Skip to main content

വോട്ടർപട്ടിക സംശുദ്ധമാക്കൽ നടപടികൾ സെപ്റ്റംബർ ഒന്നുമുതൽ

* കരട് വോട്ടർപട്ടിക ഒക്ടോബർ 15ന് പ്രസിദ്ധീകരിക്കും
സംസ്ഥാനത്ത് വോട്ടർപട്ടിക സംശുദ്ധമാക്കൽ നടപടികൾ സെപ്റ്റംബർ ഒന്നുമുതൽ ആരംഭിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബർ 30 വരെ ഇലക്ടറൽ വെരിഫിക്കേഷൻ പ്രോഗ്രാം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഈ പ്രക്രിയയിലൂടെ വഴി വോട്ടർപട്ടികയിൽ പേര് ചേർക്കാനും, മരിച്ചവരുടെ പേര് ഒഴിവാക്കാനും, മാറിപ്പോയവരുടെ പേര് മാറ്റാനും അവസരമുണ്ട്.  NVSP  പോർട്ടൽ, വോട്ടർ ഹെൽപ്ലൈൻ ആപ്പ്, അക്ഷയകേന്ദ്രം, താലൂക്ക് ഓഫീസുകൾ എന്നിവ മുഖേന പട്ടികയിൽ പേരുണ്ടോയെന്ന് വോട്ടർമാർ ഉറപ്പുവരുത്തണം. പട്ടികയിലെ വിവരങ്ങൾ തിരുത്താനും അവസരം ലഭിക്കും. 
ഉദ്യോഗസ്ഥരും ബൂത്ത് ലെവൽ ഓഫീസർമാരും മാത്രമല്ല, വോട്ടർമാരും തങ്ങളുടെ പേര് പട്ടികയിൽ ഉണ്ടെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കണം. രാഷ്ട്രീയ കക്ഷികളും ഇക്കാര്യത്തിൽ ജാഗരൂഗരായിരിക്കണം. 
പട്ടികയിൽ പേര് ചേർക്കുന്നതിന് സഹായിക്കാൻ ബൂത്ത് ലെവൽ ഏജൻറുമാരെ രാഷ്ട്രീയകക്ഷികൾ നിയോഗിക്കണം. ഇവർ ബൂത്ത് ലെവൽ ഓഫീസർമാരുമായി ഏകോപനത്തോടെ പ്രവർത്തിച്ച് വോട്ടർപട്ടിക സംശുദ്ധമാക്കൽ പ്രക്രിയയിൽ സഹായിക്കണം.
ഇക്കാര്യങ്ങൾ വിശദമാക്കാൻ രാഷ്ട്രീയകക്ഷി നേതാക്കളുടെ യോഗം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയിൽ നടന്നു. ജില്ലാതലത്തിൽ കളക്ടർമാർ യോഗം നടത്തും. 
പേര് ചേർക്കൽ, നീക്കംചെയ്യൽ ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം ഒക്ടോബർ 15ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടിക സംബന്ധിച്ച പരാതികൾ നവംബർ 30 വരെ നൽകാം. 
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ നാലുദിവസം പ്രത്യേക ക്യാമ്പുകൾ ബൂത്ത് അടിസ്ഥാനത്തിലും താലൂക്ക്തലത്തിലും നവംബർ രണ്ട്, മൂന്ന്, ഒൻപത്, 10 തിയതികളിൽ നടക്കും. 
പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പിന് 2019 ജനുവരി ഒന്നിനുള്ള വോട്ടർപട്ടികയാണ് ഉപയോഗിക്കുക. എന്നാൽ ആഗസ്റ്റ് 25 വരെ പേര് ചേർക്കാൻ ലഭിച്ച അപേക്ഷകൾ പരിഗണിച്ച് സപ്ലിമെൻററി പട്ടിക തയാറാക്കും. 4322 അപേക്ഷകളാണ് പുതുതായി പാലാ മണ്ഡലത്തിൽ ലഭിച്ചിട്ടുള്ളത്. 
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ മാതൃകാപെരുമാറ്റച്ചട്ടം നിലവിലുണ്ട്. 
പാലാ നിയമസഭാ മണ്ഡലത്തിൽ ആകെ 1,77,864 വോട്ടർമാരാണുള്ളത്. ഇതിൽ 87,192 പുരുഷവോട്ടർമാരും 90,672 സ്ത്രീ വോട്ടർമാരുമുണ്ട്. ആകെ 176 പോളിംഗ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്. ഇതിൽ അഞ്ചെണ്ണം മാതൃകാ പോളിംഗ് സ്റ്റേഷനുകളായിരിക്കും. ഒരെണ്ണം വനിതകൾ നിയന്ത്രിക്കുന്ന പോളിംഗ് സ്റ്റേഷനായിരിക്കും. 
മികച്ച രീതിയിൽ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പ് നടത്തിപ്പിന് കേരളം, ഒറീസ എന്നീ സംസ്ഥാനങ്ങൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. മികച്ച പ്രകടനം നടത്തിയ കേരള, ഒറീസ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരെ റഷ്യൻ സർക്കാർ തിരഞ്ഞെടുപ്പ് നടപടികൾ മനസിലാക്കാനായി ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 
പി.എൻ.എക്സ്.3166/19

date