Skip to main content

കുതിരാൻ: ദേശീയപാത അതോറിറ്റി  ജനറൽ മാനേജർ ഇന്ന് (ശനി) ജില്ലാ കളക്ടർ  മുമ്പാകെ നേരിട്ട് ഹാജരാകണം 

മണ്ണുത്തി ദേശീയപാതയിലെ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവച്ച പശ്ചാത്തലത്തിൽ ദേശീയ പാത അതോറിറ്റി ജനറൽ മാനേജർ ആശിഷ് ദിവേദിയോട് ഇന്ന് (ശനി) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കളക്ടർ മുമ്പാകെ നേരിട്ട് ഹാജരാകാനും തുടർന്ന് വി.എസ് സുനിൽകുമാറിൻെ്‌റ നേതൃത്വത്തിൽ നടക്കുന്ന കുതിരാൻ സന്ദർശനത്തിൽ അനുഗമിക്കാനും മന്ത്രി വി എസ് സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗം നിർദേശം നൽകി. വെള്ളി, ശനി ദിവസങ്ങളിലായി പാതയിലെ വലിയ കുഴികൾ അടയ്ക്കാൻ ജില്ലാ കളക്ടർ എസ്. ഷാനവാസ് യോഗത്തിൽ ഹാജരായ കരാർ കമ്പനി പ്രതിനിധികളോട് ആവശ്യപ്പെട്ടു. കരാർ കമ്പനി പ്രതിനിധികൾക്കും ദേശീയപാത അതോറിറ്റി അധികൃതർക്കുമെതിരെ വഞ്ചനാ കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി പുതിയ കേസ് രജിസ്റ്റർ ചെയ്യാനും, മുമ്പ് രജിസ്റ്റർ ചെയ്ത കൊലക്കുറ്റം ഉൾപ്പടെയുള്ള കേസുകളിൽ ഹൈക്കോടതി നൽകിയ സ്‌റ്റേ നീക്കം ചെയ്യുന്നതിനാവശ്യമായ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാനും സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകി. 
ഞായറാഴ്ച്ചയ്ക്കുള്ളിൽ പാതയിലെ അറ്റകുറ്റപണികൾ ആരംഭിക്കാമെന്നും ഇതോടൊപ്പം കുതിരാൻ തുരങ്കത്തിലൂടെ ഭാഗികമായി ഗതാഗതം അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് ദേശീയപാത അതോറിറ്റി അധികൃതർ ഉറപ്പുനൽകിയിരുന്നു. വീഴ്ച്ചയുണ്ടായാൽ അറസ്റ്റ് ഉൾപ്പടെയുള്ള കർശന നടപടികളുമായി മുന്നോട്ടുപോകാനും കളക്ടറുടെ ചേംബറിൽ ചേർന്ന യോഗം തീരുമാനമെടുത്തു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശം നൽകും. കൃഷിവകുപ്പ് മന്ത്രിയോടൊപ്പം ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ടി.എൻ. പ്രതാപൻ എം.പി., ജില്ലാ കളക്ടർ എന്നിവരും ഇന്ന് (ശനി) ഉച്ചതിരിഞ്ഞ് കുതിരാനിൽ സന്ദർശനം നടത്തും. സെപ്തംബർ രണ്ടിന് വനംവകുപ്പ് മന്ത്രി കെ. രാജുവിൻെ്‌റ അധ്യക്ഷതയിൽ കുതിരാൻ തുരങ്കനിർമ്മാണവുമായി ബന്ധപ്പെട്ട് വനഭൂമി കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട അടിയന്തിര യോഗം കളക്ടറേറ്റിൽ നടക്കും. രൂക്ഷമായ യാത്രാക്കുരുക്കിനെ തുടർന്ന് ദേശീയപാതയിലെ യാത്രക്കാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നൽകാൻ യോഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ടി.എൻ. പ്രതാപൻ എം.പി, എം.എൽ.എമാരായ മുരളി പെരുനെല്ലി, അനിൽ അക്കര, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്‌റ് അനിത കെ.വി., സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര, സബ്ബ് കളക്ടർ അഫ്‌സാന പർവീൺ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date