Skip to main content

വ്യത്യസ്ത ചിന്താഗതിക്കാരെ ഇല്ലാതാക്കുന്നത്  രാജ്യത്തിന് ഭൂഷണമല്ല: പ്രൊഫ. തോമസ് മാത്യു

വ്യത്യസ്തമായി ചിന്തിക്കുന്നവനെ വച്ചു പൊറുപ്പിക്കരുത് എന്നുള്ള വീക്ഷണഗതി ഒരു രാജ്യത്തിനും സംസ്‌കാരത്തിനും ഭൂഷണമല്ലെന്ന് പ്രമുഖ എഴുത്തുകാരൻ പ്രൊഫ. എം തോമസ് മാത്യു. തൃശൂർ പ്രസ്‌ക്ലബ് എം ആർ നായർ ഹാളിൽ 'ബഹുസ്വരത നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് സ്മാരകപ്രപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാര്യം പറഞ്ഞാൽ അവനെ ജീവിക്കാനനുവദിക്കില്ലെന്നും നാടുകടത്തുമെന്നും ഒരു ലജ്ജയുമില്ലാതെ അധികാരികൾതന്നെ പറയുന്നത് അപകട സൂചനയാണ്. 
ഒരു ശൈലിയും ഒരു പ്രതീകവും മാത്രം മതി, ഇത് മാറ്റിയാൽ അത്തരക്കാർ ഇവിടെ നിൽക്കേണ്ടവരല്ലെന്ന് പ്രചരിപ്പിക്കുന്നത് ആപൽക്കരമാണ്. സംവാദങ്ങളാണ് മനുഷ്യനെ യഥാർഥ മനുഷ്യനാക്കി മാറ്റുന്നത്. തന്റേത് മാത്രമാണ് ശരിയെന്നത് അസഹിഷ്ണുതയുടെ പച്ചയായ ലക്ഷണമാണ്. അസഹിഷ്ണുത എന്നത് സത്യാന്വേഷണത്തിന്റെ ബദ്ധശത്രുവും. ഞാൻ കാണുന്നതിനപ്പുറവും മറ്റൊരു സത്യമുണ്ടായിരിക്കാമെന്ന് മനസ്സിലാക്കാൻ നന്മയുള്ള മനസ്സുള്ളവർക്കേ കഴിയൂ. 
സത്യത്തിന്റെയും ധർമത്തിന്റെയും പുതിയ വിതാനങ്ങൾ സൃഷ്ടിച്ചാണ് മനുഷ്യർ അർത്ഥവത്തായ വിപ്ലവങ്ങൾ നടത്തിയിട്ടുള്ളത്. വിപ്ലവമെന്നാൽ ബസിന് കല്ലെറിയലല്ല. വിപ്ലവം സത്യത്തിന്റെയും ധർമത്തിന്റെയും പ്രതീകങ്ങളാണ്. മഹാപ്രതിഭകളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതും, അവരോട് രാജ്യം വിടാൻ പറയുന്നതും അസഹിഷ്ണുതയുടെ മൂർത്തീഭാവങ്ങളാണ്. കാലങ്ങളായി നമ്മുടെ രാജ്യത്ത് നിലനിന്നിരുന്ന സമാധന- സഹോദര്യ അന്തരീക്ഷം ആദർശങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ളതായിരുന്നു. 
ഇന്ന് ആദർശങ്ങളെല്ലാം ഉപേക്ഷിച്ച് അടവുനയങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ജനാധിപത്യമെന്നാൽ അടവുനയമല്ല, അത് മനുഷ്യനെ കുറിച്ചുള്ള സങ്കൽപ്പത്തിൽനിന്ന് ഉണ്ടാകേണ്ടതാണ്. ഞാൻ നിർദേശിക്കുന്നത് മതി, ഞാനാണ് സത്യത്തിന്റെ പ്രവാചകൻ എന്ന രീതിയിലുള്ള ചിന്ത ആപൽക്കരമാണ്. അത് ഇരുണ്ട കാലത്തേക്കാണ് നമ്മേ കൊണ്ടെത്തിക്കുന്നതെന്ന് തോമസ് മാത്യു പറഞ്ഞു. 
കേരള മീഡിയ അക്കാദമിയുടെയും ഫ്രീഡം ഫൈറ്റേഴ്‌സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മീഡിയ അക്കാദമി ജനറൽ കൗൺസിൽ അംഗം എം കെ കുര്യാക്കോസ് അധ്യക്ഷനായി. പി ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണപ്രഭാഷണം നടത്തി. ഡോ. പി വി കൃഷ്ണൻനായർ, തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ് കെ പ്രഭാത് എന്നിവർ സംസാരിച്ചു. ഷൈനസ് മാർക്കോസ് സ്വാഗതവും സി ബി എസ് മണി നന്ദിയും പറഞ്ഞു.

date