Skip to main content

കരട് വോട്ടർപ്പട്ടിക ഒക്‌ടോബർ 15 ന് വോട്ടർപ്പട്ടികയിൽ പരമാവധി പേരെ ഉൾപ്പെടുത്തും: ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം

വോട്ടർപ്പട്ടിക പരമാവധി പേരെ ഉൾപ്പെടുത്തി സുതാര്യവും കുറ്റമറ്റതുമാക്കി പുറത്തിറക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികളുടെയും ഇആർഒ, എഇആർഒമാരുടെയും യോഗം ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു യോഗം വിളിച്ചു ചേർത്തത്. പതിവു പുതുക്കൽ പ്രക്രിയയിൽ നിന്ന് വ്യത്യസ്തമായി പരമാവധി വോട്ടർമാരെ ചേർക്കുകയും നിലവിലുള്ള പട്ടികയിലെ തെറ്റുകൾ പരിഹരിക്കുകയും ചെയ്യും. ഇതിനു മുന്നോടിയായി ഇലക്ഷൻ വെരിഫിക്കേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. ഇതുപ്രകാരം ഓരോ വോട്ടർമാർക്കും തന്റെ പേര് വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും തെറ്റുകൾ കടന്നു കൂടിയിട്ടുണ്ടോ എന്നും പരിശേധിക്കാനാവും. ബി എൽ ഒമാർ വീട് തോറും സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. 2020 ജനുവരി ഒന്നിന് 18 വയസ്സാകുന്നവരെ വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തും. ലോക്‌സഭ തിരഞ്ഞെടുപ്പിൽ അർഹരായവർ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ പുന: സ്ഥാപിക്കുന്നതിന് എല്ലാവിധ നടപടികളും സ്വീകരിക്കും.
ജില്ലയിലെ കരട് വോട്ടർപ്പട്ടിക ഒക്ടോബർ 15 ന് പ്രസിദ്ധീകരിക്കും. പരാതികളും ആക്ഷേപങ്ങളുമുണ്ടെങ്കിൽ ഒക്ടോബർ 15 മുതൽ നവംബർ 30 വരെ ഉന്നയിക്കാം. നവംബർ 2, 3, 9, 10 തിയതികളിൽ സ്‌പെഷൽ ക്യാംപെയ്ൻ നടത്തും. ഡിസംബർ 15 ന് വോട്ടർപ്പട്ടികയിലെ പരാതികൾ തീർപ്പാക്കും. ഡിസംബർ 25 ന് പരിശോധനയും പട്ടിക പ്രസിദ്ധീകരിക്കാൻ കമ്മീഷന്റെ അനുമതി തേടലും നടത്തും. ഡിസംബർ 31 ന് വിവരങ്ങൾ അപ്‌ലോഡ് ചെയ്യും. തുടർന്ന് 2020 ജനുവരി ഒന്നിന് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കും. എല്ലാ ബൂത്തിലും ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിച്ച് ബി എൽ ഒമാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. പാർട്ടി പ്രവർത്തകർ കൂട്ടത്തോടെ അപേക്ഷകൾ സമാഹരിച്ചു കൊണ്ടുവരരുത്. ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ പാർട്ടി പ്രതിനിധികൾ വേണ്ട നിർദേശങ്ങൾ നൽകണം. നിലവിൽ 1500ൽ അധികം വോട്ടർമാരുള്ള ബൂത്തുകൾ വേർതിരിക്കാനും അസൗകര്യമുള്ളതും പരാതിയുള്ളതുമായ ബൂത്തുകൾ മാറ്റുന്നതിനും നിർദേശമുള്ളതിനാൽ ഇതിനായി രാഷ്ട്രീയ പാർട്ടികൾ തഹസിൽദാർമാർക്ക് ആവശ്യമായ പിന്തുണയും നൽകണം. നിലവിലുള്ള അപേക്ഷകളിൽ തീർപ്പാക്കാനുള്ളവ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ താഴെ പറയുന്ന മാർഗങ്ങൾ തേടാം. അപേക്ഷ അക്ഷയ കേന്ദ്രം വഴി നൽകാം, NVSP (www.nvsp.in) പോർട്ടലിലും Voters helpline ആപ്പു വഴിയും അപേക്ഷിക്കാം. പേര്, ജനന തിയതി, വിലാസം തെളിയിക്കുന്ന രേഖകൾ എന്നിവയാണ് പുതുതായി പേര് ചേർക്കാനുള്ള രേഖകൾ. യോഗത്തിൽ തിരഞ്ഞെടുപ്പു വഭാഗം ഡെപ്യൂട്ടി കളക്ടർ കെ വി മുരളീധരൻ, തഹസിൽദാർമാർ, ഡെപ്യൂട്ടി തഹസിൽദാർമാർ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date