Skip to main content

കാവിൽക്കടവ് പാർക്ക് നവീകരണത്തിന്  25 ലക്ഷം രൂപയുടെ ടെണ്ടറിന് അനുമതി

കൊടുങ്ങല്ലൂർ കാവിൽക്കടവിലെ നഗരസഭാ പാർക്ക് നവീകരണത്തിന് 25 ലക്ഷം രൂപയുടെ ടെണ്ടറിന് അനുമതി. അഡ്വ. വി. ആർ സുനിൽകുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന പാർക്കിന്റെ ടെണ്ടറിന് നഗരസഭ കോൺ്ഫറൻസ് ഹാളിൽ ചെയർമാൻ കെ.ആർ. ജൈത്രന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് അംഗീകാരം നൽകിയത്. നവീകരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി കൂടുതൽ കളിയുപകരണങ്ങൾ വാങ്ങും. നിലം പുല്ല് പാകി ഭംഗിയാക്കൽ, കൂടുതൽ പൂച്ചെടികൾ വെച്ചു പിടിപ്പിക്കൽ എന്നിവ നടത്തും. ചന്തപ്പുരയിലെ ദളവാക്കുളത്തിന് ചുറ്റും വിട്രിഫൈഡ് ടൈലുകൾ പാകിയതിനും കൈവരികൾ വെച്ചതിനും പുറമെ ഇരിപ്പിടങ്ങൾ, പൂച്ചെടികൾ, എൽ.ഇ.ഡി. ബൾബുകൾ എന്നിവ സ്ഥാപിച്ച് കൂടുതൽ ഭംഗിയാക്കും. 2019-20 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 59 പൊതുമരാമത്ത് പ്രവൃത്തികളുടെ ടെണ്ടറുകൾക്കും അംഗീകാരമായി. 
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചെലവിട്ട് നിർമ്മിക്കുന്ന താണിയത്ത് ടെമ്പിൾ റോഡ് നിർമ്മാണത്തിനും അനുമതി നൽകിയിട്ടുണ്ട്. മഴക്കെടുതിയിൽ ഇടിഞ്ഞു പോയ ആവില കോൺവെന്റിന് സമീപമുള്ള ശൃംഗപുരം തോടിന്റെ സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെടുവാനും കൗൺസിൽ യോഗത്തിൽ തീരുമാനമായി.
ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി നഗരസഭ ഓഫീസിൽ ഇനി മുതൽ പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തും. ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പു വരുത്തുന്നതിനുമാണ് പുതിയ പരിഷ്‌കാരം. ബയോമെട്രിക് മെഷീനുകൾ വാങ്ങിയാണ് അറ്റൻഡൻസ് മാനേജ്‌മെന്റ് സംവിധാനം സ്ഥാപിക്കുക. യോഗത്തിൽ നഗരസഭയിലെ മൂന്ന് ലൈബ്രറികളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സാംസ്‌കാരിക പ്രവർത്തകരെ ഉൾപ്പെടുത്തി ലൈബ്രറി ഉപദേശക സമിതിയും, പട്ടികജാതി മേഖലയിലെ വികസനപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് പട്ടികജാതി വിഭാഗത്തിൽ പെട്ട കൗൺസിലർമാരെ ഉൾപ്പെടുത്തി നിരീക്ഷണ കമ്മിറ്റിയും രൂപീകരിച്ചു.

date