Skip to main content

ഓണത്തിരക്ക്: നഗരത്തിൽ  ഗതാഗത പരിഷ്‌ക്കാരം 

തൃശൂർ നഗരത്തിൽ ഗതാഗത തിരക്കൊഴിവാക്കാൻ അടിയന്തിര ട്രാഫിക് പരിഷ്‌കാരം വരുത്താൻ റോഡ് സുരക്ഷാ സമിതി യോഗത്തിൽ തീരുമാനമായി. കൊടുങ്ങല്ലൂർ, ഒല്ലൂർ ഭാഗത്തു നിന്നും നഗരത്തിലെത്തുന്ന ബസുകൾക്കാണ് ഓണക്കാലത്തെ തിരക്കൊഴിവാക്കാൻ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുക. ഇരുഭാഗത്തു നിന്നും വരുന്ന സ്വകാര്യ, കെ എസ് ആർ ടി സി ബസുകൾ നിലവിൽ ഏറെ ദൂരം വളഞ്ഞാണ് ബസ് സ്റ്റാൻഡുകളിൽ പ്രവേശിപ്പിക്കുന്നത്. ഒല്ലൂർ ഭാഗത്തു നിന്നു വരുന്ന ബസുകൾ ഹൈറോഡ് വഴി സ്വരാജ് റൗണ്ടിലേക്കും കൊടുങ്ങല്ലൂർ ഭാഗത്തുനിന്നു വരുന്ന ബസുകൾ കെ എസ് ആർ ടി സി, ദിവാൻജിമൂല വഴി കയറാതെ നേരെ കുറുപ്പം റോഡിലേക്കും തിരിച്ചു വിടാനാണ് ധാരണ. അന്തിമ രൂപരേഖ രണ്ടുദിവസത്തിനകം ഉണ്ടാകും. തുടർന്നാണ് ട്രാഫിക് പരിഷ്‌കാരം നടത്തുകയെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. 
നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷകളുടെ അനധികൃത പാർക്കിങ് നിർത്തലാക്കും. കെ എസ് ആർ ടി സി സ്റ്റാൻഡിനു ചുറ്റുമുള്ള ഓട്ടോപാർക്ക് നിർത്തലാക്കാനും തീരുമാനമായി. ഇവിടെ പൂൾ പാർക്കിങ് സംവിധാനം നടപ്പിലാക്കാനും ആലോചനയുണ്ട്. നഗരത്തിൽ തിരക്കുള്ള സ്ഥലങ്ങളിൽ മാഞ്ഞുപോയ സീബ്രാലൈനുകൾ അടിയന്തിരമായി വരക്കാൻ നിർദേശം നൽകി. പുതുക്കാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറി ഇറങ്ങുന്ന സമ്പ്രദായം അവസാനിപ്പിക്കും. ഇവിടെ വർധിച്ചു വരുന്ന അപകടങ്ങൾ കുറയ്ക്കാൻ ബസ് സ്റ്റാൻഡിനു മുൻവശത്ത് ബസ് ബൈ അനുവദിക്കും.
പൂങ്കുന്നത്തെ സിഗ്നൽ ലൈറ്റ് മാറ്റി സ്ഥാപിക്കും. നഗരത്തിൽ റോഡുകൾക്കു വളരെ അടുത്തായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി. സിറ്റി പോലീസ് മേധാവി ജി എച്ച് യതീഷ് ചന്ദ്ര, ആർ ടി ഒ ആർ. രാജീവ്, ജോയിന്റ് ആർ ടി ഒ ബി. ശ്രീപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

date