Skip to main content

വ്യാജ റിക്രൂട്ടിംഗ് ഏജന്റുമാർക്കെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ നടപടി

വ്യാജ റിക്രൂട്ടിംഗ് ഏജന്റുമാർക്കും ഏജൻസികൾക്കുമെതിരെ അവബോധം സൃഷ്ടിക്കാൻ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്യുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും നോർക്ക റൂട്ട്‌സും ചേർന്നാണ് ബോധവത്കരണ പരിപാടികൾ നടത്തുക. പഞ്ചായത്ത് തലത്തിൽ ബോധവത്കരണം സംഘടിപ്പിക്കേണ്ടതുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി അമൃത് ലുഗനും ഡയറക്ടർ കേണൽ രാഹുൽദത്തും പറഞ്ഞു. കേരളത്തിൽ കുടുംബശ്രീയുടെ സേവനം പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കും. തൊഴിൽ ചൂഷണവും തട്ടിപ്പും തടയുന്നതിന് ഓവർസീസ് എംപ്ലോയ്‌മെന്റ് ആന്റ് പ്രൊട്ടക്ടറേറ്റ് ജനറൽ ഓഫ് എമിഗ്രന്റ്‌സ് വിഭാഗവും നോർക്ക വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സെമിനാറിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇരുവരും.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു മുന്നിൽ വ്യാജ ഏജന്റുമാരെ സംബന്ധിച്ച് രാജ്യത്തെമ്പാടുനിന്നുമായി 16000ത്തിലധികം പരാതികൾ ലഭിച്ചിട്ടുണ്ട്. 64 കേസുകൾ കേരള പോലീസിന് കൈമാറി. 15 കേസുകളിൽ പ്രൊസിക്യൂഷൻ ആരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് കേണൽ രാഹുൽദത്ത് പറഞ്ഞു. സാമൂഹമാധ്യമങ്ങൾ ഉപയോഗിച്ചും വ്യാപക തട്ടിപ്പ് നടക്കുന്നുണ്ട്. ഗൾഫ് മേഖലയിലെ റിക്രൂട്ട്‌മെന്റിൽ മാത്രമല്ല, ചെറുരാജ്യങ്ങളുടെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ടെന്ന് പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് ബിജയ് സെൽരാജ് പറഞ്ഞു. ട്രിനിഡാഡ് ആന്റ് ടൊബാഗോ, മാൾട്ട തുടങ്ങിയ രാജ്യങ്ങളുടെ പേരിൽ നടന്ന തട്ടിപ്പ് സംബന്ധിച്ച പരാതികളും ലഭിച്ചിട്ടുണ്ട്. കേരളത്തിൽ പോലീസിന്റെ എൻ. ആർ. ഐ സെല്ലിലാണ് കൂടുതൽ പരാതികൾ ലഭിക്കുന്നത്. 
അംഗീകൃത റിക്രൂട്ടിംഗ് ഏജന്റിന് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും 50 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് ലൈസൻസ് നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി അമൃത് ലുഗൻ പറഞ്ഞു. നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പി.എൻ.എക്സ്.3164/19

date