Skip to main content

ഒല്ലൂർ നിയോജകമണ്ഡലം  കിഫ്ബി പദ്ധതി അവലോകനം നടന്നു 

ഒല്ലൂർ നിയോജകമണ്ഡലത്തിലെ കിഫ്ബി പദ്ധതി പ്രവർത്തനങ്ങളുടെ അവലോകന യോഗം ചീഫ് വിപ് അഡ്വ കെ രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി പ്രധാനമായും 6 പദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. മണലിപ്പുഴക്ക് കുറുകെയുള്ള ശ്രീധരി പാലം പണി അടിയന്തിരമായി തീർക്കുന്നതിനും സാമൂഹ്യ ആഘാത പഠനം നടത്തി ഫോർവൺ പ്രസിദ്ധീകരണം തയ്യാറാക്കി സമർപ്പിക്കാനും സ്ഥലത്തെ വിസ്തീർണ വ്യത്യാസം പരിശോധിക്കാനും ലാൻഡ് അക്യുസിഷൻ ഓഫീസർക്ക് അടിയന്തിര നിർദേശം നൽകി. 
നെടുപുഴ റെയിൽവേ ഓവർബ്രിഡ്ജ് മേൽപാലത്തിന്റെ ചില അല്ലൈൻമെന്റിൽ ഭൂവുടമകളുടെ പരാതിയുള്ളതിനാൽ സെപ്റ്റംബർ ആറിന് ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തിര സംയുക്ത പരിശോധന നടത്താൻ നിർദേശം നൽകി. പുത്തൂർ സുവോളജിക്കൽ പാർക്ക് സാമൂഹ്യ ആഘാത പഠനം പൂർത്തീകരിച്ചു പ്രസിദ്ധപ്പെടുത്തുവാനും ഇതിനോടൊപ്പം പുത്തൂർ ജംഗ്ഷൻ വികസനം സംയുക്ത പരിശോധന നടത്താൻ ലാൻഡ് അക്യൂസിഷൻ ഓഫീസർക്കും പി ഡബ്ലിയു ഡി ക്കും നിർദേശം നൽകി. 
പീച്ചി-വാഴാനി ടൂറിസം കോറിഡോർ റോഡ് പണിക്കു ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു. സർവ്വേ നടപടികൾ ആരംഭിച്ചു. പുനരധിവാസത്തിന് സാധ്യത പരിശോധിച്ചു സെപ്റ്റംബർ എഴിനകം കയ്യേറ്റക്കാർക്ക് നോട്ടീസ് നൽകി ഒഴുപ്പിക്കുന്നതുമായി ബന്ധപെട്ടു തുടർനടപടികൾ സ്വീകരിക്കുവാനും മണ്ണുത്തി എടക്കുന്നി റോഡ് നിർമാണത്തിന് തടസ്സമായി പത്തൊൻപതോളം (19) വീടുകളുള്ളതിനാൽ റോഡ് വികസനത്തിന് ആവശ്യമുള്ള സ്ഥലമെടുത്തു പുനരധിവാസം ആവശ്യമെങ്കിൽ കോർപറേഷൻ ഇടപെട്ടു പുനരധിവാസം സാധ്യമാക്കണമെന്നും സർവ്വേ നടപടികൾ പൂർത്തീകരിച്ച കണ്ണാറ-മൂർക്കനിക്കര റോഡ് പദ്ധതി നടപടികൾ എളുപ്പത്തിൽ തീർക്കാനും ഓണത്തിന് മുൻപുതന്നെ സംയുക്തപരിശോധനകൾ നടത്തി വകുപ്പുകളുടെ പ്രവർത്തനം ദ്രുതഗതിയിലാക്കാനും ചീഫ് വിപ് അഡ്വ. കെ രാജൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന പദ്ധതി പ്രവർത്തന അവലോകനയോഗത്തിൽ കോർപറേഷൻ മേയർ അജിതവിജയൻ, ലാൻഡ് അക്യുസിഷൻ ഡെപ്യൂട്ടി കളക്ടർ എം ബി ഗിരീഷ്, സോഷ്യൽ ഫോറസ്റ്റ് ഓഫീസർ ആൻഡ് പുത്തൂർ സോവോളജിക്കൽ പാർക്ക് സ്‌പെഷ്യൽ ഓഫീസർ ദീപ, തൃശൂർ തഹസിൽദാർ ഐ എ സുരേഷ്, പദ്ധതി പ്രദേശത്തെ ബ്ലോക്ക്, പഞ്ചായത്തു പ്രതിനിധികൾ, നിർവഹണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 

date