Skip to main content

ഓണസമൃദ്ധി: ജില്ലയിൽ കൃഷിവകുപ്പിന്റെ  166 വിപണികൾ · കൃഷിഭവൻ-കർഷക കൂട്ടായ്മയിൽ 108 വിപണികൾ · ഹോർട്ടികോർപ്പിന്റെ 48 വിപണികളും

ആലപ്പുഴ: ഓണക്കാലത്ത് വിഷരഹിത നാടൻ പഴം-പച്ചക്കറികളുടെ സംഭരണവും വിപണനവും ലക്ഷ്യം വച്ച് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഓണസമൃദ്ധി-2019 എന്ന പേരിൽ സെപ്റ്റംബർ 7 മുതൽ 10 വരെ ഓണവിപണി ഒരുക്കുന്നു. ആലപ്പുഴ ജില്ലയിൽ കൃഷിഭവൻ-കർഷക കൂട്ടായ്മയിൽ 108 വിപണികളും ഹോർട്ടികോർപ്പിന്റെ 48 വിപണികളും വി.എഫ്.പി.സി.കെയുടെ 10 വിപണികളുമാണുള്ളത്. 
കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ കർഷകർക്ക് പൊതു വിപണികളിൽ നിന്നും ലഭ്യമാകുന്ന അതാത് ഇനങ്ങളുടെ സംഭരണ വിലയേക്കാൾ 10 ശതമാനം അധികം വില നൽകി സംഭരിച്ചശേഷം വിപണികളിലൂടെ വിൽപന നടത്തുമ്പോൾ പൊതു വിപണി വിലയിൽ നിന്നും 30 ശതമാനം കുറഞ്ഞ നിരക്കിൽ  ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.
നല്ല കൃഷി മുറ സമ്പ്രദായത്തിലൂടെ ഉദ്പാദിപ്പിച്ച പച്ചക്കറി ഉൽപന്നങ്ങൾ പൊതു വിപണികളിൽ നിന്നും കർഷകർക്ക് ലഭ്യമാകുന്ന സംഭരണ വിലയേക്കാൾ 20 ശതമാനം അധികം വില നൽകി സംഭരിക്കുന്നതും, പൊതു വിപണി വിൽക്കുന്ന വിലയിൽ നിന്ന് 10 ശതമാനം സബ്‌സിഡി നൽകി കൊണ്ടുള്ള നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതുമാണ്. വിപണി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അതത് കൃഷിഭവനുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. 

date