Skip to main content

പ്രളയബാധിതരെ കൈപിടിച്ചുയര്‍ത്താന്‍ ബാങ്കുകള്‍

   പ്രളയമേഖലയില്‍ കൈത്താങ്ങാവാന്‍ ബാങ്കുകള്‍. സാമ്പത്തിക സഹായം അര്‍ഹരായ മുഴുവന്‍ പേരിലേക്കെത്തിക്കാന്‍ ബാങ്കിങ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.  പ്രളയബാധിതര്‍ക്ക് നല്‍കുന്ന ഉജ്ജീവന വായ്പ പദ്ധതി അര്‍ഹരായ എല്ലാവര്‍ക്കും നല്‍കണമെന്ന് അവലോകനം ഉദ്ഘാടനം ചെയ്ത് ഡെപ്യൂട്ടി കലക്ടര്‍ പി അബ്ദുല്‍ സമദ് പറഞ്ഞു. മൃഗപക്ഷിതേനീച്ച പരിപാലന മേഖലയിലും, സൂക്ഷ്മചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും പ്രളയ ദുരിതം അനുഭവിച്ച സംരംഭകരെ പുനരുദ്ധരിക്കാന്‍ വിഭാവന ചെയ്തതാണ് ഉജ്ജീവന വായ്പ.  കച്ചവട സ്ഥാപനങ്ങള്‍ക്കും കിസാന്‍ കാര്‍ഡ് ഉടമകള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
   ബാങ്ക് വായ്പയും സര്‍ക്കാര്‍ സബ്‌സിഡിയും അടങ്ങുന്നതാണ് പദ്ധതി. വിവിധ സര്‍ക്കാര്‍ നടപ്പാക്കുന്ന  വായ്പ പദ്ധതികള്‍ കാലതാമസമില്ലാതെ പൊതുജനങ്ങള്‍ക്കെത്തിക്കാന്‍ കഴിയണമെന്ന് ലീഡ് ബാങ്ക് മാനേജര്‍ ടി.പി കുഞ്ഞിരാമന്‍ പറഞ്ഞു. അക്കൗണ്ട് തുടങ്ങാന്‍ കാലതാമസം വരുന്നതായി വിദ്യാര്‍ഥികളില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. അക്കൗണ്ട് തുറക്കാന്‍ കാലതാമസം വരുന്നത് സ്‌കോളര്‍ഷിപ്പ് തുക ലഭിക്കാന്‍ തടസ്സമാകുന്നുണ്ട്.  ഇക്കാര്യം ബാങ്കുകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുകളിലെ നിക്ഷേപത്തില്‍ വര്‍ധനവ്
   ജില്ലയിലെ ബാങ്കുകളില്‍ നിക്ഷേപത്തില്‍ വര്‍ധനവുള്ളതായി ബാങ്കിങ് അവലോകന സമിതി വിലയിരുത്തി. ജൂണ്‍ 30 വരെ 34285 കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കുകളിലുള്ളത്. മാര്‍ച്ചില്‍ ഇത് 34244 കോടി രൂപയായിരുന്നു.  പ്രവാസി നിക്ഷേപത്തിലും വര്‍ധനവ് വന്നിട്ടുണ്ട്.  10896 കോടി രൂപയാണ് പ്രവാസി നിക്ഷേപമുള്ളത്. മാര്‍ച്ചില്‍ ഇത് 10614 കോടി ആയിരുന്നു.  മുന്‍ഗണനാ മേഖലയില്‍  1770 കോടി രൂപയാണ് വായ്പയായി നല്‍കിയത്.  കാര്‍ഷിക മേഖലയില്‍ 1189 കോടിയും ചെറുകിട വ്യവസായങ്ങള്‍ക്കായി 406 കോടിയും മറ്റു മുന്‍ഗണനാ മേഖലയില്‍ 94 കോടിയും വായ്പയായി നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ആകെ 646 ബാങ്കുകളാണുള്ളത്. സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, സ്വകാര്യ ബാങ്കുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
    മഹേന്ദ്രപുരി ഹോട്ടലില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫീസര്‍ പി.ജി ഹരിദാസ്,  കാനറാ ബാങ്ക് ജില്ല മാനേജര്‍ കെ.എന്‍ തങ്കപ്പന്‍, നബാര്‍ഡ് ഡി.ഡി.എം ജെയിംസ് പി ജോര്‍ജ്, വകുപ്പ് മേധാവികള്‍, ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

date