Skip to main content

ഗവർണർ പി. സദാശിവത്തിന് സംസ്ഥാന സർക്കാരിന്റെ സ്‌നേഹനിർഭര യാത്രയയപ്പ്

 

*മതേതരമൂല്യം ഉയർത്തിപ്പിടിച്ച വ്യക്തിത്വം: മുഖ്യമന്ത്രി

സംസ്ഥാന ഗവർണറായി അഞ്ച് വർഷം പൂർത്തിയാക്കിയ ഗവർണർ പി. സദാശിവത്തിന് സംസ്ഥാന സർക്കാരിന്റെ സ്‌നേഹനിർഭര യാത്രയയപ്പ്. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഗവർണർ പി. സദാശിവം ഭാര്യ സരസ്വതിക്കൊപ്പമാണ് പങ്കെടുത്തത്.

മതേതരമൂല്യം ഉയർത്തിപ്പിടിച്ച വ്യക്തിത്വമാണ് കേരളത്തിന്റെ ഗവർണർ പദവിയിൽ നിന്ന് പടിയിറങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹ്യനീതി, ലിംഗസമത്വം എന്നിവയിൽ അദ്ദേഹത്തിന്റെ നിലപാടുകൾ മാതൃകപരമാണ്. പ്രകൃതി ദുരന്തങ്ങൾ, പകർച്ച വ്യാധികൾ എന്നിവ കേരളത്തെ ബാധിച്ച വേളയിലെല്ലാം സർക്കാരിനൊപ്പം നിന്നു. പരസ്പരധാരണയോടു കൂടിയ ഒരു സഹോദരബന്ധമാണ് ഗവർണറുമായി ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരിതബാധിതരോട് എപ്പോഴും അദ്ദേഹം സഹാനുഭൂതി പുലർത്തി. സർക്കാരുമായി നല്ല ബന്ധമായിരുന്നു. ഒരിക്കൽ പോലും സംസ്ഥാനവുമായി ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായില്ല. ഭരണഘടനയുടെ മൂല്യം ഉയത്തിപ്പിടിച്ചുകൊണ്ടാണ് എപ്പോഴും പ്രവർത്തിച്ചത്. അദ്ദേഹം കടന്നുപോയ എല്ലാ മേഖലകളിലും, ജസ്റ്റിസ് മുതൽ ഗവർണർ വരെ, വ്യക്തിമുദ്ര പതിപ്പിച്ചു. മലയാളികളോടുള്ള സ്‌നേഹവും മമതയും അടുപ്പവും എപ്പോഴും അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം പ്രളയമുണ്ടായപ്പോൾ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി അദ്ദേഹം മാതൃക കാട്ടി. ഗവർണർ പദവിയിൽ അദ്ദേഹം തുടരുമെന്നാണ് പ്രതീക്ഷിച്ചത്. കേരളത്തിന് അദ്ദേഹം നൽകിയ എല്ലാ സഹായങ്ങൾക്കും സംസങ്ങഥാനത്തിനു വേണ്ടിയും ജനങ്ങൾക്കായും നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഗവർണർ പി. സദാശിവത്തിന് മുഖ്യമന്ത്രി ഓണപ്പുടവ നൽകി. ഒപ്പം കേരളത്തിന്റെ സ്‌നേഹസമ്മാനവും കൈമാറി. അദ്ദേഹത്തിന്റെ പത്‌നി സരസ്വതിക്ക് മുഖ്യമന്ത്രിയുടെ ഭാര്യ കമല ഓണപ്പുടവ സമ്മാനിച്ചു.

ഗവർണർ പദവി സൃഷ്ടിപരമായി വിനിയോഗിക്കാൻ അദ്ദേഹത്തിന് സാധിച്ചതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ജനകീയ ബന്ധം സ്ഥാപിച്ച ഗവർണർ ആയിരുന്നു. നൂറു കണക്കിന് ജനകീയ ചടങ്ങിലാണ് അദ്ദേഹം സംബന്ധിച്ചത്. നിയമസഭാ നടപടികൾ സൂക്ഷ്മമായി നിരീക്ഷിച്ച് അഭിപ്രായം യഥാസമയം അറിയിച്ചിരുന്നതായും സ്പീക്കർ പറഞ്ഞു. കേരളം പ്രതിസന്ധിയിൽ ആയപ്പോഴെല്ലാം അദ്ദേഹം സംസ്ഥാനത്തിനൊപ്പം നിന്നതായി ചടങ്ങിൽ സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ. കെ. ബാലൻ, കെ. കൃഷ്ണൻകുട്ടി, കെ. രാജു, വി. എസ്. സുനിൽകുമാർ, എ. സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, രാമചന്ദ്രൻ കടന്നപ്പള്ളി, ജി. സുധാകരൻ, ഡോ. കെ.ടി. ജലീൽ, ഡോ. ടി. എം. തോമസ് ഐസക്ക്, ടി. പി. രാമകൃഷ്ണൻ, ജെ. മേഴ്‌സിക്കുട്ടിയമ്മ, എം.എൽ.എമാരായ പി.സി. ജോർജ്, ഒ. രാജഗോപാൽ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്് ബെഹ്‌റ, വിവിധ സർവകലാശാല വൈസ് ചാൻസലർമാർ, കമ്മീഷൻ അധ്യക്ഷർ, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു. ചീഫ് സെക്രട്ടറി ടോം ജോസ് നന്ദി പറഞ്ഞു.

 

പി.എൻ.എക്സ്.3225/19

date