Skip to main content

ഓണ സമൃദ്ധി' കാര്‍ഷിക വിപണി ശനിയാഴ്ച മുതല്‍        ഉദ്ഘാടനം മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വഹിക്കും.

ഓണ നാളുകളില്‍ ശുദ്ധവും സുരക്ഷിതവുമായ ഭക്ഷ്യോത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന 'ഓണ സമൃദ്ധി'കാര്‍ഷിക വിപണിക്ക് ജില്ലയില്‍ നാളെ (സെപ്തംബര്‍ ഏഴ്) തുടക്കമാകും. ജില്ലാതല ഉദ്ഘാടനം ഉച്ചക്ക് രണ്ടിന് മലപ്പുറം കുന്നുമ്മല്‍ ചര്‍ച്ചിന് സമീപം തയ്യാറാക്കിയ വിപണന കേന്ദ്രത്തില്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിക്കും.
വിപണി വിലയേക്കാള്‍ 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്നും ഉപഭോക്താക്കള്‍ക്ക് പഴം-പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. സെപതംബര്‍ ഏഴു മുതല്‍ 10 വരെയാണ് കാര്‍ഷിക ചന്തകള്‍ പ്രവര്‍ത്തിക്കുക. വിവിധ കൃഷി ഭവനുകളുടെയും  കൃഷി ഫാമുകളുടെയും ആഭിമുഖ്യത്തില്‍ 120 ചന്തകളും ഹോര്‍ട്ടികോര്‍പ്പിന്റെ 20 ചന്തകളും വി.എഫ്.പി.സി.കെയുടെ 10 ചന്തകളുമാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുക.
ഓണക്കാലത്ത് വിപണിയിലുണ്ടാകുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനും കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കുന്നതിനുമായാണ് ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, കര്‍ഷക കൂട്ടായ്മകളുടെ സഹകരണത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷിക വിപണി സംഘടിപ്പിക്കുന്നത്. ഓണചന്തകള്‍ക്കാവശ്യമായ പഴം, പച്ചക്കറി ഉത്പന്നങ്ങള്‍ ജില്ലയിലെ കര്‍ഷകരില്‍ നിന്നുമാണ് സംഭരിക്കുക. കര്‍ഷകര്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിച്ച വിഷരഹിതമായ ഉത്പന്നങ്ങള്‍ നിലവിലെ സംഭരണവിലയെക്കാള്‍ 10 ശതമാനം അധിക വില നല്‍കിയാണ് സംഭരണം. സംസ്ഥാനത്ത് ഉത്പാദനമില്ലാത്തതും ഉത്പാദനത്തേക്കാള്‍ അധികം ആവശ്യമുള്ളതുമായ ഉത്പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് വഴിയും സംഭരിച്ച് വിപണിയിലെത്തിക്കും.
ജില്ലയിലെ ഓണ കാര്‍ഷിക വിപണികളുടെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനാവും. ആദ്യ വില്‍പ്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ചടങ്ങില്‍ സംബന്ധിക്കും.
 

date