്ഷകർ വായ്പതുകയുടെ 50 ശതമാനം തുക തിരിച്ചടച്ചാൽ മതി. ശരണ്യ പദ്ധതികൾ പുറമേ, കെസ്‌റു, മൾട്ടിപർപ്പസ് ജോബ് ക്ലബുകൾ, കൈവല്യ തുടങ്ങിയ പദ്ധതികളിലൂടെയും വായ്പകൾ ലഭ്യമാണ്. 30 വയസ്സ് മുതൽ 55 വയസ്സ് വരെയുളള വനിതകളെയാണ് ഈ പദ്ധതികളിലൂടെ പരിഗണിക്കുന്നത്. ജില്ലയിലെ ദേശസാൽകൃത ബാങ്കുകൾ, സംസ്ഥാന/ജില്ലാ സഹകരണ ബാങ്കുകൾ, റീജ്യണൽ റൂറൽ ബാങ്കുകൾ, സിഡ്ബി എന്നിവ മുഖേനയാണ് ഈ പദ്ധതി വായ്പ ലഭ്യമാക്കുന്നത്. ജോയ് ക്ലബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതാണ്. ഈ തുകയ്ക്ക് 25 ശതമാനം ആണ് സബ്‌സിഡി ലഭിക്കുക. സ്വയം തൊഴിൽ പദ്ധതികളുടെ സൗജന്യ അപേക്ഷഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും അടുത്തുളള ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ എക്‌സചേഞ്ചിലെ സ്വയം തൊഴിൽ വിഭാഗവുമായോ ബന്ധപ്പെടാം എന്നും അധികൃതർ അറിയിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ എ എസ് അലാവുദ്ദീൻ, സെൽഫ് എംപ്ലോയ്‌മെന്റ് ഓഫീസർ ശശികുമാർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ജൂനിയർ സൂപ്രണ്ട് ഇ വി ഷേർളി തുടങ്ങിയവർ പങ്കെടുത്തു.

date