Skip to main content

ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ പതിനൊന്നാമത് ബിരുദദാനം നടത്തി ആരോഗ്യ സമ്പ്രദായങ്ങൾ പരസ്പരം അംഗീകരിക്കാത്തത്  വ്യാജവൈദ്യൻമാർ ചൂഷണം ചെയ്യുന്നു: ഗവർണർ

മിക്ക ആരോഗ്യ സമ്പ്രദായങ്ങളും പരസ്പരം അംഗീകരിക്കാൻ മടി കാണിക്കുന്ന സാഹചര്യത്തെ ഏതെങ്കിലും ചികിത്സാ സമ്പ്രദായമോ മരുന്നോ അനുവർത്തിക്കാത്ത വ്യാജവൈദ്യൻമാർ ചൂഷണം ചെയ്യുകയാണെന്ന് ഗവർണർ ജസ്റ്റിസ് (റിട്ട.) പി. സദാശിവം പറഞ്ഞു. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ പതിനൊന്നാമത് ബിരുദദാനം നടത്തിയ ശേഷം പ്രഭാഷണം നടത്തുകയായിരുന്നു സർവകലാശാല ചാൻസലറായ ഗവർണർ. യോഗ്യരായ ഡോക്ടർമാർ വിവിധ ആരോഗ്യ സമ്പ്രദായങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള പഠനവും ഗവേഷണവും നടത്തുന്നത് പരിഗണിക്കണമെന്ന് ഗവർണർ നിർദേശിച്ചു. ഇതിന്റെ നേട്ടം സമൂഹത്തിന് ലഭിക്കും. ഇത്തരം ഗവേഷണ സ്‌കൂളുകൾക്ക് കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വഴികാട്ടണം. ഇൻറർനെറ്റിലെ സൗജന്യ വെബ്സൈറ്റുകളിലൂടെ ലഭിക്കുന്ന വിവരങ്ങൾ വെച്ച് ഡോക്ടർമാരെ ചോദ്യം ചെയ്യുന്ന പ്രവണത ഏറിവരികയാണ്. ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ലഭിക്കുന്ന തെറ്റായ, പാതിവെന്ത വിവരങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതിനെതിരെ ഡോക്ടർമാർ രംഗത്ത് വരണം. 
ഡോക്ടറെ സംബന്ധിച്ചേടത്തോളം രോഗി എന്നത് ഉപഭോക്താവല്ലെന്നും നാം ജീവിക്കുന്ന സമൂഹത്തിന്റെ പരിച്ഛേദമാണെന്നും ഗവർണർ പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കേ വാഹനാപകടങ്ങൾ സംബന്ധിച്ച് നടപടി ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജിയുമായി ഒരു ഓർത്തോപീഡിക് സർജൻ സുപ്രീംകോടതി ഹാളിലെത്തിയ കാര്യം ഗവർണർ അനുസ്മരിച്ചു. വാഹനാപകടത്തിൽ പരിക്കേൽക്കുന്നവരെ ആശുപത്രിയിലെത്തിക്കേണ്ടത് അപകടം ശ്രദ്ധയിൽപ്പെടുന്ന പൗരന്റെ ബാധ്യതയാണെന്ന് സുപ്രീംകോടതി നിർദേശിക്കുന്നതിലേക്ക് നയിച്ചത് ഇതായിരുന്നു. രോഗിയുടെ ജീവൻ രക്ഷിക്കുകയാണ് ഡോക്ടറുടെ പ്രാഥമിക കടമയെന്നും ഡോക്ടർമാർ നൈതികതയിൽ പൂർണത കൈവരിക്കണമെന്നും ഗവർണർ പറഞ്ഞു. വൈദ്യശാസ്ത്രത്തിലെ നൈതിക പ്രശ്ന മേഖല വിപുലമായിട്ടുണ്ട്. സാങ്കേതികമായ ഓരോ കുതിപ്പിനു പിന്നിലും ഒരു നൈതിക പ്രശ്നം മറഞ്ഞിരിക്കുന്നു. നിയമപരവും നൈതികപരവുമായ പ്രശ്നങ്ങളെ നേരിടുന്നതിൽ വൈദ്യശാസ്ത്രമേഖലയിലുള്ളവർ ഇരട്ടി ജാഗ്രത പുലർത്തേണ്ടതുണ്ട്. നാം നമ്മുടെ വൈദ്യശാസ്ത്രപരമായ അറിവും കഴിവും പുതുക്കിയത് നിപ്പ രോഗത്തെ നേരിട്ടതിൽ ദൃശ്യമായിരുന്നു. നിപ്പയെ നേരിട്ടതിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സേവനം മറക്കാവുന്നതല്ലെന്നും ഗവർണർ പറഞ്ഞു.
സർവകലാശാല പ്രൊ ചാൻസലറായ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. രാജ്യം ആരോഗ്യ മേഖലയ്ക്ക് ജി.ഡി.പിയുടെ രണ്ട് ശതമാനം നീക്കി വെച്ചിരുന്നത് ഇപ്പോൾ ഒരു ശതമാനം മാത്രമായി ചുരുങ്ങിയെന്ന് മന്ത്രി പറഞ്ഞു. അത് അഞ്ചോ ആറോ ശതമാനമെങ്കിലും ആയാൽ മാത്രമേ ആരോഗ്യമേഖലയെ രോഗീസൗഹൃദമായി മെച്ചപ്പെടുത്താൻ കഴിയൂ. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആരോഗ്യ മേഖലയിൽ 5200 പുതിയ തസ്തികകൾ സൃഷ്ടിച്ചു. അടുത്ത് രണ്ട് വർഷക്കാലം കഴിയാവുന്നത്ര തസ്തികകൾ സൃഷ്ടിക്കും. 200 ഗവ. ആശുപത്രികൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുമെന്നും മന്ത്രി പറഞ്ഞു. രോഗികളോട് നന്നായി പെരുമാറണമെന്ന് വിദ്യാർഥികളോടായി മന്ത്രി പറഞ്ഞു. സേവനമാണ് സ്നേഹം, സേവനമാണ് ഭക്തി, സേവനം തന്നെയാണ് മനുഷ്യ സ്നേഹം-മന്ത്രി ഓർമ്മിപ്പിച്ചു.
ചടങ്ങിൽ വൈസ് ചാൻസലർ ഡോ.എം.കെ.സി നായർ, പ്രൊ വൈസ് ചാൻസലർ ഡോ. എ.നളിനാക്ഷൻ, രജിസ്ട്രാർ ഡോ. എ.കെ. മനോജ് കുമാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.

date