Skip to main content

മാതൃക അദ്ധ്യാപകനുളള അവാർഡ് ശ്രീനാരായണപുരം സ്വദേശി ഹരീഷിന്

മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡിനർഹനായ ഹരീഷ് മാഷെ തേടിയെത്തിയത് അർഹതയ്ക്കുള്ള അംഗീകാരം. കയ്പമംഗലം ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപകനായ ശ്രീനാരായണപുരം സ്വദേശി കെ കെ ഹരീഷ്‌കുമാറിനാണ് ഈ വർഷത്തെ മാതൃക അധ്യാപകനുള്ള അവാർഡ് ലഭിച്ചത്. അധ്യാപക ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും. ആദ്യമായി അപേക്ഷിച്ചപ്പോൾ തന്നെ അധ്യാപക അവാർഡ് ലഭിച്ച സന്തോഷത്തിലാണ് ഹരീഷും സഹപ്രവർത്തകരും വിദ്യാർത്ഥികളും. രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം കൈപ്പമംഗലം ഫിഷറീസ് സ്‌കൂളിലെത്തുന്നത്. സ്‌കൂൾ വളപ്പിലെ പച്ചക്കറി കൃഷി, ഗണിതപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ, മെച്ചപ്പെട്ട സ്‌കൂൾ ലൈബ്രറി, എൻഎസ്എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകൾ, സജീവമായ പിടിഎ, കാർഷിക പരിപാടികൾ തുടങ്ങി നിരവധി മാതൃകാ പ്രവർത്തനങ്ങളാണ് ഇദേഹത്തിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ നടപ്പാക്കി വരുന്നത്. വിവിധ സാഹചര്യങ്ങളിൽ നിന്നുമെത്തുന്ന വിദ്യാർഥികളെ പാഠ്യപാഠ്യേതര രംഗത്ത് മികവുറ്റവരാക്കാൻ ഇദേഹത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ശ്രമങ്ങൾ ജനശ്രദ്ധയാകർഷിച്ചതാണ്. 1983 ൽ വേങ്ങര യു പി സ്‌കൂളിൽ താൽക്കാലിക അധ്യാപകനായി അധ്യാപക മേഖലയിൽ പ്രവർത്തനമാരംഭിച്ച കണക്കുംപറമ്പിൽ ഹരീഷ് ഈ രംഗത്ത് മാതൃകാപരമായ 36 വർഷങ്ങൾ പൂർത്തിയാക്കി. അടുത്ത വർഷം റിട്ടയർ ചെയ്യാനിരിക്കവെയാണ് അവാർഡിന്റെ മധുരം ഇദ്ദേഹത്തെ തേടിയെത്തിയത്. വിദ്യാർത്ഥികളും സമൂഹത്തോടുള്ള പ്രതിബദ്ധത ഉള്ള അംഗീകാരമാണ് ഈ അവാർഡ്. സ്‌കൂൾതലത്തിൽ അനുകരണീയമായ പേര് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇദ്ദേഹത്തിൻറെ നേതൃത്വത്തിലാണ് സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ ഫിഷറീസ് സ്‌കൂളിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചത്. സാക്ഷരതാ അസിസ്റ്റൻറ് പ്രൊജക്ട് ഓഫീസർ, എസ് എസ് എ തൃശ്ശൂർ ജില്ലാ പ്രോഗ്രാം ഓഫീസർ, ശാസ്ത്ര സാഹിത്യ പരിഷത്ത് മതിലകം മേഖല പ്രസിഡൻറ്, ശാസ്ത്ര സാഹിത്യപരിഷത്ത് പുറത്തിറക്കിയ കണക്കറിവ്, ഗണിത കൗതുകം, കണക്കിന്റെ കിളിവാതിൽ എന്നീ പുസ്തകങ്ങളുടെ സഹരചയിതാവ് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധ നേടി. അവിട്ടത്തൂർ എൽ.ബി.എസ് എം. അദ്ധ്യാപികയായ ഹസിതയാണ് ഭാര്യ. ഡൽഹി യൂണിവേഴ്‌സിറ്റി എം.എ.സോഷ്യാളജി വിദ്യാർഥിനിയായ അനാമിക മകളാണ്.

date