Skip to main content

അളവറിഞ്ഞ് വളം നല്‍കാം:  സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു

മണ്ണിനെയറിഞ്ഞ് കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആത്മയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കൃഷി ഭൂമിയിലെ വിവധ ഘടകങ്ങള്‍ പരിശോധിക്കുകയും അത് രേഖപ്പെടുത്തിയ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്യും. കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മിനികോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല കര്‍ഷകസഭയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു. 
കൃഷിയിടങ്ങളില്‍നിന്നു മണ്ണ് ശേഖരിച്ച് ലാബുകളില്‍ ശാസ്ത്രീയപരിശോധന നടത്തി, അതിന്റെ ഫലവും മണ്ണിനനുയോജ്യമായ വളങ്ങളുടെ വിവരവും കര്‍ഷകന്റെ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ഹെല്‍ത്ത് കാര്‍ഡ് തയ്യാറാക്കുന്നത്. ഇതുവഴി കൃഷി കൂടുതല്‍ മെച്ചപ്പെടുത്താനും മണ്ണിന് ആവശ്യമായതോതില്‍ വളങ്ങള്‍ പരിമിതപ്പെടുത്താനുമാണ് പദ്ധതി. ഇതിലൂടെ വിളകളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സാധിക്കും. മണ്ണിലെ മൂലകങ്ങള്‍, മണ്ണിന്റെ അമ്ലത്വം, ലവണം എന്നിവയാണ് പരിശോധിക്കുക. 1500 കാര്‍ഡുകള്‍ ഇതിനകം വിതരണത്തിനായി തയ്യാറായിട്ടുണ്ട്. 1500 കൃഷിയിടങ്ങളിലെ മണ്ണ് പരിശോധനാ ഘട്ടത്തിലാണ്. രണ്ട് വര്‍ഷത്തില്‍ ഒരു തവണയാണ് മണ്ണ് പരിശോധന നടത്തുക. 
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലാല്‍ ടി ജോര്‍ജ്, ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ രമേഷ് ബാബു, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ തുളസി ചെങ്ങാട്, അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് എം എന്‍ പ്രദീപന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/3081/2019

 

date